( ആലിഇംറാന്‍ ) 3 : 80

وَلَا يَأْمُرَكُمْ أَنْ تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْبَابًا ۗ أَيَأْمُرُكُمْ بِالْكُفْرِ بَعْدَ إِذْ أَنْتُمْ مُسْلِمُونَ

മലക്കുകളെയും നബിമാരെയും റബ്ബുകളായി സ്വീകരിക്കാന്‍ അവന്‍ ഒരിക്കലും നിങ്ങളോട് കല്‍പ്പിക്കുകയില്ല, നിങ്ങള്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവരായിക്കഴിഞ്ഞിരിക്കെ നിങ്ങളോട് അവന്‍ സത്യനിഷേധം കല്‍പിക്കുകയോ.

'ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നതുപോലെ നിങ്ങള്‍ ഉടമയുടെ പ്രൗഢരായ പ്രതിനിധികളായിത്തീരുക (റബ്ബാനിയ്യീങ്ങളാവുക)' എന്നുപറഞ്ഞതിന്‍റെ വിവക്ഷ, ഗ്രന്ഥം മുറുകെപ്പിടിച്ച് മറ്റാരെയും ആശ്രയിക്കാതെ അല്ലാഹുവിനെ മാത്രം ആശ്രയിച്ച് സ്വയം പര്യാപ്തരും തലയുയര്‍ത്തിക്കൊണ്ട് ആരെയും ഭയപ്പെടാതെ ഭൂമിയിലെവിടേയും ചരിക്കുന്ന പ്രൗഢരായിത്തീരുക എന്നാണ്. 67: 22 ല്‍, അപ്പോള്‍ ഭൂമിയില്‍ മുഖം കുത്തി എല്ലാവരെയും ഭയപ്പെട്ടും ആശ്രയിച്ചും പിടിവള്ളിയില്ലാതെ നടക്കുന്നവരാണോ അതോ തലയുയര്‍ത്തിക്കൊണ്ട് അല്ലാഹുവിനെ മാത്രം ആശ്രയിച്ചുകൊണ്ട് നടക്കുന്നവരാണോ സന്മാര്‍ഗത്തിലെന്ന് ചോദിച്ചിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അല്ലാഹുവിനെ മറന്നുകൊണ്ട് മറ്റുള്ളവരെ പേടിച്ചും ആശ്രയിച്ചും ഇഹലോകത്ത് ജീവിക്കുന്നവര്‍ മുഖം കുത്തി നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നവരും ഏറ്റവും വഴിപിഴച്ച മാര്‍ഗത്തിലുമാണെന്ന് 17: 97 ലും 25: 34 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിച്ച അവന്‍റെ ഇഷ്ടദാസന്മാര്‍ 'ഞങ്ങളെ നീ അദ്ദിക്റിനെ പിന്‍പറ്റുന്ന സൂക്ഷ്മാലുക്കള്‍ക്ക് മുന്നില്‍ നടക്കുന്ന ഇമാമുകളാക്കേണമേ' എന്ന് പ്രാര്‍ത്ഥിക്കുന്നവരാണെന്ന് 25: 74 ല്‍ പറഞ്ഞിട്ടുണ്ട്. ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥം കൊണ്ട് നിങ്ങള്‍ പ്രൗഢരായി അഹങ്കരിക്കുന്നില്ലേ? അതോ, നിങ്ങളുടെ ഹൃദയങ്ങള്‍ അതുകൊള്ളെ താഴിട്ട് പൂട്ടിയിരിക്കുകയാണോ എന്ന് 47: 24 ല്‍ അല്ലാഹു ചോദിക്കുന്നു. നാമാണ് അനുഗ്രഹീതമായ ഈ ഗ്രന്ഥം നിനക്ക് ഇറക്കിയിട്ടുള്ളത്, അതിന്‍റെ സൂക്തങ്ങളില്‍ നിങ്ങള്‍ ചിന്തിച്ച് പ്രൗഢരാകുന്നതിനുവേണ്ടിയും ബുദ്ധിമാന്മാരെ അതുകൊണ്ട് ഹൃദയം കൊണ്ട് ഓര്‍മ്മിപ്പിക്കുന്നതിനുവേണ്ടിയും എന്ന് 38: 29 ല്‍ പറഞ്ഞിട്ടുണ്ട്. 4: 82 ല്‍ അപ്പോള്‍ അവര്‍ ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥം കൊണ്ട് പ്രൗഢരാകുന്നില്ലേ, അത് അല്ലാഹുവില്‍ നിന്നുള്ളത് അല്ലായിരുന്നുവെങ്കില്‍ അതില്‍ അവര്‍ ധാരാളം ഭിന്നതകള്‍ കാണുമായിരുന്നു എന്നുപറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് 'ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട അദ്ദിക്റാണ് ഐശ്വര്യം (പ്രമാണിത്തം), അതിന് ശേഷം ദാരിദ്ര്യമില്ല, അതുകൂടാതെ ഐശ്വര്യവുമില്ല' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരുള്‍. 

ഒരു പ്രവാചകനോ നബിയോ വിശ്വാസിയോ അല്ലാഹുവിനെക്കൂടാതെ എന്നെ നിങ്ങള്‍ സേവിക്കുവീന്‍ എന്ന് ജനങ്ങളോട് പറയുകയില്ല. മറിച്ച് 41: 41-42 സൂക്തങ്ങളില്‍ പറഞ്ഞ അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നതുപോലെയും നിങ്ങള്‍ അത് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും നാഥന്‍റെ പ്രൗഢരായ പ്രതിനിധികളായ അടിമകളായിത്തീരുക എന്നാണ് പറയുക. മൂസാ, ഈസാ, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാരുടെ കാലത്ത് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള, സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന വിശ്വാസിക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായ 16: 89 ല്‍ പറഞ്ഞ അദ്ദിക്ര്‍ എന്ന ഗ്രന്ഥം ത്രികാലജ്ഞാനിയായ നാഥന്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെടുത്തിയിരിക്കുന്നു. 2: 256; 3: 101; 4: 174-175; 5: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പൊട്ടിപ്പോകാത്ത പാശമായ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവര്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ പഠിപ്പിക്കുന്നത് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് മറ്റൊരു ഇലാഹും നാഥനും രാജാവുമില്ല എന്നാണ്. വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയോ 2: 132; 3: 102 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നാഥന് സര്‍വ്വസ്വം സമര്‍പ്പിച്ച അവസ്ഥയില്‍ മുസ്ലിമാ യി മരണപ്പെടുകയോ ഇല്ല. 2: 136-137; 3: 64; 4: 150-151; 11: 54-56 വിശദീകരണം നോക്കുക.