( ആലിഇംറാന്‍ ) 3 : 95

قُلْ صَدَقَ اللَّهُ ۗ فَاتَّبِعُوا مِلَّةَ إِبْرَاهِيمَ حَنِيفًا وَمَا كَانَ مِنَ الْمُشْرِكِينَ

നീ പറയുക: അല്ലാഹു അരുളിയിട്ടുള്ളതാണ് സത്യം, അപ്പോള്‍ നിങ്ങള്‍ ഋജുമാനസനായ ഇബ്റാഹീമിന്‍റെ ചര്യ പിന്‍പറ്റുക, അവന്‍ ഒരിക്കലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനുമായിരുന്നില്ല.

സ്വിദ്ഖ് (സത്യം) അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. ആരാണോ സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞത്, അവനോട് അവന്‍റെ മരണസമയത്ത് നാഥന്‍: നീ സത്യത്തെ സത്യപ്പെടുത്തിയില്ല, അതുകൊണ്ട് നമസ്കരിച്ചിട്ടുമില്ല. നീ അതിനെ തള്ളിപ്പറഞ്ഞുകൊണ്ട് പിന്തിരിഞ്ഞുപോയി എന്ന് പറയുന്നതാണെന്ന് 75: 31-32 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 74: 40-47 സൂക്തങ്ങളില്‍, അവര്‍ സ്വര്‍ഗപ്പൂന്തോപ്പുകളില്‍ വെച്ച് ഭ്രാന്തന്മാരെക്കുറിച്ച് എന്തൊന്നാണ് നിങ്ങളെ സഖറിലേക്ക് കടത്തിവിട്ടത് എന്ന് ചോദിക്കുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല. ഞങ്ങള്‍ അഗതികളെ ഭക്ഷിപ്പിക്കുന്നവരുമായിരുന്നില്ല. ഞങ്ങള്‍ പരിഹസിക്കുന്നവരോടൊപ്പം പരിഹസിക്കുന്നവരുമായിരുന്നു. ഞങ്ങള്‍ക്ക് ഉറപ്പ് -മരണം- വന്നെത്തുന്നതുവരെ ഞങ്ങള്‍ വിധിദിവസത്തെ കളവാക്കി തള്ളിപ്പറയുന്നവര്‍ തന്നെയുമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ മാത്രമാണ് ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള എല്ലാ പ്രവാചകന്മാരുടേയും നബിമാരുടേയും വിശ്വാസികളുടേയും സ്വര്‍ഗത്തിലേക്കുള്ള ഏകപാത എന്ന് 6: 153 ല്‍ പറഞ്ഞിട്ടുണ്ട്. 

ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന കുഫ്ഫാറുകള്‍ നാഥനില്‍ നിന്നുള്ള അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് മുസൈലിമത്തുല്‍ കദ്ദാബ് മുതലുള്ള 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും അവര്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളെ പിന്‍പറ്റിക്കൊണ്ട് അദ്ദിക്റിന് വിരുദ്ധമായ ജീവിതം നയിക്കുന്നവരുമാണ്. പ്രഭാഷണങ്ങളിലും ജുമുഅ ഖുതുബകളിലും മറ്റും ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ ഉദ്ധരിച്ചതിനുശേഷം മഹാനായ അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു(സ്വദഖല്ലാഹുല്‍ അളീം) എന്നുപറയുന്ന ഫുജ്ജാറുകളുടെ ചര്യ പ്രവാചകന്‍റെയും വിശ്വാസികളുടേതുമല്ല, മറിച്ച് പിശാചിന്‍റെ ചര്യക്ക് വിധേയരായ കപടവിശ്വാസികളുടേതാണ്. അദ്ദിക്ര്‍ വായിച്ച് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുകയും അദ്ദിക്റിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയുമാണ് വേണ്ടത്. ജുമുഅ ഖുതുബകളില്‍ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ പാരായണം ചെയ്ത ശേഷം 'മഹാനായ അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു' എന്ന് അല്ലാഹുവിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഇത്തരം കപടവിശ്വാസികളെയും അത് കേട്ടിരിക്കുന്ന കാഫിറുകളെയും നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടുമെന്ന് 4: 140 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 135-140; 3: 65-68; 48: 29 വിശദീകരണം നോക്കുക.