( ആലിഇംറാന്‍ ) 3 : 97

فِيهِ آيَاتٌ بَيِّنَاتٌ مَقَامُ إِبْرَاهِيمَ ۖ وَمَنْ دَخَلَهُ كَانَ آمِنًا ۗ وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ

അതില്‍ വ്യക്തമായ തെളിവുകളുണ്ട്, ഇബ്റാഹീമിന്‍റെ സ്ഥാനം, ആര് അതി ല്‍ പ്രവേശിച്ചുവോ അവന്‍ സുരക്ഷിതനായി, ആ മന്ദിരത്തിലേക്ക് എത്തിച്ചേരാന്‍ കഴിവുള്ളവര്‍ക്ക് അവിടേക്ക് തീര്‍ത്ഥാടനം ചെയ്യല്‍ മനുഷ്യര്‍ക്ക് അല്ലാഹു വിനോടുള്ള കടമയാണ്, ആരെങ്കിലും ഈ വസ്തുത നിഷേധിക്കുകയാണെങ്കി ല്‍ അപ്പോള്‍ നിശ്ചയം അല്ലാഹു സര്‍വ്വലോകരെത്തൊട്ടും ആവശ്യമില്ലാത്ത ഐശ്വര്യവാന്‍ തന്നെയാകുന്നു.

'അവിടെ എത്തിപ്പെടാന്‍ സാധിക്കുന്നവര്‍ക്ക്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ധനം കൊണ്ടും ശരീരം കൊണ്ടും അവിടെ എത്തിപ്പെടാന്‍ കഴിയുന്നവര്‍ക്ക് എന്നാണ്. നമസ്കാരവും നോമ്പും സകാത്തുമെല്ലാം വിശ്വാസികളോട് മാത്രമാണ് കല്‍പിക്കുന്നതെങ്കില്‍ ഹജ്ജ് ചെയ്യാന്‍ കല്‍പിച്ചിട്ടുള്ളത് മനുഷ്യരോടാണ്. അഥവാ വിശ്വാസിയായിട്ടില്ലെങ്കിലും സാധിക്കുന്ന സമയത്ത് ഹജ്ജ് നിര്‍വ്വഹിച്ചാല്‍ പിന്നീട് അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി യഥാര്‍ത്ഥ വിശ്വാസിയായി മാറി നിര്‍വ്വഹിച്ച ഹജ്ജ് സ്വീകരിക്കപ്പെടുന്നതാക്കി മാറ്റാവുന്നതാണ്. അല്ലാതെ 73: 19; 76: 29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ സ്വര്‍ഗത്തിലേക്ക് എത്തിപ്പെടാനുള്ള ടിക്കറ്റായ അദ്ദിക്ര്‍ കൊണ്ടല്ലാതെ വിശ്വാസിയാവുകയോ ഹജ്ജ് സ്വീകരിക്കപ്പെടുകയോ ഇല്ല. 'ആരെങ്കിലും ഈ വസ്തുത നിഷേധിക്കുകയാണെങ്കില്‍ അല്ലാഹു സര്‍വ്വലോകരെത്തൊട്ടും ആവശ്യമില്ലാത്ത ഐശ്വര്യവാനാണ്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ നിഷ്പക്ഷവാനായ അല്ലാഹു സ്വര്‍ഗ്ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളുമടങ്ങിയ അദ്ദിക്ര്‍ എല്ലാ ഓരോരുത്തര്‍ക്കും (ആത്മാവിന്) സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ പഠിപ്പിച്ചിരിക്കെ അത് ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോകുന്നുവെങ്കില്‍ അതിന്‍റെ ഗുണം അവനുതന്നെയാണ്. മറിച്ച് അതിനെ മൂടിവെച്ച് നരകത്തിലേക്ക് പോകുന്നുവെങ്കില്‍ അതിന്‍റെ ദോഷവും ആ ആത്മാവിന് തന്നെയാണ് എന്നാണ്. 29: 6 അവസാനിക്കുന്നതും 'നിശ്ചയം അല്ലാഹു സര്‍വ്വലോകരെത്തൊട്ടും ഐശ്വര്യവാന്‍ തന്നെയാണ് എന്ന് പറഞ്ഞുകൊണ്ടാണ്. 2: 125, 186; 30: 30-32; 48: 6, 24-25 വിശദീകരണം നോക്കുക.