നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(33) അഹ്സാബ്
മദീനയില്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്ന കപടവിശ്വാസികളും കാഫിറുക ളും 'സംഘങ്ങള്‍' പോയിട്ടില്ല എന്ന് കണക്കുകൂട്ടുന്നവരാണെന്ന് സൂക്തം 20 ല്‍ പറഞ്ഞി ട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് 'അഹ്സാബ്'-സംഘങ്ങള്‍-എന്ന പേര് ലഭിച്ചത്. പ്രവാചകന്‍റെ മദീനാജീവിതത്തിന്‍റെ അഞ്ചാം വര്‍ഷത്തില്‍ അവതരിപ്പിച്ചിട്ടുള്ളതാണ് 73 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത്.
പ്രവാചകനെ വിളിച്ച് കാഫിറുകളെയും കപടവിശ്വാസികളെയും അനുസരിക്കരുത്, നിനക്ക് നിന്‍റെ നാഥനില്‍ നിന്നും ദിവ്യസന്ദേശമായി ലഭിച്ചത് നീ പിന്‍പറ്റുകയും അവനില്‍ സര്‍വ്വസ്വം ഭരമേല്‍പിച്ച് നിലകൊള്ളുകയും ചെയ്യുക എന്ന് പറഞ്ഞതില്‍ നിന്നും, എക്കാലത്തുമുള്ള വിശ്വാസികളോട്: അവരുടെ ജനതയില്‍ പെട്ട കപടവിശ്വാസികളെയും ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗമുള്ള കാഫിറുകളെയും അനുസരിക്കരുതെന്നും അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യണമെന്നും പഠിപ്പിക്കുന്നു. മദീനയില്‍ പ്രവാചകനെയും സംഘത്തെയും നശിപ്പിക്കാന്‍ വേണ്ടി ഇരമ്പിവന്ന കാഫിറുകളുടെ സംഘങ്ങളെ യാതൊന്നും നേടാന്‍ കഴിയാതെ പിന്തിരിപ്പിച്ചയച്ച സംഭവചരിത്രം വിവരിക്കുന്നതിലൂടെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് പ്രപഞ്ചനാഥനെ സ ഹായിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളെ അവന്‍ സഹായിക്കുകതന്നെ ചെയ്യുമെന്ന് പഠിപ്പിക്കുന്നു, അത് കപടവിശ്വാസികള്‍ക്കും കാഫിറുകള്‍ക്കും എത്ര അരോചകമാണെങ്കിലും ശരി. മദീനയില്‍ ജൂതഗോത്രങ്ങളില്‍ നിന്ന് അവശേഷിച്ചിരുന്ന ബനൂഖുറൈള ഗോത്രക്കാര്‍ പ്രവാചകനുമായി ചെയ്തിരുന്ന ഉടമ്പടി ലംഘിച്ച് സഖ്യകക്ഷികളുടെ ഒറ്റുകാരായി വര്‍ത്തിച്ചതിനെത്തുടര്‍ന്ന് അവരുടെ കോട്ട ഉപരോധിക്കുകയും അവരുടെ മദീനയിലുള്ള അധിവാസം അവസാനിപ്പിക്കുകയുമുണ്ടായി. കരാര്‍ ലംഘിക്കുന്നവരുമായി യാതൊരു തരത്തിലുള്ള രഞ്ജിപ്പും ഉണ്ടായിക്കൂടാ എന്നാണ് ഇതുവഴി പഠിപ്പിക്കുന്നത്.
വിശ്വാസവും നിഷേധവും ഒരാളില്‍ സമ്മേളിക്കുകയില്ല എന്നും ദത്തുപുത്രന്മാര്‍ സ്വപുത്രന്മാരല്ലെന്നും അവര്‍ക്ക് അനന്തരാവകാശത്തിന് അര്‍ഹതയില്ലെന്നും പഠിപ്പിക്കു ന്നതോടൊപ്പം അവരുടെ ഭാര്യമാരെ അവര്‍ വിവാഹമോചനം ചെയ്തശേഷം വിവാഹം ചെയ്യുന്നതിന് വിരോധമില്ല എന്നും പഠിപ്പിക്കുകയുണ്ടായി. വിശ്വാസികളായ പുരുഷന്മാര്‍ ക്കും സ്ത്രീകള്‍ക്കും ഉണ്ടായിരിക്കേണ്ട സ്വഭാവങ്ങളും അവര്‍ പരസ്പരം പാലിക്കേണ്ട പെരുമാറ്റചട്ടങ്ങളും സൂറത്തിലുടനീളം വിവരിച്ചിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് കപട വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരെ അന്ധമായി പിന്‍പറ്റുന്ന, അല്ലാ ഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിനുവേണ്ടിയും വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കുന്നതിന് വേണ്ടിയുമാണ് എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് ശപിക്കപ്പെട്ട കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന കാഫിറുകള്‍ വിധിദിവസം നരകത്തില്‍ കരിക്കപ്പെടുമ്പോള്‍, 'അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും മാര്‍ഗ്ഗത്തെത്തൊട്ട് ഞങ്ങളെ വഴിപിഴപ്പിച്ച കേമന്മാരായ നേതാക്കള്‍ക്ക് ഇരട്ടിശിക്ഷ നല്‍കേണമേ, അവരെ അധികരിച്ച് ശപിക്കുകയും ചെയ്യേണമേ' എന്ന് പഴിക്കുന്ന രംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിക്കുന്ന ശപിക്കപ്പെട്ട അത്തരം കപടവിശ്വാസികളും മനസ്സില്‍ രോഗമുള്ള അവരുടെ അനുയായികളും ഈസാ രണ്ടാമത് വന്നശേഷം മസീഹുദജ്ജാലിന്‍റെ കൂടെയുള്ള ജൂതപടയാളികളോടൊപ്പം വധിക്കപ്പെടുമെന്ന് 60-61 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.