( അന്നിസാഅ് ) 4 : 1

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا

ഓ മനുഷ്യരേ, നിങ്ങള്‍ നിങ്ങളെ ഒറ്റ ആത്മാവില്‍നിന്ന് സൃഷ്ടിച്ചിട്ടുള്ളവനായ നിങ്ങളുടെ നാഥനെ സൂക്ഷിക്കുവീന്‍, അതില്‍നിന്ന് അതിന്‍റെ ഇണയേയും അവന്‍ സൃഷ്ടിക്കുകയുണ്ടായി, അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും ലോകത്ത് പരത്തുകയുമുണ്ടായി, ഏതൊരുവനെക്കുറിച്ചാണോ നിങ്ങള്‍ ചോദിക്കപ്പെടുക, ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവീന്‍-ഗര്‍ഭപാത്രങ്ങളെയും, നിശ്ചയം അല്ലാഹു നിങ്ങളുടെമേല്‍ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവന്‍ തന്നെയായിരിക്കുന്നു.

സര്‍വ്വസ്രഷ്ടാവായ പ്രപഞ്ചനാഥന്‍ മനുഷ്യനെ സൃഷ്ടിച്ചത് മുട്ടിയാല്‍ ശബ്ദമുണ്ടാകുന്ന, ഒട്ടിപ്പിടിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന കറുത്ത കളിമണ്ണില്‍ നിന്നാണെന്ന് 15: 26; 32: 7 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആദമിനെ സൃഷ്ടിച്ചശേഷം ആദമിന്‍റെ ആത്മാവില്‍ നിന്ന് തന്നെ അവന്‍റെ ഇണയായ ഹവ്വായെയും സൃഷ്ടിച്ചു. 2: 28 ല്‍ വിവരിച്ച പ്രകാരം അല്ലാഹു ആദ്യമനുഷ്യനായ ആദമിനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും (ആത്മാവിനെ) സ്വര്‍ഗത്തില്‍ സൃഷ്ടിച്ചു. ശേഷം എല്ലാ മനുഷ്യരെയും അദ്ദിക്ര്‍ പഠിപ്പിക്കുകയും 7: 172-173 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവരില്‍ നിന്നെല്ലാം ഉടമ്പടി വാങ്ങുകയും ശേഷം അവരെയെല്ലാം ആദമിന്‍റെ മുതുകിലേക്ക് മടക്കുകയുമുണ്ടായി. ആദമിനെയും ഹവ്വയെയും ശരീരത്തോടുകൂടി കാറ്റിന്‍റെ താളാത്മകതയിലാണ് അല്ലാഹു സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറക്കിയത്. വിവിധ ഫലവൃക്ഷങ്ങളുടെ കായ്കനികള്‍ ഭക്ഷിച്ച് അവര്‍ ഭൂമിയില്‍ ജീവിച്ച് പോന്നു. അതില്‍ നിന്നും രക്തവും മാംസവും ഇന്ദ്രിയവും രൂപപ്പെട്ടു. 

പുരുഷനും സ്ത്രീയും ഇണ ചേരുമ്പോള്‍ രണ്ട് ആത്മാവും ഒന്നായിത്തീരുന്നു. 7: 189 ല്‍, അവന്‍ തന്നെയാണ് നിങ്ങളെ ഒരൊറ്റ ആത്മാവില്‍ നിന്ന് സൃഷ്ടിച്ചത്, അതില്‍ നിന്ന് തന്നെ അതിന്‍റെ ഇണയെ ഉണ്ടാക്കുകയും ചെയ്തു, അവന്‍ അവളിലേക്ക് ശാന്തിയടയേണ്ടതിന് വേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. 76: 2; 86: 5-7 സൂക്തങ്ങളില്‍ പരാമര്‍ശിച്ച പ്രകാരം പിതാവിന്‍റെ വൃഷ്ണ(സ്വുല്‍ബ്)ത്തില്‍ നിന്നും പുറപ്പെടുന്ന പുംബീജവും മാതാവിന്‍റെ ഇടുപ്പെല്ലി(തറാഇബ്)ല്‍ നിന്നും പുറപ്പെടുന്ന അണ്ഡവും ഒന്നായിച്ചേര്‍ന്നു ഗര്‍ഭാശയത്തിലെത്തി വളരാന്‍ ആരംഭിക്കുന്നു. 21: 30 ല്‍ പറഞ്ഞ പ്രകാരം വെള്ളത്തിന്‍റെ സാന്നിധ്യത്തില്‍ മാത്രമാണ് ജീവന്‍ നിലനില്‍ക്കുക. 22: 5 ലും 23: 14 ലും പരാമര്‍ശിച്ച പ്രകാരം ജീവനുള്ള ബീജ(നുത്വ്ഫ)മായി 40 ദിവസം, പിന്നെ രക്തപിണ്ഡ(അലഖ)മായി 40 ദിവസം, പിന്നെ മാംസപിണ്ഡ(മുള്ഗ)മായി 40 ദിവസം എന്നിങ്ങനെ വിവിധ ഘട്ടങ്ങള്‍ തരണം ചെയ്ത് നാലാം മാസത്തില്‍ പിതാവിന്‍റെ മുതുകിലുള്ള ആത്മാവിനെ മലക്കുമുഖേന മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ ജീവനുള്ള ഭ്രൂണത്തിലേക്ക് ആവാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ നാല് മാസം ആകുന്നതോടുകൂടി ശിശുവിന് റൂഹ് (ജീവന്‍+ആത്മാവ്) ലഭിക്കുന്നു. മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ നിശ്ചിത അവധി പിന്നിടുന്നതോടെ ശിശു ജനിച്ച് ഭൂമിയിലെത്തുന്നു. ഈ ഘട്ടങ്ങളെല്ലാം പിന്നിട്ടാണ് എല്ലാ മനുഷ്യരും ഭൂമിയില്‍ ജനിക്കുന്നത്. മനുഷ്യന്‍റെ ഏഴ് ഘട്ടങ്ങള്‍ 71: 14 ല്‍ വിവരിച്ചിട്ടുണ്ട്. 

വിധിദിവസം എല്ലാ ഓരോരുത്തരും അവന്‍റെ നാലാം ഘട്ടമായ 15 വയസ്സ് മുതല്‍ മരണം വരെയുള്ള ഐഹികലോകജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടി വരും. സ്രഷ്ടാവായ നാഥനെ തിരിച്ചറിയുക, ഓരോരുത്തരും സ്വയം അവന്‍ വിശ്വാസിയാണോ അല്ലയോ എന്ന് ഉറപ്പാക്കുക, അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഏഴാം ഘട്ടത്തില്‍ അനന്തരമെടുക്കുന്നതിന് വേണ്ടി നാലാം ഘട്ടമായ ഇവിടെ വെച്ച് സ്വര്‍ഗം സമ്പാദിക്കുക എന്നതാണ് ജീവിതലക്ഷ്യം. 3: 102 ല്‍ വിവരിച്ച പ്രകാരം വിശ്വാസി മാത്രമേ സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച അവസ്ഥയില്‍ അഥവാ മുസ്ലിമായി മരണപ്പെടുകയുള്ളൂ. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്നതിനാല്‍ ദുഖത്തോടെ പിശാചിനെ കണ്ടുകൊണ്ടാണ് മരണപ്പെടുക. 39: 59 ല്‍ പറഞ്ഞ പ്രകാരം ഇവരില്‍ ഓരോരുത്തരുടെയും മരണസമയത്ത് നാഥന്‍ 'നിശ്ചയം, നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, എന്നാല്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ അവയോട് അഹങ്കാരം നടിച്ചു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുന്നതാണ്. ഇത്തരം കാഫിറുകള്‍ അവരുടെ മരണസമയത്ത് അവരുടെ ആത്മാവിനെതിരെ 'നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. 83: 15 ല്‍ പറഞ്ഞ പ്രകാരം അവര്‍ ഒരിക്കലും നാഥനെ കാണുകയില്ല. 'ഏതൊരുവനെക്കുറിച്ചാണോ നിങ്ങള്‍ ചോദിക്കപ്പെടുക ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക, ഗര്‍ഭപാത്രങ്ങളെയും സൂക്ഷിക്കുക' എന്നതിന് ഏത് അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ സൂക്ഷിക്കുക എന്നും, കുടുംബബന്ധം സൂക്ഷിക്കുക എന്നും ആശയമുണ്ട്. അല്ലാഹുവിനെക്കുറിച്ചാണ് ഖബറില്‍ വെച്ചുള്ള ആദ്യത്തെ ചോദ്യം. അപ്പോള്‍ മനുഷ്യന്‍റെ ജീവിതലക്ഷ്യം നാഥനെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമായ അദ്ദിക്റിലൂടെ അവനെ കണ്ടെത്തലാണ്. 24: 24; 36: 65; 41: 19-24; 99: 4 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നാവുകളും കൈകാലുകളും തൊലികളും ഗര്‍ഭപാത്രങ്ങളും ഭൂമിയും അതിന്‍റെ ഉടമയുടെ കല്‍പന പ്രകാരം വിധിദിവസം അവന്‍റെ മുമ്പില്‍ അതിന്‍റെ റിക്കാര്‍ഡ് സമര്‍പ്പിക്കുന്നതും സാക്ഷ്യം വഹിക്കുന്നതുമാണ്. 'നിശ്ചയം അല്ലാഹു നിങ്ങളുടെമേല്‍ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്' എന്ന് പറഞ്ഞതില്‍ നിന്നും സൂക്ഷ്മത കൈക്കൊള്ളുന്ന അല്ലാഹുവിന്‍റെ പ്രതിനിധികളായ അവര്‍ അവനെ അങ്ങോട്ട് കാണുന്നില്ലെങ്കിലും അവന്‍ ഇങ്ങോട്ട് കാണുന്നുണ്ട് എന്ന ബോധത്തില്‍ എവിടെയും എല്ലായ്പ്പോഴും നിലകൊള്ളുന്നവരായിരിക്കും. 59: 19 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിനെ മറന്ന് ജീവിക്കുന്നവരെല്ലാം അവരവരെ മറന്ന തെമ്മാടികളും പിശാചിന്‍റെ പ്രതിനിധികളുമാണ്. 2: 2-5; 3: 5, 59; 6: 26 വിശദീകരണം നോക്കുക.