( അന്നിസാഅ് ) 4 : 100

وَمَنْ يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا وَسَعَةً ۚ وَمَنْ يَخْرُجْ مِنْ بَيْتِهِ مُهَاجِرًا إِلَى اللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّهِ ۗ وَكَانَ اللَّهُ غَفُورًا رَحِيمًا

ആരെങ്കിലും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഒളിച്ചോടുകയാണെങ്കില്‍ ഭൂമിയില്‍ അവര്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിഭവങ്ങളും കണ്ടെത്തുന്നതാണ്, ആരെങ്കിലും അവന്‍റെ വീട്ടില്‍ നിന്ന് അല്ലാഹുവിലേക്കും അവന്‍റെ പ്രവാചകനിലേക്കും ഒളിച്ചോടുന്നവനായി പുറപ്പെടുകയും വഴിക്കുവെച്ച് മരണപ്പെടുകയും ചെയ്താല്‍ അപ്പോള്‍ അവന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെമേല്‍ ഉറച്ചുകഴിഞ്ഞു, അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനുമായിരിക്കുന്നു.

ഇന്ന് വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ യുദ്ധമോ പാലായനമോ ഇല്ല. അതുകൊണ്ട് ഒറ്റപ്പെട്ട വിശ്വാസി ഇന്ന് 3: 101-103 സൂക്തങ്ങളില്‍ വിവരിച്ചതുപോലെ അദ്ദിക്ര്‍ മുറുകെപ്പിടിക്കുക വഴി നാഥനെ മുറുകെപ്പിടിച്ച് നിലകൊള്ളുകയാണ് വേണ്ടത്. ജീവിതലക്ഷ്യം മനസ്സിലാക്കിയ അത്തരം വിശ്വാസി അവന് ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങളും 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമവും ഐശ്വര്യവും പരിഗണിച്ചുകൊണ്ട് പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ വിനിയോഗിക്കുന്നതാണ്. 3: 96 ല്‍ വിവരിച്ച പ്രകാരം മനുഷ്യര്‍ക്കുവേണ്ടി ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നാഥന്‍റെ ആദ്യദേവാലയമായ കഅ്ബ ഉള്‍ക്കൊള്ളുന്ന ഇജാസില്‍ അവസാനത്തെ ഖലീഫയായ മഹ്ദി വരുന്നതോടു കൂടി മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതാണ്. ഭൂമിയിലെ ആദ്യകാല വേദക്കാരായ ഇന്ത്യയില്‍ നിന്നുള്ള ജൈന-ബുദ്ധ-ഹൈന്ദവ സന്യാസി-സന്യാസിനിമാരാണ് അവിടേക്ക് വേര്‍തിരിക്കപ്പെടുന്നവരില്‍ അധികവും. നാഥന്‍റെ ഭൂമിയിലെ ആദ്യ ദേവാലയം 'കഅ്ബ' ആണെന്നിരിക്കെ അവസാനത്തെ പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള, 9: 28 ല്‍ വിവരിച്ച കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ മുശ്രിക്കുകളായ ഫുജ്ജാറുകളെ അവിടെ നിന്നും പുറത്താക്കപ്പെടുന്നതാണ്. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന അവസാനത്തെ വ്യക്തിയും ഭൂമിയില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് മടങ്ങുന്നതോടുകൂടി ഭൂമി തിരിച്ച് കറങ്ങുന്നതും സൂര്യന്‍ കിഴക്കുനിന്ന് ഉദിക്കുന്നതിനുപകരം പടിഞ്ഞാറുനിന്ന് ഉദിക്കുന്നതുമാണ്. അതോടുകൂടി 6: 158 ല്‍ വിവരിച്ചതുപോലെ പശ്ചാത്താപത്തിന്‍റെ വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നതുമാണ്. 

കണ്ണുകളുടെ കട്ടുനോട്ടവും നെഞ്ചുകളില്‍ ഒളിപ്പിച്ചുവെച്ചതിന്‍റെ പൊരുളും അറിയുന്ന ത്രികാലജ്ഞാനിയായ നാഥന്‍ ഏതൊരാളും എവിടെ വെച്ച് ഏത് പ്രവൃത്തി ചെയ്യുമ്പോഴും അവന്‍റെ നിറത്തിലേക്കോ ശരീരത്തിലേക്കോ നോക്കുന്നില്ല, മറിച്ച് അവന്‍റെ ഹൃദയത്തിന്‍റെ അവസ്ഥയാണ് നോക്കുന്നത്. അവയെല്ലാം 9: 51; 17: 13-14 സൂക്തങ്ങളില്‍ വിവരിച്ചതുപോലെ ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തി വെക്കുന്നുമുണ്ട്. 53: 39 ല്‍ മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്നും; 92: 4 ല്‍, നിശ്ചയം നിങ്ങളുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ വിഭിന്നം തന്നെയാണ് എന്നും പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ അറിയുന്നവനും അറിയാത്തവനും സമമാവുകയില്ല എന്ന് 39: 9 ല്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തുന്നവന് നാം എല്ലാ കാര്യങ്ങളും എളുപ്പമാക്കിക്കൊടുക്കുമെന്ന് 92: 6-7 സൂക്തങ്ങളിലും; ഗ്രന്ഥത്തെ തള്ളിപ്പറയുന്നവന് എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടാക്കിക്കൊടുക്കുമെന്ന് 92: 9-10 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ആത്മാവ് പങ്കെടുക്കാതെയുള്ള ഫുജ്ജാറുകളുടെ പ്രാര്‍ത്ഥനകള്‍, നമസ്കാരം, ദാനധര്‍മങ്ങള്‍, നോമ്പ്, ഹജ്ജ് തുടങ്ങിയവയൊന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല എന്നുമാത്രമല്ല, അവര്‍ക്ക് പിഴയായി നരകഗര്‍ത്തമാണ് ലഭിക്കുക എന്ന് 18: 103-106; 25: 34, 65-66; 107: 4-5 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥം സമര്‍പ്പിക്കുന്ന വിധം പ്രപഞ്ചനാഥനെ പരിഗണിക്കാത്ത, ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളുടെയും പ്രജ്ഞയറ്റ അവരുടെ അനുയായികളുടെയും പ്രവര്‍ത്തനങ്ങളൊന്നും സ്വീകരിക്കപ്പെടുകയില്ല എന്ന് 9: 53-55 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നരകഗര്‍ത്തത്തിന്‍റെ ഏഴ് വാതിലുകളില്‍ ഓരോന്നിലേക്കും അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നിജപ്പെടുത്തിവെച്ചിട്ടുണ്ട് എന്ന് 15: 44 ലും; നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവരുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ലും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഓരോരുത്തരും അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനില്‍ നിന്ന് തന്‍റെ പട്ടിക 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീനിലേക്ക് മാറ്റേണ്ടതാണ്. എന്നാല്‍ ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ലും പറഞ്ഞിട്ടുണ്ട്. 2: 186; 4: 75, 85 വിശദീകരണം നോക്കുക.