إِنْ يَدْعُونَ مِنْ دُونِهِ إِلَّا إِنَاثًا وَإِنْ يَدْعُونَ إِلَّا شَيْطَانًا مَرِيدًا
അവര്‍ അവനെക്കൂടാതെ ചില ദേവികളെയല്ലാതെ വിളിക്കുന്നില്ല, അവര്‍ സംശയമുണ്ടാക്കുന്ന പിശാചിനെയല്ലാതെ വിളിക്കുന്നുമില്ല.
മക്കാമുശ്രിക്കുകള്‍ മലക്കുകളെ അല്ലാഹുവിന്‍റെ പെണ്‍സന്താനങ്ങളായിട്ടും ജിന്നുകളെ ആണ്‍സന്താനങ്ങളായിട്ടും കണക്കാക്കിപ്പോന്നിരുന്നു. അവര്‍ ആപത്തുഘട്ടങ്ങളില്‍ അല്ലാഹുവിനെക്കൂടാതെ ദേവികളായി സങ്കല്‍പിച്ചുവെച്ച മലക്കുകളെയാണ് വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നത്. സൃഷ്ടികളായ മുഹമ്മദ്, ഈസാ, മൂസാ തുടങ്ങിയ പ്രവാചകന്മാര്‍; മുഹ്യുദ്ധീന്‍ ശൈഖ്, അജ്മീര്‍ ഖോജ, ബദ്ര്‍ ശുഹദാക്കള്‍ തുടങ്ങിയ മഹാത്മാക്കള്‍; മലക്കുകള്‍, ജിന്നുകള്‍ തുടങ്ങി അല്ലാഹുവിനെക്കൂടാതെ അവന്‍റെ ഏത് സൃഷ്ടികളെ വിളിച്ചാലും അവര്‍ സര്‍വ്വസ്രഷ്ടാവില്‍ നിന്ന് തടയുന്ന ധിക്കാരിയായ പിശാചിനെയല്ലാതെ വിളിക്കുന്നില്ല. എല്ലാ സൃഷ്ടികളെയും അല്ലാഹുവിനെയല്ലാതെ അവര്‍ ആരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അവരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ അല്ലാഹു മഹാത്മാക്കളോട് ചോദിക്കും: എന്‍റെ ഈ അടിമകളെ വഴിപിഴപ്പിച്ചത് നിങ്ങളാണോ, അതോ അവര്‍ സ്വയം വഴിപിഴച്ചതാണോ; അപ്പോള്‍ ആ മഹാത്മാക്കള്‍ മറുപടി പറയും: 'നീ പരിശുദ്ധന്‍, നിന്നെക്കൂടാതെ മറ്റൊരു സംരക്ഷകനെയും സഹായിയെയും തെരഞ്ഞെടുക്കല്‍ ഞങ്ങള്‍ക്ക് യോജിച്ചതായിരുന്നില്ല തന്നെ, എന്നാല്‍ നീ ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും ജീവിതവിഭവങ്ങള്‍ യഥേഷ്ടം നല്‍കുകയും അങ്ങനെ അവര്‍ അദ്ദിക്റിനെ വിസ്മരിച്ച ഒരു കെട്ട ജനതയായി' എന്ന് അന്യായം ബോധിപ്പിക്കുന്ന രംഗം 25: 17-18 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 16: 20-22 സൂക്തങ്ങളില്‍, അല്ലാഹുവിനെക്കൂടാതെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ഒന്നും തന്നെ സൃഷ്ടിച്ചിട്ടില്ല, അവര്‍ തന്നെ സൃഷ്ടിക്കപ്പെട്ടവരുമാണ്, അവര്‍ മരിച്ചവരാണ്, ജീവിച്ചിരിപ്പുള്ളവര്‍ പോലുമല്ല, എന്നാണ് പുനര്‍ജീവിപ്പിക്കപ്പെടുക എന്നുപോലും അറിയാത്തവരാണ് അവര്‍. നിങ്ങളുടെ ഇലാഹ് -കാണാതെ കണ്ട് വിളിക്കാവുന്നവന്‍, സഹായം തേടാവുന്നവന്‍, ഭയപ്പെടാവുന്നവന്‍, ഭരമേല്‍പ്പിക്കാവുന്നവന്‍- ഏകനായ ഇലാഹ് മാത്രമാണ്, അപ്പോള്‍ പരലോകം കൊണ്ട് വിശ്വസിക്കാത്തവരുടെ ഹൃദയങ്ങളില്‍ വിരോധമാണുള്ളത്, അവര്‍ എല്ലാം തികഞ്ഞ മട്ടില്‍ അഹങ്കാരികളായി അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ഇലാഹില്‍ നിന്ന് പിന്തിരിഞ്ഞ് പോകുന്നവരുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 36: 74-75 സൂക്തങ്ങളില്‍, അവര്‍ അല്ലാഹുവിനെക്കൂടാതെ അവരെ സഹായിക്കുമെന്ന് കരുതി മറ്റ് ഇലാഹുകളെ സ്വീകരിച്ചിരിക്കുന്നു, എന്നാല്‍ അവര്‍ക്ക് ഇവരെ സഹായിക്കാന്‍ സാധ്യമല്ല, എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ അവര്‍ ഇവര്‍ക്കെതിരെ വരുന്ന പട്ടാളക്കാരായിരിക്കും എന്നും പറഞ്ഞിട്ടുണ്ട്. അന്ത്യനാളില്‍ മലക്കുകളടക്കമുള്ള എല്ലാ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടുമ്പോള്‍ 'ഇവര്‍ നിങ്ങളെയാണോ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നത്' എന്ന് മലക്കുകളോട് ചോദിക്കുമ്പോള്‍ അവര്‍: 'നീ പരിശുദ്ധന്‍, നീയാണ് ഞങ്ങളുടെ സംരക്ഷകനായ നാഥന്‍, അവരല്ല; അവര്‍ ജിന്നുകളെയാണ് വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നത്, അവരില്‍ അധികപേരും ആ ജിന്നുകളില്‍ വിശ്വസിക്കുന്നവരുമായിരുന്നു' എന്ന് പറയുന്നതാണ്. അപ്പോള്‍ അല്ലാഹു പറയും: 'ഇന്നേദിനം നിങ്ങളില്‍ ഒരു വിഭാഗത്തിനും മറ്റൊരു വിഭാഗത്തിന് ഉപകാരമോ ഉപദ്രവമോ വരുത്താന്‍ സാധ്യമല്ല, അക്രമികളായ നിങ്ങളെല്ലാം(ജിന്നുകളും മനുഷ്യരും) കളവാക്കി തള്ളിപ്പറഞ്ഞിരുന്ന നരകശിക്ഷ രുചിച്ചുകൊള്ളുക' എന്ന് പറയുന്ന രംഗം 34: 40-42 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
35: 13-14 സൂക്തങ്ങളില്‍, അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ കാരക്കാകുരുവിന് മുകളിലുള്ള പാടയുടെയത്ര പോലും അധികാരമുള്ളവരല്ല, നിങ്ങള്‍ അവരെ വിളിക്കുമ്പോള്‍ അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുന്നില്ല, ഇനി കേട്ടാല്‍ തന്നെ -അല്ലാഹു കേള്‍പ്പിക്കുന്ന പക്ഷം കേള്‍ക്കും- അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുകയുമില്ല, അന്ത്യനാളിലോ നിങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ത്തതിനെ അവര്‍ നിഷേധിക്കുകയും ചെയ്യും, എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയായ ഒരുവനല്ലാതെ നിനക്ക് ഇത്തരം വൃത്താന്തങ്ങള്‍ അറിയിച്ച് തരികയില്ല എന്ന് പറഞ്ഞിട്ടുണ്ട്. നിശ്ചയം നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ നിങ്ങളെപ്പോലുള്ള അടിമകള്‍ മാത്രമാണ്, അപ്പോള്‍ നിങ്ങള്‍ അവരെ വിളിക്കുക, നിങ്ങള്‍ സത്യസന്ധന്മാരാണെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് കാണട്ടെ; അല്ല, അവര്‍ക്ക് നടന്നുവരാന്‍ കാലുകളുണ്ടോ? അതല്ല, അവര്‍ക്ക് നിങ്ങളെ പിടിച്ചെഴുന്നേല്‍പ്പിക്കാനുള്ള കൈകളുണ്ടോ? അതോ അവര്‍ക്ക് നിങ്ങളെ കാണാനുള്ള കണ്ണുകളുണ്ടോ? അതോ അവര്‍ക്ക് നിങ്ങളുടെ വിളി കേള്‍ക്കാനുള്ള കാതുകളുണ്ടോ? നീ പറയുക: നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെയുള്ള നിങ്ങളുടെ പങ്കാളികളെയെല്ലാം വിളിച്ച് ഒരുമിച്ചുകൂട്ടി എനിക്കെതിരെ ഗൂഢതന്ത്രം മെനയുക, എനിക്ക് നിങ്ങള്‍ ഒരു സാവകാശവും നല്‍കേണ്ടതുമില്ല എന്ന് വെല്ലുവിളിക്കാന്‍ പ്രവാചകനോടും അതുവഴി വിശ്വാസികളോടും 7: 194-195 സൂക്തങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ആകാശഭൂമികളില്‍ നിഷ്പക്ഷവാന്‍റെ അടിമയായിട്ടല്ലാതെ ഒന്നുമില്ലെന്ന് 19: 93 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെക്കൂടാതെ ആരെ ഭയപ്പെട്ടാലും സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് ആരെ അനുസരിച്ചാലും അവര്‍ പിശാചിന് അടിമപ്പെടുന്നവരും, പിശാചിന്‍റെ പ്രതിനിധികളായി ജീവിക്കുന്നവരുമാണ്. പിതാവേ, താങ്കള്‍ പിശാചിനെ സേവിക്കരുത്, നിശ്ചയം പിശാച് നിഷ്പക്ഷവാനെ ധിക്കരിച്ചവനാണ്; ഓ എന്‍റെ പിതാവേ, പിശാചിനെ സംരക്ഷകനും സഹായിയുമായി തെരഞ്ഞെടുക്കുക വഴി നിഷ്പക്ഷവാനില്‍ നിന്നുള്ള ശിക്ഷ നിസ്സംശയം താങ്കളെ പിടിപെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് ഇബ്റാഹീം നബി സ്വപിതാവിനോട് പറഞ്ഞതായി 19: 44-45 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് വിളിച്ച് പ്രാര്‍ത്ഥിക്കാനും സഹായം തേടാനും ഭരമേല്‍പ്പിക്കാനും ജീവിതത്തെക്കുറിച്ച് ഉത്തരം പറയാനും അര്‍ഹനായിട്ടുള്ള ഏക ഇലാഹിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് എന്നിരിക്കെ അവനെക്കൂടാതെ വേറെ ആരെ സേവിച്ചാലും അവര്‍ ശപിക്കപ്പെട്ട പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരാണ്. 1: 4; 2: 256-257; 3: 7-10; 36: 59-62 വിശദീകരണം നോക്കുക.