( അന്നിസാഅ് ) 4 : 135

يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَىٰ أَنْفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ إِنْ يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَنْ تَعْدِلُوا ۚ وَإِنْ تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا

ഓ വിശ്വാസികളായിട്ടുള്ളവരെ! നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിച്ചുകൊണ്ട് നീതികൊണ്ട് കല്‍പിക്കുന്നവരായിത്തീരുവീന്‍, അത് നിങ്ങള്‍ക്കോ അല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ കുടുംബത്തില്‍നിന്ന് അടുത്തവര്‍ക്കോ എതിരാണെങ്കിലും ശരി! ധനികനാകട്ടെ അല്ലെങ്കില്‍ ദരിദ്രനാവ ട്ടെ, അപ്പോള്‍ അവര്‍ ഇരുവരുടെയും കാര്യം നോക്കാന്‍ അല്ലാഹുവാകുന്നു നിങ്ങളിലേറെ അര്‍ഹനായിട്ടുള്ളവന്‍, അതുകൊണ്ട് നീതിപാലിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദേഹേച്ഛയെ പിന്‍പറ്റാതിരിക്കുവിന്‍, നിങ്ങള്‍ വളച്ചൊടിക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ അവഗണിക്കുകയോ ആണെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയംചെയ്ത ത്രികാലജ്ഞാനിയായിരിക്കുന്നു.

5: 8; 49: 9; 57: 25 തുടങ്ങി 17 സ്ഥലങ്ങളില്‍ പരാമര്‍ശിച്ച നീതി അദ്ദിക്ര്‍ തന്നെയാണ്. അദ്ദിക്ര്‍ കൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വിധി കല്‍പിക്കാത്തവര്‍ കാഫിറുകളും അക്രമികളും തെമ്മാടികളുമാണെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവരാണ് വിശ്വാസികള്‍. പ്രപഞ്ചത്തില്‍ ഒരിടത്തും നാഥനില്‍ നിന്ന് ഒന്നും തന്നെ മറഞ്ഞ് നില്‍ക്കുന്നില്ല എന്നും; 2: 255 ല്‍ വിവരിച്ച പ്രകാരം നാഥന്‍ ഉറക്കവും മയക്കവുമില്ലാതെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണെന്നുമുള്ള ബോധത്തില്‍ നാഥനെ സ്മരിച്ചുകൊണ്ട് നിലകൊള്ളുന്ന അവനില്‍ നിന്ന് മനസാ വാചാ കര്‍മണാ അനീതിയൊന്നും സംഭവിക്കുകയില്ല. 17: 13-14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ എല്ലാം കൊത്തിവെക്കുന്നുണ്ടെന്നുള്ള ബോധമുള്ളവരാണ് വിശ്വാസികള്‍. 58: 22 ല്‍, അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച ഒരു ജനത അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും വിരോധം വെക്കുന്നവരോട് -അവര്‍ അവരുടെ പിതാക്കളോ മക്കളോ സഹോദരങ്ങളോ അല്ലെങ്കില്‍ എത്ര അടുത്തവരാണെങ്കിലും ശരി, സ്നേഹത്തില്‍ വര്‍ത്തിക്കുന്നവരാവുകയില്ല, അക്കൂട്ടരുടെ ഹൃദയങ്ങളിലാണ് അല്ലാഹു വിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളത്, അവനില്‍ നിന്നുള്ള ഒരു റൂഹുകൊണ്ട് അവരെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു, താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും, അല്ലാഹു അവരെത്തൊട്ടും അവര്‍ അവനെത്തൊട്ടും തൃപ്തിപ്പെട്ടിരിക്കുന്നു, അക്കൂട്ടരാണ് അല്ലാഹുവിന്‍റെ സംഘക്കാര്‍, അറിഞ്ഞിരിക്കുക; നിശ്ചയം അല്ലാഹുവിന്‍റെ സംഘം മാത്രമാണ് വിജയം വരിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. 

ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകള്‍ 29 കള്ളവാദികള്‍ രചിച്ചിട്ടുള്ള നരകക്കുണ്ഠത്തിലേക്കുള്ള ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമാണ്. 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥനെ വിസ്മരിച്ചുകൊണ്ട് തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും, അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുക വഴി തെമ്മാടികളായിരിക്കുന്നു. അവരോടും കുഫ്ഫാറുകളോടും നരകക്കുണ്ഠാഗ്നിയാണ് നാഥന്‍ വാഗ്ദത്തം ചെയ്തിട്ടുള്ളത്. കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും, സംസാരവൈഭവം ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകളെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22 ല്‍ നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. തങ്ങളുടെ കര്‍മരേഖയില്‍ കൊത്തിവെച്ചത് വിധിദിവസം കാണുമ്പോള്‍ ഇത്തരം ഭ്രാന്തന്മാര്‍ കുണ്ഠിതപ്പെടുന്ന രംഗം 18: 49 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം ഫുജ്ജാറുകളെയും അല്ലാഹുവിനെക്കൂടാതെ അവര്‍ സേവിച്ചുകൊണ്ടിരിക്കുന്ന മഹാത്മാക്കളെയും ഒരുമിച്ച് കൂട്ടുന്ന ദിവസം നാഥന്‍ മഹാത്മാക്കളോട് ചോദിക്കുന്നതാണ്: നിങ്ങളാണോ എന്‍റെ അടിമകളെ വഴിപിഴപ്പിച്ചത്, അതോ അവര്‍ സ്വയം വഴിപിഴച്ചതാണോ; അവര്‍ പറയും: നീ പരിശുദ്ധന്‍, ഞങ്ങള്‍ക്ക് നിന്നെക്കൂടാതെ മറ്റ് സംരക്ഷകരെ തെരഞ്ഞെടുക്കല്‍ യോജിച്ചതായിരുന്നില്ല, എന്നാല്‍ നീ ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും ജീവിതവിഭവങ്ങള്‍ യഥേഷ്ടം നല്‍കി, അങ്ങനെ അവര്‍ അദ്ദിക്റിനെ വിസ്മരിച്ച ഒരു കെട്ടജനതയായി എന്ന് 25: 17-18 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

നിഷ്പക്ഷവാന്‍റെ ഇഷ്ടദാസന്മാര്‍ കള്ളസാക്ഷ്യം വഹിക്കുകയില്ലെന്ന് 25: 72 ല്‍ പറഞ്ഞിട്ടുണ്ട്. സ്വന്തത്തിനെതിരായോ മാതാപിതാക്കള്‍ക്കെതിരായോ കുടുംബ മിത്രാദികള്‍ക്കെതിരായോ ആണെങ്കിലും ശരി, അല്ലാഹു കാണുന്നുണ്ട്, അന്ത്യദിനത്തില്‍ കേള്‍വികളും കാഴ്ചകളും തൊലികളും കൈകാലുകളുമെല്ലാം തന്നെ അല്ലാഹുവിന്‍റെ മുമ്പില്‍ യാഥാര്‍ത്ഥ്യം പ്രതിഫലിപ്പിക്കുമെന്ന ബോധത്തില്‍ നീതി പാലിക്കുകയും മറ്റുള്ളവരോട് നീതി പാലിക്കാന്‍ കല്‍പിക്കുകയും വേണം. അല്ലാഹുവിനെ മറന്നുകൊണ്ട് പ്രമാണിമാരില്‍ നിന്ന് എന്തെങ്കിലും ലഭിക്കുന്നതിനുവേണ്ടി അവരുടെ പക്ഷം ചേരുക, അല്ലെങ്കില്‍ ഒരാള്‍ പ്രമാണിയാണ്, അപ്പോള്‍ അയാള്‍ക്ക് കുറച്ച് നഷ്ടം വന്നാലും തരക്കേടില്ല, മറ്റേയാള്‍ ദരിദ്രനാണ്, അവന്‍ ഇല്ലാത്തവനായതുകൊണ്ടല്ലേ പ്രമാണിയുടെ അവകാശമെടുത്തത് എന്നെല്ലാമുള്ള നയത്തില്‍ പെരുമാറരുത്. മറിച്ച് മക്കള്‍ക്കിടയിലാണെങ്കില്‍ പോലും അല്ലാഹു നിശ്ചയിച്ച പരിധികള്‍ പാലിച്ചുകൊണ്ട് നീതിയില്‍ വര്‍ത്തിക്കേണ്ടതാകുന്നു. വാക്കുകള്‍ വളച്ചൊടിച്ച് സംസാരിച്ചും സാക്ഷ്യം മറച്ചുവെച്ചും നീതി പാലി ക്കാതിരിക്കരുത്. അഥവാ ഏതൊരു വിഷയത്തിലും ആര്‍ക്കിടയിലും നീതിയായ അദ്ദിക്ര്‍ ത്രാസായി ഉപയോഗപ്പെടുത്തിയാണ് തീരുമാനം കല്‍പിക്കേണ്ടത്. സാക്ഷികളില്‍ ഏറ്റവും ഉത്തമന്‍, ചോദിക്കുന്നതിനുമുമ്പു തന്നെ ആ സാക്ഷ്യം കൊണ്ടുവരുന്നവനാണ് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 16: 90 ല്‍, നിശ്ചയം അല്ലാഹു നീതി കൊണ്ടും ഇഹ്സാന്‍ കൊണ്ടും കല്‍പിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്‍റെ ആശയം ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വഴിയില്‍ ചരിക്കണമെന്നാണ്. 4: 46, 150-151; 5: 42; 9: 84-85 വിശദീകരണം നോക്കുക.