( അന്നിസാഅ് ) 4 : 147

مَا يَفْعَلُ اللَّهُ بِعَذَابِكُمْ إِنْ شَكَرْتُمْ وَآمَنْتُمْ ۚ وَكَانَ اللَّهُ شَاكِرًا عَلِيمًا

അല്ലാഹുവിന് നിങ്ങളെ വെറുതെ ശിക്ഷിച്ചിട്ട് എന്തുകാര്യം-നിങ്ങള്‍ നന്ദി പ്രകടിപ്പിക്കുകയും നിങ്ങള്‍ വിശ്വസിക്കുകയുമാണെങ്കില്‍, അല്ലാഹു നന്ദി പ്രകടനത്തെ വിലമതിക്കുന്ന സര്‍വ്വജ്ഞാനി തന്നെയായിരിക്കുന്നു.

ത്രികാലജ്ഞാന ഗ്രന്ഥവും ഏതൊരാള്‍ക്കും സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ അറിഞ്ഞിട്ട് സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെ അതിനെ മൂടിവെക്കുകയും ചെയ്തതിനാലാണ് കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നത്. എല്ലാം അറിഞ്ഞിട്ട് അല്ലാഹുവിന്‍റെ ദീനിനെ കളവാക്കുകയും വികൃതമാക്കുകയും ചെയ്യുന്നതിലൂടെ പിശാചിനെപ്പോലും കവച്ചുവെക്കുന്ന ധിക്കാരമാണ് ഇത്തരം തെമ്മാടികളായ മനുഷ്യപ്പിശാചുക്കള്‍ ചെയ്യുന്നത്. 41: 26-28 സൂക്തങ്ങളില്‍, അദ്ദിക്റില്‍ നിന്ന് ജനങ്ങളെ തടയുന്ന അല്ലാഹുവിന്‍റെ ശത്രുക്കളായ ഇവര്‍ക്ക് ശാശ്വതമായി നരകത്തില്‍ താമസമുണ്ടെന്നും അത് അവര്‍ അല്ലാഹുവിന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരുന്നതിനാലാണെന്നും പറഞ്ഞിട്ടുണ്ട്. 16: 64 ല്‍, ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള വിഷയത്തില്‍ വിധി കല്‍പിക്കാന്‍ വേണ്ടിയല്ലാതെ നിന്‍റെ മേല്‍ ഈ ഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്തവരായ കപടവിശ്വാസികള്‍ വിധിദിവസം ജനങ്ങള്‍ ഭിന്നിച്ച വിഷയങ്ങളില്‍ അല്ലാഹു വിധികല്‍പിക്കുമെന്നല്ലേ പറഞ്ഞിട്ടുള്ളത്, പിന്നെ നിങ്ങള്‍ എന്തിനാണ് ഖുര്‍ആന്‍ വായിക്കുന്ന ജനങ്ങളെ മുനാഫിഖുകളും കാഫിറുകളുമാക്കുന്നത് എന്നാണ് വിശ്വാസികളോട് ചോദിക്കുക എന്ന് 2: 113 ല്‍ വിവരിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് ഇവിടെവെച്ച് വിധി കല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ അവര്‍ വായിക്കുന്നുമുണ്ട്. 

വേദഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 7: 40 ല്‍ വിവരിച്ച പ്രകാരം ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെടുമ്പോള്‍ കപടവിശ്വാസികളില്‍ നിന്നുള്ള ആരാണോ സൂക്തങ്ങള്‍ വളച്ചൊടിക്കുകയും മൂടിവെക്കുകയും ചെയ്തതില്‍ ഖേദിച്ചുമടങ്ങുകയും അദ്ദിക്റാണ് ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥമെന്ന് അംഗീകരിക്കുകയും അതിന്‍റെ 40 പേരുകളും ലോകരോട് വെളിപ്പെടുത്തുകയും ചെയ്തുകൊണ്ട് നാഥന്‍റെ സന്ദേശമായ അത് ലോകര്‍ക്ക് എത്തിച്ച് കൊടുക്കുകയും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ കീര്‍ത്തനം ചെയ്യുന്നതിനും വാഴ്ത്തുന്നതിനും അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ഫലവൃക്ഷങ്ങള്‍ നടുകയും ജൈവകൃഷി നടത്തുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് കഴിഞ്ഞുപോയ കാലത്ത് വന്നിട്ടുള്ള തിന്മകളെല്ലാം നന്മകളായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത്, അവര്‍ക്ക് വിചാരണക്കുശേഷം സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകുന്നവരില്‍ ഉള്‍പ്പെടാന്‍ സാധിക്കുന്നതാണ്. 2: 256; 3: 101; 4: 174-175; 5: 48 തുടങ്ങിയ സൂക്തങ്ങളില്‍ അദ്ദിക്റിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് പറഞ്ഞിട്ടുണ്ട്. 2: 159-160; 4: 46, 125; 38: 8 വിശദീകരണം നോക്കുക.