( അന്നിസാഅ് ) 4 : 165

رُسُلًا مُبَشِّرِينَ وَمُنْذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായ പ്രവാചകന്‍മാര്‍! പ്രവാചകന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിന്‍റെ മേല്‍ ഒരു വാദത്തിന് ഇടവരാതിരിക്കാന്‍ വേണ്ടി, അല്ലാഹു അജയ്യനായ യുക്തിജ്ഞാനിയുമായിരിക്കുന്നു.

അല്ലാഹുവില്‍ നിന്നുള്ള ഒരേ സന്ദേശം (അദ്ദിക്ര്‍) കൊണ്ടാണ് പ്രവാചകന്മാരെയെല്ലാം അയച്ചിട്ടുള്ളത്. ആ സന്ദേശം കൊണ്ട് വിശ്വാസികളായവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് തന്നെ തിരിച്ചുപോകാമെന്ന് സന്തോഷവാര്‍ത്ത അറിയിക്കുന്നവരും അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് കാഫിറുകളായവരുടെ മടക്കം പിശാചിന്‍റെ താവളമായ നരകത്തിലേക്കാണ് എന്ന് താക്കീത് നല്‍കുന്നവരുമായിട്ടാണ് എല്ലാ പ്രവാചകന്മാരും നിയോഗിക്കപ്പെട്ടിട്ടുള്ളത്. 21: 25 ല്‍, നിശ്ചയം ഞാനല്ലാതെ മറ്റൊരു ഇലാഹുമില്ല എന്നും അപ്പോള്‍ നിങ്ങള്‍ എന്നെ മാത്രം സേവിക്കുന്നവരാവുക എന്നും ദിവ്യബോധനം നല്‍കിയിട്ടല്ലാതെ നാം നിനക്കുമുമ്പ് ഒരു പ്രവാചകനെയും നിയോഗിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകന്മാരെ അയച്ചത് അല്ലാഹു തൃപ്തിപ്പെട്ട ജീവിതം പ്രായോഗികതലത്തില്‍ മനുഷ്യരില്‍ സാക്ഷ്യപ്പെടുത്താനും വിധിദിവസം അക്കാര്യം ആ പ്രവാചകന്മാര്‍ അല്ലാഹുവിന്‍റെ മുമ്പില്‍ സാക്ഷ്യം വഹിക്കുന്നതിന് വേണ്ടിയുമാണ്. പ്രവാചകന്മാരുടെ ജീവിതം പിന്‍പറ്റുന്ന വിശ്വാസികളെയും 2: 143; 22: 78; 39: 69 സൂക്തങ്ങള്‍ പ്രകാരം വിചാരണാ ദിനത്തില്‍ സാക്ഷികളായി കൊണ്ടുവരുന്നതാണ്. 17: 15 ല്‍, ഒരു പ്രവാചകനെ നാം നിയോഗിക്കുന്നതുവരെ നിശ്ചയം നാം ശിക്ഷിക്കുന്നവനാവുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെട്ടത് മുതല്‍ അന്ത്യനാള്‍ വരെയുള്ള ജനങ്ങളിലേക്കുള്ള പ്രവാചകന്‍ മുഹമ്മദ് തന്നെയാണ്. മുഹമ്മദിലൂടെ അവതരിപ്പിക്കപ്പെട്ട മൊത്തം ലോകര്‍ക്കുള്ള സന്ദേശമായ അദ്ദിക്റാകട്ടെ അതിനുമുമ്പ് നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും ഉള്‍ക്കൊള്ളുന്നതും അവയെയും പ്രവാചകന്മാരെയുമെല്ലാം സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമായ ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാനമാണ്. 2: 38-39, 119, 146; 4: 150-151 വിശദീകരണം നോക്കുക.