( അന്നിസാഅ് ) 4 : 166

لَٰكِنِ اللَّهُ يَشْهَدُ بِمَا أَنْزَلَ إِلَيْكَ ۖ أَنْزَلَهُ بِعِلْمِهِ ۖ وَالْمَلَائِكَةُ يَشْهَدُونَ ۚ وَكَفَىٰ بِاللَّهِ شَهِيدًا

അതിനാല്‍ നിന്നിലേക്ക് അവതരിപ്പിച്ച ഒന്നുകൊണ്ട് അല്ലാഹു സാക്ഷ്യം വഹിക്കുന്നു-അതിനെ അവന്‍ അവതരിപ്പിച്ചിട്ടുള്ളത് അവന്‍റെ അറിവോടുകൂടി ത്തന്നെയാണ്-മലക്കുകളും സാക്ഷ്യം വഹിക്കുന്നവരാണ്, സാക്ഷിയായി അല്ലാഹുതന്നെ ഏറ്റവും മതിയായവനുമാകുന്നു.

സാക്ഷിയായ അദ്ദിക്റിന്‍റെ പ്രാമാണികതയാണ് സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. അത് സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവില്‍ നിന്ന് വിശ്വസ്തനായ റൂഹ് ജിബ്രീല്‍ മുഖേന പ്രവാചകനായ മുഹമ്മദിന്‍റെ ഹൃദയത്തിലേക്ക് ഘട്ടം ഘട്ടമായാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് 26: 192-194; 76: 23 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിശ്ചയം നമ്മുടെ അറിവിനാല്‍ വിശദീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥം നാം അവര്‍ക്ക് കൊണ്ടുവന്നിട്ടുണ്ട്, അത് വിശ്വാസികളായ ജനതക്ക് സന്മാര്‍ഗവും കാരുണ്യവുമാണ് എന്ന് 7: 52 ലും; ഈ അനുഗ്രഹീതമായ ഗ്രന്ഥം നാമാണ് അവതരിപ്പിച്ചത്, അപ്പോള്‍ നിങ്ങള്‍ അതിനെ പിന്‍പറ്റുക, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക, എന്നാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടേക്കും എന്ന് 6: 155 ലും പറഞ്ഞിട്ടുണ്ട്. ആദ്യവും അന്ത്യവുമില്ലാത്ത, ഉപമയും ഉദാഹരണവുമില്ലാത്ത ത്രികാലജ്ഞാനിയായ അല്ലാഹു തന്നെ ഏതൊരു കാര്യത്തിനും സാക്ഷിയായി മതിയാകുന്നതാണ്. എന്നാല്‍ ഇവിടെ മലക്കുകളും സാക്ഷ്യം വഹിക്കുന്നവരാണ് എന്ന് പറഞ്ഞത്, അനുസരണമുള്ളവരും കുറ്റം ചെയ്യാത്ത വിശുദ്ധന്മാരുമാണ് മലക്കുകള്‍ എന്നതിനാലാണ്. പ്രവാചകന്മാരിലേക്ക് അല്ലാഹുവിന്‍റെ സന്ദേശം എത്തിച്ചുകൊടുക്കുന്നതും അവരാണ്. ഏറ്റവും വലിയ സാക്ഷി അല്ലാഹുവും അദ്ദിക്റുമാണെന്ന് 6: 19 ലും; സാക്ഷിയായ അദ്ദിക്റിനെ മൂടിവെച്ചവനോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകമാണെന്ന് 11: 17 ലും പറഞ്ഞിട്ടുണ്ട്. 2: 140; 3: 18, 81, 187 വിശദീകരണം നോക്കുക.