( അന്നിസാഅ് ) 4 : 173

فَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُوَفِّيهِمْ أُجُورَهُمْ وَيَزِيدُهُمْ مِنْ فَضْلِهِ ۖ وَأَمَّا الَّذِينَ اسْتَنْكَفُوا وَاسْتَكْبَرُوا فَيُعَذِّبُهُمْ عَذَابًا أَلِيمًا وَلَا يَجِدُونَ لَهُمْ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا

അപ്പോള്‍ വിശ്വാസികളാവുകയും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്നവര്‍ ആരോ, അപ്പോള്‍ അവര്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതും അവന്‍റെ ഔദാര്യത്തില്‍ നിന്ന് അവര്‍ക്ക് വര്‍ദ്ധിപ്പിച്ച് നല്‍കുന്നതുമാണ്, ആരാണോ അടിമയായിരിക്കുന്നതില്‍ കുറച്ചില്‍ കരുതുകയും അഹങ്കരിക്കുകയും ചെയ്തിരുന്നത്, അപ്പോള്‍ അവരെ വേദനാജനകമായ ശിക്ഷകൊണ്ട് ശിക്ഷിക്കുന്നതുമാണ്, അവര്‍ അവര്‍ക്ക് അല്ലാഹുവിനെക്കൂടാതെ ഒരു സംരക്ഷകനെയോ സഹായിയെയോ കണ്ടെത്തുന്നവരാവുകയുമില്ല.

1: 3 ല്‍ വിവരിച്ച പ്രകാരം വിധിദിവസം എല്ലാ സൃഷ്ടികളും പുനര്‍ജ്ജീവിപ്പിക്കപ്പെട്ട് സ്രഷ്ടാവിന്‍റെ മുമ്പില്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളാവുകയും പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് അല്ലാഹുവിനെ കീര്‍ത്തനം ചെയ്യാനും പരിശുദ്ധപ്പെടുത്താനും വാഴ്ത്താനുമുള്ള സാഹചര്യം ഉണ്ടാകണമെന്ന ലക്ഷ്യത്തോടുകൂടി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് അവരുടെ ഏറ്റവും നല്ല പ്രവൃത്തി നോക്കി മുഴുവന്‍ ജീവിതത്തിനും പ്രതിഫലം നല്‍കുമെന്നും അവന്‍റെ ഔദാര്യത്തില്‍ നിന്നും വര്‍ദ്ധിപ്പിച്ച് നല്‍കുമെന്നുമാണ് പറയുന്നത്. 50: 35 ല്‍, ആ സ്വര്‍ഗ്ഗത്തില്‍ അതിലെ നിവാസികള്‍ക്ക് അവര്‍ ഉദ്ദേശിക്കുന്നതെല്ലാം ഉണ്ടെന്നും നമ്മുടെ പക്കല്‍ നിന്നുള്ള അധികരിച്ച പ്രതിഫലമുണ്ടെന്നും പറഞ്ഞിട്ടുണ്ട്. 'അധികരിച്ച പ്രതിഫലം' കൊണ്ടുദ്ദേശിക്കുന്നത് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കുക വഴി വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തിലേക്ക് മുന്‍കടക്കുന്നവര്‍ക്ക് കപടവിശ്വാസികളല്ലാത്ത, വിചാരണക്ക് ശേഷം നരകത്തിലേക്ക് അയക്കപ്പെട്ട ബന്ധുമിത്രാദികളായ നരകവാസികള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുന്നതിനുള്ള അനുവാദം ലഭിക്കുമെന്നാണ്. ആരാണോ അല്ലാഹുവിന്‍റെ അടിമയായിരിക്കുന്നതില്‍ കുറച്ചിലും അപമാനവും വെറുപ്പും പ്രകടിപ്പിച്ച് മാന്യത ചമഞ്ഞ് സ്വയം പര്യാപ്തത തെരഞ്ഞെടുക്കുകയും വിവിധ സംഘടനകളായി പിരിഞ്ഞ് പിശാചിനെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്, അത്തരം മനുഷ്യപ്പിശാചുക്കളായവരെ വേദനാജനകമായ ശിക്ഷ രുചിപ്പിക്കുന്നതാണ്. അവിടെ ഇടയാളന്മാരെയോ മതരാഷ്ട്രീയ നേതാക്കളെയോ ഒന്നും ശുപാര്‍ശക്കാരായി കാണുകയുമില്ല. 3: 90-91 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ക്ക് വിധിദിവസം ഭൂമി നിറയെ സ്വര്‍ണ്ണം ലഭിച്ച് അതുകൊണ്ട് തെണ്ടം നല്‍കിയാലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല, അക്കൂട്ടര്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്, അവര്‍ക്ക് സഹായികളില്‍ നിന്ന് ആരും തന്നെ ഉണ്ടാവുകയുമില്ല. 2: 27-28; 3: 185; 10: 26 വിശദീകരണം നോക്കുക.