( അന്നിസാഅ് ) 4 : 31

إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلًا كَرِيمًا

നിങ്ങളുടെമേല്‍ വിരോധിക്കപ്പെട്ടിട്ടുള്ള വന്‍കുറ്റങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുകയാണെങ്കില്‍ നിങ്ങളെത്തൊട്ട് നിങ്ങളുടെ തിന്മകള്‍ നാം മായ്ച്ചുകളയുകയും, നിങ്ങളെ മാന്യമായ ഒരു പ്രവേശനത്തിലേക്ക് നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.

അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുക, ആഭിചാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, അല്ലാഹു പവിത്രമാക്കിയ ഒരു ആത്മാവിനെ അന്യായമായി വധിക്കുക, പലിശ തിന്നുക, അനാഥകളുടെ ധനം തിന്നുക, യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞോടുക, പതിവ്രതകളായ നിഷ്കളങ്കരായ വിശ്വാസിനികളുടെമേല്‍ അപവാദം പറയുക തുടങ്ങിയവയാണ് ഏഴ് വന്‍കുറ്റങ്ങളെന്നും നിങ്ങള്‍ അവയെ വര്‍ജ്ജിക്കണമെന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 25: 68 ല്‍, നിഷ്പക്ഷവാനായ നാഥന്‍റെ ഇഷ്ടദാസന്മാര്‍ അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെയും വിളിച്ച് പ്രാര്‍ത്ഥിക്കുകയില്ല, ന്യായം കൂടാതെ അല്ലാഹു പവിത്രമാക്കിയ ഒരു ആത്മാവിനെയും വധിക്കുകയില്ല, വ്യഭിചരിക്കുകയുമില്ല എന്നും ഈ മൂന്ന് വന്‍കുറ്റങ്ങള്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവന്‍ കുറ്റവാളിയായി നരകത്തില്‍ ആപതിക്കുമെന്നും പറഞ്ഞിട്ടുണ്ട്. 25: 69 ല്‍, അന്ത്യനാളില്‍ അവന് ശിക്ഷ ഇരട്ടിപ്പിച്ച് കൊടുക്കുന്നതും ഹീനമായ ശിക്ഷ ആസ്വദിച്ചുകൊണ്ട് അവന്‍ അതില്‍ ശാശ്വതമായി കഴിഞ്ഞുകൂടുമെന്നും; 25: 70 ല്‍, പശ്ചാത്തപിച്ച് മടങ്ങുകയും വിശ്വാസം രൂപപ്പെടുത്തുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവരുടെ തിന്മകളെ നന്മകളാക്കി മാറ്റിക്കൊടുക്കുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. 4: 14; 23; 8: 2-4; 9: 72-73 വിശദീകരണം നോക്കുക.