( അന്നിസാഅ് ) 4 : 41

فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدًا

അപ്പോള്‍ എല്ലാ ഓരോ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരുമ്പോള്‍ എന്തായിരിക്കും അവസ്ഥ? ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെയും നാം കൊണ്ടുവരുമ്പോള്‍!

16: 89 ഉം ഇതേ ആശയത്തിലുള്ള സൂക്തമാണ്. എല്ലാ ഓരോ സമുദായത്തിനുമുള്ള സാക്ഷി അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരായിരുന്നു. മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെട്ടത് മുതല്‍ പ്രവാചകന്‍റെ കാലത്തുണ്ടായിരുന്നവര്‍ക്ക് സാക്ഷി മുഹമ്മദ് ആയിരിക്കും; എന്നാല്‍ പ്രവാചകന്‍റെ കാലശേഷം പ്രവാചകനും പ്രവാചകനെ പിന്‍പറ്റുന്ന വിശ്വാസികളുമായിരിക്കും സാക്ഷികളാവുക. 2: 143 ലും 22: 78 ലും നിങ്ങളില്‍ പ്രവാചകന്‍ സാക്ഷിയാകാനും നിങ്ങള്‍ മനുഷ്യര്‍ക്ക് സാക്ഷിയാകാനും വേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ തന്നെയാണ് ഏറ്റവും വലിയ സാക്ഷി. പ്രവാചകന്‍റെ ജീവിതം അജയ്യഗ്രന്ഥമായ അദ്ദിക്റിന്‍റെ വഴിയിലുള്ളതായിരുന്നു. 4: 115 ല്‍, സന്മാര്‍ഗ്ഗം വന്നുകഴിഞ്ഞശേഷം ആരെങ്കിലും പ്രവാചകനോട് വിഘടിച്ച് വിശ്വാസികളുടെ മാര്‍ഗമല്ലാത്തത് പിന്‍പറ്റിയാല്‍ അല്ലാഹു അവനെ തിരിഞ്ഞേടത്തേക്കുതന്നെ തിരിക്കുകയും നരകക്കുണ്ഠത്തില്‍ കരിക്കുകയും ചെയ്യുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ പ്രവാചകന്മാരും വിശ്വാസികളാണെന്ന് 37: 81, 111, 122, 132 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 39: 69 ല്‍, വിചാരണാനാളില്‍ ഗ്രന്ഥം ഹാജരാക്കപ്പെടുമെന്നും നബിമാരും സാക്ഷികളും കൊണ്ടുവരപ്പെടുമെന്നും സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. അവരവരുടെ പ്രവര്‍ത്തന റിക്കാര്‍ഡുതന്നെ അനുകൂലമായും പ്രതികൂലമായും സാക്ഷ്യം വഹിക്കുന്നതാണ് എന്ന് 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 27-29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ അവരവരുടെ കൈകാലുകള്‍ സംസാരിക്കുമെന്ന് 36: 65 ലും; തൊലികളും കേള്‍വിയും കാഴ്ചയും സാക്ഷ്യം വഹിക്കുമെന്ന് 41: 19-24 ലും; ഭൂമി അതിന്‍റെ റിക്കാര്‍ഡ് സമര്‍പ്പിക്കുമെന്ന് 99: 4 ലും പറഞ്ഞിട്ടുണ്ട്. തന്‍റെ സമുദായത്തിന് വേണ്ടി മരണസമയത്ത് പോലും പ്രാര്‍ത്ഥിച്ച പ്രവാചകന്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് കള്ളവാദികളെ പിന്‍പറ്റി ജീവിച്ച അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കെതിരെ പരലോകത്തുവെച്ച് ഗ്രന്ഥവും കൊണ്ടുവന്ന് 'എന്‍റെ ഈ ജനത വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്റിനെ അവഗണിച്ചതാണ് ഇവര്‍ പിശാചിന്‍റെ വലയത്തില്‍ അകപ്പെടാന്‍ കാരണമെന്ന്' അന്യായം ബോധിപ്പിക്കുമെന്ന് 25: 17-18, 29-30 സൂക്തങ്ങളില്‍ പറഞ്ഞത് ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 8: 22; 11: 17; 25: 33-34 വിശദീകരണം നോക്കുക.