إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَنْ يَشَاءُ ۚ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
നിശ്ചയം അല്ലാഹു അവനെക്കൊണ്ട് പങ്കുചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല തന്നെ, അതല്ലാത്തതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതുമാണ്, ആരാണോ അല്ലാഹുവിനെക്കൊണ്ട് പങ്കുചേര്‍ക്കുന്നത്, അപ്പോള്‍ നിശ്ചയം അവന്‍ വമ്പിച്ച വ്യാജവും ഭയങ്കരമായ കുറ്റവും കെട്ടിച്ച മച്ചിരിക്കുന്നു.
4: 116 ഇതേ ആശയമുള്ള സൂക്തമാണ്. 12: 103 ല്‍, നീ എത്ര ജാഗ്രത പാലിച്ചാലും ജനങ്ങളില്‍ അധികപേരും വിശ്വസിക്കുകയില്ല എന്നും; 12: 106 ല്‍, ജനങ്ങളില്‍ അധികപേരും അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുകയില്ല, അവനില്‍ പങ്കുചേര്‍ത്തുകൊണ്ടല്ലാതെ എന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുമ്പോള്‍ മാത്രമേ ഒരുവന്‍ അല്ലാഹുവിന്‍റെ ഏകത്വത്തില്‍ വിശ്വസിക്കേണ്ട വിധം വിശ്വസിക്കുന്നവനാവുകയുള്ളൂ. കാണാതെ കണ്ട് വിളിച്ച് പ്രാര്‍ത്ഥിക്കാനും അഭയം തേടാനും സഹായം തേടാനും ഭരമേല്‍പിക്കാനും ഭയപ്പെടാനും ജീവിതത്തെക്കുറിച്ച് ഉത്തരം പറയാനും അര്‍ഹനായിട്ടുള്ള പ്രപഞ്ചനാഥനായ അല്ലാഹുവിനെ പരിചയപ്പെടുത്താനാണ് 6236 സൂക്തങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 7: 172 ല്‍ പറഞ്ഞ പ്രകാരം മനുഷ്യരെയെല്ലാം സ്വര്‍ഗത്തില്‍ സൃഷ്ടിച്ച് 'ഞാനല്ലെയോ നിങ്ങളുടെ ഉടമ' എന്ന് അല്ലാഹു ചോദിച്ചപ്പോള്‍ എല്ലാ ഓരോരുത്തരും 'അതെ നാഥാ, ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു' എന്ന് ഉടമ്പടി ചെയ്തതായി പറഞ്ഞിട്ടുണ്ട്. പ്രസ്തുത ഉടമ്പടി പാലിച്ചുകൊണ്ട് 'ഞാനില്ല, എന്‍റേതൊന്നുമില്ല' എന്ന നയത്തില്‍ എപ്പോഴും എവിടെയും അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് നിലകൊള്ളാത്തവര്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും പിശാചിന്‍റെ വലയത്തില്‍ അകപ്പെട്ടവരുമാണ്. ചുരുക്കത്തില്‍ ഗ്രന്ഥത്തിന്‍റെ ആളുകളാണെന്ന് അഭിമാനിക്കുകയും എന്നാല്‍ ത്രികാലജ്ഞാനിയായ അല്ലാഹു ഉറക്കവും മയക്കവുമില്ലാതെ എല്ലാം പതിയിരുന്ന് വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന ബോധത്തില്‍ നിലകൊള്ളാതിരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളാണ് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍.
നിശ്ചയം നിനക്കും നിനക്ക് മുമ്പുള്ളവരായവര്‍ക്കും ദിവ്യസന്ദേശം നല്‍കപ്പെട്ടിട്ടുണ്ട്, നീയെങ്ങാനും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ത്താല്‍ നിന്‍റെ പ്രവൃത്തികളെല്ലാം പാഴായിപ്പോവുകയും നീ എല്ലാം നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുകയും ചെയ്യുന്നതാണ് എന്ന് 39: 65 ലും; അപ്പോള്‍ നീ അല്ലാഹുവിനെ സേവിക്കുകയും നീ നന്ദി പ്രകടിപ്പിക്കുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്യുക എന്ന് 39: 66 ലും പറഞ്ഞിട്ടുണ്ട്. അറിവില്ലായ്മ കൊണ്ട് ചെയ്ത തെറ്റുകള്‍ അറിവ് കിട്ടുമ്പോള്‍ അല്ലാഹുവിനോട് ഏറ്റുപറഞ്ഞാല്‍ പൊറുത്തുകൊടുക്കുമെന്ന് 4: 17-18 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 31: 13 ല്‍, ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിച്ചുകൊണ്ട് പറയുന്നു: എന്‍റെ കുഞ്ഞുമോനേ, നീ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കരുത്, നിശ്ചയം അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കല്‍ (ശിര്‍ക്ക്) വമ്പിച്ച അക്രമം തന്നെയാണ്. 22: 31 ല്‍, ആരെങ്കിലും അല്ലാഹുവിനെക്കൊണ്ട് പങ്കുചേര്‍ക്കുകയാണെങ്കില്‍ അവന്‍ ആകാശത്തുനിന്ന് വീണവനെപ്പോലെയാണ്, അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ട് പോവുകയോ അല്ലെങ്കില്‍ കാറ്റിനാല്‍ നയിക്കപ്പെട്ട് എവിടെയെങ്കിലും അഗാധഗര്‍ത്തങ്ങളില്‍ ചെന്നുവീഴുകയോ ചെയ്യുന്നവനെപ്പോലെയാണെന്ന് പറഞ്ഞിട്ടുണ്ട്. അഥവാ അത്തരം ആളുകള്‍ ലക്ഷ്യത്തിലെത്തുകയില്ല എന്ന് ചുരുക്കം. 16: 100 ല്‍, അല്ലാഹുവിനെക്കൊണ്ട് പങ്കുചേര്‍ക്കുന്നവരുടെ മേലിലാണ് പിശാചിന് സ്വാധീനമുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്.
ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് അല്ലാഹു തൃപ്തിപ്പെട്ട 5: 56 ലും 58: 22 ലും പറഞ്ഞ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാതെ വിവിധ സംഘടനകളായി പിരിഞ്ഞ് 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍പെട്ട എല്ലാ ഫുജ്ജാറുകളും 30: 30-32 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളാണ്. അല്ലാഹുവിന്‍റെ ദീനില്‍ പങ്കുചേര്‍ക്കുന്നതും ശിര്‍ക്ക് തന്നെയാണ്. വിവിധ സംഘടനകളുടെ നേതാക്കളായ കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന അനുയായികളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 73; 48: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ ഈ രണ്ടുകൂട്ടരുമാണ് കരയിലെ ദുഷ്ടജീവികളെന്ന് 98: 6 ല്‍ പറഞ്ഞിട്ടുണ്ട്. 2: 113; 6: 115-116; 9: 28 വിശദീകരണം നോക്കുക.