( അന്നിസാഅ് ) 4 : 52

أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ ۖ وَمَنْ يَلْعَنِ اللَّهُ فَلَنْ تَجِدَ لَهُ نَصِيرًا

അക്കൂട്ടരാണ് അല്ലാഹുവിന്‍റെ ശാപത്തിന് വിധേയമായവര്‍, ആരെയാണോ അല്ലാഹു ശപിച്ചിട്ടുള്ളത്, അപ്പോള്‍ അവന് യാതൊരു സഹായിയെയും നീ കണ്ടെത്തുകയില്ലതന്നെ.

ജിബ്ത്ത് എന്നാല്‍ മിഥ്യ, അടിസ്ഥാനരഹിതം, നിഷ്ഫലം എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. മന്ത്രവാദം, മാരണം, ജ്യോതിഷം, മുഹൂര്‍ത്തം നോക്കല്‍, ശകുനം, നക്ഷത്രഫലം, ജാതകഫലം, സ്ഥാനം നോക്കല്‍, കണികാണല്‍, ഹസ്തരേഖ നോക്കല്‍, ചൊവ്വാദോഷം നോക്കല്‍ തുടങ്ങിയ അടിസ്ഥാനരഹിതവും അന്ധവിശ്വാസജന്യവുമായ എല്ലാ ഊഹാപോഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കുമുള്ള സമഗ്രമായ പേരാണ് ജിബ്ത്ത്. പക്ഷി ലക്ഷണവും ശകുനം നോക്കലും പ്രശ്നം വെക്കലും ജിബ്ത്തില്‍ പെട്ടതാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ത്വാഗൂത്ത്: ദേഹേച്ഛ, കാക്കകാരണവന്മാരുടെ വഴി അന്ധമായി അനുസരിക്കല്‍, സംഘടനാപക്ഷപാതം, വര്‍ഗീയത, ദേശീയത, വംശീയത, സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, ലിംഗപക്ഷപാതം തുടങ്ങി അല്ലാഹുവിന്‍റെ ഏകമാര്‍ഗമായ അദ്ദിക്റിന് വിരുദ്ധമായ പിശാചിന്‍റെ വഴികളാണ് ത്വാഗൂത്ത്. 2: 257 വിശദീകരണം നോക്കുക.

ഇന്ന് ലോകരില്‍ ഫുജ്ജാറുകള്‍ മാത്രമാണ് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. എന്നാല്‍ ത്രികാലജ്ഞാനിയായ നാഥനില്‍ നിന്നുള്ള അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഈ ജനത 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്ന കെട്ടജനതയായി അധഃപതിച്ചിരിക്കുകയാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ ലോകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ അവര്‍ അവരെത്തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല എന്ന് 6: 25-26 സൂക്തങ്ങളില്‍ അവര്‍ വായിക്കുന്നുണ്ട്. 16: 36 ല്‍ വിവരിച്ചതുപോലെ മാരണം, മന്ത്രം, കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങള്‍ എന്നിവ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരും അറബിഭാഷ സ്വര്‍ഗത്തിലെ ഭാഷയാണെന്നും അത് പഠിച്ചവരും പ്രവാചകന്‍റെ പേരുവെച്ചവരുമെല്ലാം സ്വര്‍ഗത്തിലേക്കാണ് പോവുക എന്നുമുള്ള മിഥ്യാധാരണയില്‍ പ്രജ്ഞയറ്റവരായി ജീവിക്കുന്നവരുമാണ് അവര്‍. അല്ലാഹ്, അല്ലാഹ് എന്ന് നാവുകൊണ്ട് പറയുന്നു എന്നല്ലാതെ അല്ലാഹുവിനെ ഗ്രന്ഥം സമര്‍പ്പിക്കുന്ന വിധത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത അവരാണ് പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലേക്കും നിജപ്പെടുത്തിവെക്കപ്പെട്ടവര്‍ എന്ന് 9: 67-68; 11: 17; 15: 44; 25: 34, 65-66; 48: 6; 98: 6 സൂക്തങ്ങളിലെല്ലാം ഫുജ്ജാറുകളായ അവര്‍ വായിക്കുന്നുണ്ട്. 2: 85; 3: 86-89, 119; 4: 140 വിശദീകരണം നോക്കുക.