( അന്നിസാഅ് ) 4 : 56

إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا

നിശ്ചയം നമ്മുടെ സൂക്തങ്ങള്‍ മൂടിവെച്ചവരായവര്‍, അവരെ നാം നരകത്തീയില്‍ വേവിക്കുകതന്നെ ചെയ്യും, എല്ലാഓരോ പ്രാവശ്യവും അവരുടെ തൊലി ഉരുകിയുരുകി ഇല്ലാതാകുമ്പോള്‍ തല്‍സ്ഥാനത്ത് നാം അതല്ലാത്ത പുതിയ തൊലികള്‍ വെച്ചുകൊടുക്കും, ശിക്ഷ അതിന്‍റെ പൂര്‍ണ്ണരുചിയില്‍ 'ആസ്വദിക്കു'ന്നതിനുവേണ്ടി, നിശ്ചയം അല്ലാഹു അജയ്യനായ യുക്തിജ്ഞാനിയായിരിക്കുന്നു.

20: 74 ല്‍, ആരാണോ ഭ്രാന്തനായിക്കൊണ്ട് തന്‍റെ നാഥനിലേക്ക് വരുന്നത്, അപ്പോള്‍ അവന് നരകമുണ്ട്, അതില്‍ അവന്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യുകയില്ല എന്നും 20: 75 ല്‍, ആരാണോ വിശ്വാസിയായിക്കൊണ്ട് തന്‍റെ നാഥനിലേക്ക് വരുന്നത്, അവന്‍ സ്വര്‍ഗ്ഗം പണിതിട്ടുമുണ്ട്, അപ്പോള്‍ അക്കൂട്ടര്‍ക്ക് മാന്യമായ പ്രതിഫലമുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. വിധിദിവസം നരകവാസികളുടെ തൊലികളും കാഴ്ചകളും കേള്‍വികളും അവര്‍ക്കെതിരായി സാക്ഷ്യം വഹിക്കുമ്പോള്‍ അവര്‍ തൊലിയോട് ചോദിക്കുന്നതാണ്: എന്താണ് തൊലീ, നീ നമുക്കെതിരായി സാക്ഷ്യം വഹിക്കുന്നത്? അപ്പോള്‍ തൊലി പറയും: എല്ലാ വസ്തുക്കള്‍ക്കും അതിന്‍റെ പ്രതിഫലനശേഷി നല്‍കിയ അല്ലാഹു എന്നെക്കൊണ്ട് പ്രതിഫലിപ്പിച്ചതാണ്, അവനാണല്ലോ നിങ്ങളെ ഇല്ലായ്മയില്‍ നിന്നും സൃഷ്ടിച്ചത്, (അപ്പോള്‍ ഞാനുണ്ടായിരുന്നില്ലല്ലോ), നിങ്ങള്‍ മടക്കപ്പെടുന്നതും അവനിലേക്കാണല്ലോ! നിങ്ങളുടെ കേള്‍വികളും കാഴ്ചകളും തൊലികളും നിങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. നിങ്ങള്‍ കരുതിയത് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ അധികവും ത്രികാലജ്ഞാനിയായ അല്ലാഹു അറിയുന്നില്ല എന്നായിരുന്നു എന്ന് 41: 20-22 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദിക്ര്‍ കിട്ടിയിട്ട് അതിനെ മൂടിവെക്കുകയും കളവാക്കുകയും ചെയ്യുന്ന കാഫിറുകള്‍ നരകത്തില്‍ കരിക്കപ്പെടുകതന്നെ ചെയ്യുന്നതാണ്. ദിക്റായെ വെടിഞ്ഞവന്‍ വമ്പിച്ച നരകത്തീയില്‍ വേവിക്കപ്പെടുകതന്നെ ചെയ്യുമെന്ന് 87: 9-12 ലും, പിന്നെ അതില്‍ അവന്‍ മരിക്കുകയോ ജീവിക്കുകയോ ഇല്ലെന്ന് 87: 13 ലും പറഞ്ഞിട്ടുണ്ട്. ശരീരത്തില്‍ നിന്ന് തൊലി പോയിക്കഴിഞ്ഞാല്‍ പിന്നെ വേദന അനുഭവപ്പെടുകയില്ലെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പുതിയ തൊലി വെച്ചുകൊടുക്കപ്പെടുന്നതിനാല്‍ മരണമുണ്ടാവുകയില്ല. മരണമില്ലെങ്കില്‍ പിന്നെ ജനനവുമില്ല. 

ഗ്രന്ഥത്തില്‍ 520 സ്ഥലങ്ങളിലും പറഞ്ഞ കാഫിറുകള്‍ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് സംസാരിക്കുന്ന കപടവിശ്വാസികളും അവരുടെ സംസാരം കേട്ടിരിക്കുന്ന അനുയായികളുമാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ അവര്‍ രണ്ട് കൂട്ടരെയും നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടുകതന്നെ ചെയ്യുമെന്ന് 4: 140 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 24, 121; 3: 116; 25: 33-34; 43: 74-78 വിശദീകരണം നോക്കുക.