وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا
അല്ലാഹുവിന്‍റെ സമ്മതപത്രം കൊണ്ട് അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ പ്രവാചകന്മാരില് നിന്നുള്ള ഒരാളെയും നാം നിയോഗിച്ചിട്ടുമില്ല, അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയും നിന്‍റെ അടുത്തുവരികയും അങ്ങനെ അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും പ്രവാചകന്‍ അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്തിരുന്നുവെങ്കില്‍, നിശ്ചയം അവര്‍ അല്ലാഹുവിനെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്ന കാരുണ്യവാനായി കണ്ടെത്തുമായിരുന്നു.
അല്ലാഹു ഭൂമിയിലേക്ക് വരിക എന്നത് അസംഭവ്യമാണ്. പകരം അവന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് പ്രവാചകന്‍മാരെ നിയോഗിക്കുന്നു. മൊത്തം സൃഷ്ടികള്‍ക്ക് അവന്‍ തൃപ്തിപ്പെട്ട അവന്‍റെ സന്ദേശം സന്ദേശവാഹകരായ മലക്കുകള്‍ വഴിയാണ് പ്രവാചകന്മാര്ക്ക് എത്തിച്ചുകൊടുക്കുന്നത്. അല്ലാഹുവിന്‍റെ സമ്മതപത്രം കൊണ്ട് അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ പ്രവാചകന്മാരില് നിന്നുള്ള ഒരാളെയും നാം നിയോഗിച്ചിട്ടുമില്ല എന്ന് പറഞ്ഞതുകൊണ്ട് ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു പദമെങ്കിലും ന്യായീകരിക്കാത്ത ഒരു നബിവചനവും എടുക്കാവുന്നതല്ല. കാരണം അവ യഥാര്‍ത്ഥ നബിവചനങ്ങളായിരിക്കുകയില്ല. 53: 3 പ്രകാരം പ്രവാചകന്‍ ദേഹേച്ഛയനുസരിച്ച് സംസാരിക്കുകയില്ല എന്നതിനാല്‍ അദ്ദിക്റിന് വിരുദ്ധമായി നബിവചനങ്ങള്‍ എന്ന പേരിലുള്ളതെല്ലാം മനുഷ്യപ്പിശാചുക്കളായ കള്ളവാദികളും അവരെ പിന്‍പറ്റുന്ന കപടവിശ്വാസികളും എഴുതിയുണ്ടാക്കിയതാണ്. 'തങ്ങളോട് അക്രമം പ്രവര്‍ത്തിച്ചവര്‍' എന്നാല്‍ ശിര്‍ക്ക് ചെയ്തവരും അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ ഉള്‍പ്പെടാതെ വിവിധ സംഘടനകളില്‍ ചേക്കേറിയവരും അദ്ദിക്ര്‍ മനസ്സിലാക്കിയിട്ടും പിന്‍പറ്റാത്തവരും അല്ലാഹു അല്ലാത്തവരുടെ മേല്‍ നേര്‍ച്ചവഴിപാടുകള്‍ അര്‍പ്പിച്ചവരുമെല്ലാമാണ്. അവര്‍ പ്രവാചകന്‍റെ അടുത്തുപോയി കുറ്റം ഏറ്റുപറഞ്ഞാല്‍ പ്രവാചകന്‍ അവരുടെ കുറ്റം ഏറ്റെടുക്കും എന്നാണ് മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ പ്രചരിപ്പിക്കുന്നത്. ഈ സൂക്തം വളച്ചൊടിച്ച് പ്രവാചകനോട് സഹായം തേടുന്നതിനും പ്രവാചകനോട് പൊറുക്കലിനെ തേടുന്നതിനും പ്രവാചകന്‍റെ മദ്ഹ് പാടിപ്പുകഴ്ത്തുന്ന മൗലീദ് പാരായണത്തിനും തെളിവായി ഉദ്ധരിക്കുന്നവരാണ് അവര്‍. അതുവഴി അവര്‍ മറ്റുള്ളവരെ നരകത്തിലേക്ക് ആനയിക്കുന്നവരാണ്.
അന്ന് പ്രവാചകനോട് മനസ്സുതുറന്ന് കാര്യങ്ങള്‍ സംസാരിക്കുകയും ഉപദേശം സ്വീകരിക്കുകയും അവര്‍ തന്നെ സ്വയം അല്ലാഹുവിനോട് പൊറുക്കലിനെത്തേടുകയും പിന്നെ അവര്‍ക്കുവേണ്ടി പ്രവാചകനും അല്ലാഹുവിനോട് പൊറുക്കലിനെത്തേടുകയും വേണമെന്നാണ് സൂക്തത്തില്‍ പറയുന്നത്. 25: 58 ലെ ത്രികാലജ്ഞാനിയില്‍ നിന്ന് 25: 59 ലെ ത്രികാലജ്ഞാനിയിലൂടെ 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവും ത്രികാലജ്ഞാനവും നാഥന്‍റെ സമ്മതപത്രവുമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അത് മനസ്സിരുത്തി വായിച്ച് തന്‍റെ കഴിഞ്ഞ കാല ജീവിതത്തില്‍ വന്നുപോയ തെറ്റുകുറ്റങ്ങള്‍ എല്ലാം വലയം ചെയ്ത, സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധനായ അല്ലാഹുവിനോട് ഹൃദയം കൊണ്ട് ഏറ്റുപറയുകയും ഇതര മനുഷ്യര്‍ക്ക് അവരുടെ തെറ്റുകുറ്റങ്ങള്‍ തിരിച്ചറിയുന്നതിനും അവ നന്മകളാക്കി പരിവര്‍ത്തിപ്പിക്കുന്നതിനും വേണ്ടി അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിക്കുകയുമാണ് വേണ്ടത്. 2: 119, 213; 3: 128-129; 4: 17-18, 31; 25: 68-70 വിശദീകരണം നോക്കുക.