فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا
അപ്പോള്‍ അല്ല; നിന്റെ നാഥനാണ് സത്യം, അവര്‍ക്കിടയിലുള്ള തര്‍ക്കങ്ങളില്‍ നിന്നെ വിധികര്‍ത്താവായി സ്വീകരിക്കുകയും എന്നിട്ട് നീ നല്കുന്ന വിധി തീര്‍പ്പുകളില്‍ മനഃപ്രയാസം തോന്നാതിരിക്കുകയും അത് അടിമുടി സമ്മതിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ലതന്നെ!
പ്രവാചകന്റെ കാലത്തെ വിശ്വാസികള്‍ക്ക് മാത്രമല്ല, അന്ത്യനാള്‍ വരെയുള്ള വിശ്വാസികള്‍ക്ക് മുഴുവനും ബാധകമാണ് ഈ സൂക്തം. 33: 6 ല്‍, വിശ്വാസികള്‍ സ്വന്തത്തേക്കാള്‍ പ്രവാചകന് പ്രാധാന്യം കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. 63: 8 ല്‍, അല്ലാഹുവിനും പ്രവാചകനും വിശ്വാസികള്‍ക്കുമാണ് പ്രതാപമെന്നും എന്നാല്‍ കപടവിശ്വാസികള്‍ക്ക് ഈ വസ്തുത അറിയില്ലെന്നും പറഞ്ഞിട്ടുണ്ട്. പ്രവാചകന്റെ കാലത്തുള്ളവര്‍ പ്രവാചകനെ പൂര്‍ണ്ണമായി പിന്‍പറ്റി ജീവിക്കുക തന്നെ വേണം. എന്നാല്‍ ഇന്നുള്ളവര്‍ അദ്ദിക്റില്‍ നിന്ന് പ്രവാചകനെ കാണുകയും ഇന്ന് പ്രവാചകനുണ്ടെങ്കില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഏത് മാര്‍ഗമാണ് സ്വീകരിക്കുക എന്ന് അദ്ദിക്റില്‍ നിന്ന് സ്വയം മനസ്സിലാക്കി ആ മാര്‍ഗം പിന്‍പറ്റുകയും വേണം. അഥവാ ത്രികാലജ്ഞാനിയില്‍ നിന്നുള്ള 25: 33 ല്‍ പറഞ്ഞ ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുമ്പോള്‍ മാത്രമേ നാഥനെക്കൊണ്ടുള്ള വിശ്വാസം രൂപപ്പെടുകയും പ്രവാചകന്മാരെയും നബിമാരെയും പിന്പറ്റുന്നവരാവുകയും ചെയ്യുകയുള്ളൂ. പ്രവാചകന്റെ മാര്‍ഗം പിന്‍പറ്റുന്ന വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്ന വിശ്വാസിയെ പിന്പറ്റാത്തവരെ അവര്‍ തിരിഞ്ഞേടത്തേക്കുതന്നെ തിരിക്കുകയും നരകക്കുണ്ഠത്തില്‍ വേവിക്കുകയും ചെയ്യുമെന്നാണ് 4: 115 ല്‍ പറഞ്ഞിട്ടുള്ളത്. നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല, തന്റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നിട്ടുള്ളതിനെ പിന്‍പറ്റുന്നതുവരെ എന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്റെ പൊരുളും അതാണ്. 2: 146 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റില്‍ നിന്ന് പ്രവാചകന്റെ ജീവിതം മനസ്സിലാക്കി ജനങ്ങളില്‍ പ്രവാചകന്റെ ജീവിതം സാക്ഷ്യം വഹിക്കുമ്പോള്‍ മാത്രമാണ് ഗ്രന്ഥത്തെ സത്യപ്പെടുത്തുന്നവരും പ്രവാചകനെ പിന്പറ്റുന്നവരുമാവുക. 2: 18; 174-176; 3: 7; 31-32; 4: 59 വിശദീകരണം നോക്കുക.