( അന്നിസാഅ് ) 4 : 85

مَنْ يَشْفَعْ شَفَاعَةً حَسَنَةً يَكُنْ لَهُ نَصِيبٌ مِنْهَا ۖ وَمَنْ يَشْفَعْ شَفَاعَةً سَيِّئَةً يَكُنْ لَهُ كِفْلٌ مِنْهَا ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ مُقِيتًا

ആരെങ്കിലും ഒരു നന്മ പ്രവര്‍ത്തിക്കുവാന്‍ ശുപാര്‍ശ ചെയ്യുകയാണെങ്കില്‍ അവന് അതില്‍നിന്നുള്ള ഒരു വിഹിതമുണ്ട്, ആരെങ്കിലും ഒരു തിന്മ പ്രവര്‍ത്തിക്കാന്‍ ശുപാര്‍ശ ചെയ്യുകയാണെങ്കില്‍ അവന് അതില്‍ നിന്നുള്ള തിന്മയുടെ ഭാരത്തിന്‍റെ ഒരു പങ്കുമുണ്ട്, അല്ലാഹു എല്ലാഓരോ കാര്യത്തിന്‍റെമേലും വലയം ചെയ്ത മേല്‍നോട്ടക്കാരനുമായിരിക്കുന്നു.

6: 160 ല്‍, ആരാണോ ഒരു നന്മയും കൊണ്ട് വന്നത്, അതിന് പത്തിരട്ടി നന്മയുണ്ട്, ആരാണോ ഒരു തിന്മയും കൊണ്ട് വന്നത് അതിന് തക്കപ്രതിഫലമല്ലാതെ ലഭിക്കുകയില്ല, അവര്‍ അല്‍പം പോലും അനീതി കാണിക്കപ്പെടുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 36: 12 ല്‍, അവരുടെ ജീവിതകാലത്ത് പ്രവര്‍ത്തിച്ച കാര്യങ്ങളും അവര്‍ പിന്‍തലമുറക്ക് വിട്ടേച്ചുപോയ പൈതൃകങ്ങളുടെ നേട്ടകോട്ടങ്ങളും നാം രേഖപ്പെടുത്തുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. അതായത് ജീവിതകാലത്ത് ചെയ്ത പ്രവൃത്തികള്‍ മാത്രമല്ല, പിന്‍ഗാമികള്‍ തന്‍റെ പാത പിന്തുടര്‍ന്ന് ചെയ്ത പ്രവൃത്തികളുടെ നേട്ടകോട്ടങ്ങളുടെ ഒരു വിഹിതവും ഓരോരുത്തര്‍ക്കും ലഭിക്കുന്നതാണ് എന്നര്‍ത്ഥം. 82: 5 ല്‍, എല്ലാ ഓരോ ആത്മാവും അതിന്‍റെ ജീവിതകാലത്ത് സമ്പാദിച്ചതും പില്‍ക്കാലത്ത് സമ്പാദിച്ചതും വിധിദിവസം അറിയുന്നതാണ് എന്നും; 75: 13 ല്‍, മനുഷ്യരോട് അവര്‍ മുമ്പ് ചെയ്തതിനെക്കുറിച്ചും അവര്‍ പിന്നീട് ചെയ്തതിനെക്കുറിച്ചും വിധിദിവസം വിവരം പറയുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. ഈ രണ്ട് സൂക്തങ്ങളിലും പിന്നീട് ചെയ്തത് എന്നതിന്‍റെ ഉദ്ദേശ്യം ഓരോരുത്തരുടെയും പൈതൃകങ്ങളാണ്. 

പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും നാഥനെ കീര്‍ത്തനം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്ന് 17: 44; 24: 41 സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത് പരിഗണിച്ചുകൊണ്ട് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായി അദ്ദിക്റിനെ ഉപയോഗപ്പെടുത്താന്‍ ഉപദേശിക്കുകയും 1000 സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളുടെ നിലനില്‍പ്പ് ലക്ഷ്യം വെച്ച് ജീവജാലങ്ങള്‍ അവയുടെ നാഥനെ കീര്‍ത്തനം ചെയ്യുന്നതിന്‍റെയും വാഴ്ത്തുന്നതിന്‍റെയും പുണ്യത്തില്‍ നിന്ന് ഒരു വിഹിതം ലഭിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി ലോകരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നവരാണ് വിശ്വാസികള്‍. ഗ്രന്ഥത്തെ മൂടിവെച്ചതിനാല്‍ 63: 4; 80: 17 സൂക്തങ്ങള്‍ പ്രകാരം വധിക്കപ്പെട്ട ഇവര്‍ അവരുടെ അനുയായികളോട് പറയുന്നത് 'നിങ്ങള്‍ ഞങ്ങളെ പിന്‍പറ്റുക, ഞങ്ങള്‍ നിങ്ങളുടെ പാപഭാരം വഹിച്ചുകൊള്ളാം' എന്നാണ്. എന്നാല്‍ വിചാരണയില്ലാതെ നരകക്കുണ്ഠത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന കപടവിശ്വാസികള്‍ അനുയായികളുടെ പാപത്തില്‍ നിന്ന് ഒന്നും തന്നെ വഹിക്കുകയില്ല, നിശ്ചയം അവര്‍ കളവ് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ തന്നെയാണ്. അവര്‍ അവരുടെ പാപഭാരങ്ങളും അതോടൊപ്പം മറ്റുള്ളവരുടെ പാപഭാരങ്ങളും വഹിക്കേണ്ടി വരിക തന്നെ ചെയ്യും, വിധിദിവസം അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് അവര്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും എന്ന് 29: 12-13 സൂക്തങ്ങളിലും; ഇത്തരം അഹങ്കാരികളായ കാഫിറുകളോട് 'എന്താണ് നിങ്ങളുടെ നാഥന്‍ അവതരിപ്പിച്ചത്' എന്ന് ചോദിച്ചാല്‍ അവര്‍ പറയും 'പൂര്‍വികരുടെ പുരാണങ്ങള്‍' എന്ന്. അന്ത്യനാളില്‍ അവരുടെ പാപഭാരം അവര്‍ വഹിക്കുന്നതിനും അവര്‍ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്ന അറിവില്ലാത്തവരുടെ പാപഭാരത്തില്‍ നിന്ന് ഒരു വിഹിതവും കൂടി വഹിക്കുന്നതിനും വേണ്ടിയാണ് അത്; അറിഞ്ഞിരിക്കുക! അവര്‍ വഹിച്ചുകൊണ്ടിരിക്കുന്നത് ദുഷിച്ചതുതന്നെ എന്ന് 16: 24-25 സൂക്തങ്ങളിലും അവര്‍ വായിച്ചിട്ടുണ്ട്. 

വിശ്വാസികള്‍ മനുഷ്യരെ അദ്ദിക്റിലേക്ക് വിളിക്കുക വഴി സ്വര്‍ഗത്തിലേക്കും എളുപ്പമായ ജീവിതമാര്‍ഗത്തിലേക്കുമാണ് വിളിക്കുന്നത്. എന്നാല്‍ പിശാചിന്‍റെ സംഘത്തില്‍ പെട്ട കപടവിശ്വാസികള്‍ അദ്ദിക്റില്‍ നിന്ന് തടയുന്നതിലൂടെ മനുഷ്യരെ വിവിധ സംഘടനകളിലേക്കും സ്വാര്‍ത്ഥതയിലേക്കും ജീവിതഭാരങ്ങളിലേക്കും അതുവഴി നരകക്കുണ്ഠത്തിലേക്കുമാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ നിങ്ങള്‍ കേള്‍ക്കരുത് എന്ന് പറയുന്ന 41: 26-28 സൂക്തങ്ങളില്‍ പറഞ്ഞ കാഫിറുകള്‍ കപടവിശ്വാസികളാണെങ്കില്‍, 41: 29 ല്‍ പറഞ്ഞ കാഫിറുകള്‍ അവരെ അന്ധമായി അനുസരിക്കുന്ന അനുയായികളാണ്. 2: 261; 3: 90-91; 4: 64-65 വിശദീകരണം നോക്കുക.