( അന്നിസാഅ് ) 4 : 86

وَإِذَا حُيِّيتُمْ بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا

നിങ്ങള്‍ ഒരു അഭിവാദ്യം കൊണ്ട് അഭിവാദനം ചെയ്യപ്പെട്ടാല്‍ അതിലും ഭംഗിയായി നിങ്ങള്‍ പ്രത്യഭിവാദ്യം ചെയ്യുവിന്‍, അല്ലെങ്കില്‍ അതുതന്നെ തിരിച്ചു നല്‍കുക, നിശ്ചയം അല്ലാഹു എല്ലാഓരോ കാര്യത്തിന്‍റെമേലും കണക്ക് നോക്കുന്നവന്‍ തന്നെയായിരിക്കുന്നു.

അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹീതവും പരിശുദ്ധവുമായ അഭിവാദനം ചെയ്തുകൊണ്ടായിരിക്കണം വിശ്വാസികള്‍ അവരുടെ വീടുകളിലേക്കും മറ്റു വീടുകളിലേക്കും പ്രവേശിക്കേണ്ടത് എന്ന് 24: 61 ല്‍ പറഞ്ഞിട്ടുണ്ട്. 

അല്ലാഹുപോലും അഭിസംബോധനം ചെയ്യാത്ത വിധം നിന്നെ അഭിസംബോധനം ചെയ്യുകയും നിനക്കെതിരായിട്ട് ഗൂഢതന്ത്രം പ്രയോഗിക്കുന്നതിന്‍റെ പേരില്‍ എന്തുകൊണ്ടാണ് അല്ലാഹു നമ്മെ ശിക്ഷിക്കാത്തത് എന്ന് ആത്മഗതം ചെയ്യുകയും ചെയ്തിരുന്ന കപടവിശ്വാസികളെക്കുറിച്ച് 58: 8 ല്‍ അല്ലാഹു പ്രവാചകനോട് പറയുന്നുണ്ട്. മദീനയിലുണ്ടായിരുന്ന ജൂതരും കപടവിശ്വാസികളും പരിഹസിച്ചുകൊണ്ടും നാവ് വളച്ചുകൊണ്ടും 'നീ നശിക്കട്ടെ' എന്ന ആശയത്തില്‍ പ്രവാചകനെ അഭിസംബോധനം ചെയ്തിരുന്നു. അപ്പോള്‍ അവരോട് 'നിന്‍റെ മേല്‍ തന്നെ' എന്നും, ശാപപ്രാര്‍ത്ഥനയല്ല എന്ന് തോന്നുന്ന അവസരങ്ങളില്‍ 'നിന്‍റെ മേലിലും' എന്നും പ്രവാചകന്‍ പ്രത്യഭിവാദ്യം ചെയ്തിരുന്നു. അല്ലാഹു വധിച്ചുകളഞ്ഞ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാന്‍ വിശ്വാസി കല്‍പ്പിക്കപ്പെട്ടതിനാല്‍ വിശ്വാസികള്‍ സലാം അങ്ങോട്ട് പറയരുതെന്നും അവര്‍ ഇങ്ങോട്ട് പറഞ്ഞാല്‍ തന്നെ തക്കതായ വിധത്തില്‍ പ്രത്യഭിവാദ്യം ചെയ്യണമെന്നും പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു അവരെ ശപിക്കുകയും കൊല്ലുകയും ചെയ്തിരിക്കെ വിശ്വാസികള്‍ എങ്ങനെ അല്ലാഹു നിങ്ങളോടൊപ്പമുണ്ടായിരിക്കട്ടെ' എന്ന് കപടവിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും? കപടവിശ്വാസികളുടെമേല്‍ മയ്യിത്ത് നമസ്കരിക്കരുതെന്നും അവരുടെ ഖബറിങ്കല്‍ നില്‍ക്കരുതെന്നും 9: 84 ല്‍ അല്ലാഹു വിശ്വാസികളോട് കല്‍പിച്ചിട്ടുമുണ്ട്. 9: 113 ല്‍, ശിര്‍ക്ക് ചെയ്യുന്നവര്‍ക്കുവേണ്ടി -അവര്‍ മാതാപിതാക്കളാണെങ്കിലും ശരി- പൊറുക്കലിനെത്തേടാന്‍ പാടില്ല എന്ന് പ്രവാചകനോടും വിശ്വാസികളോടും കല്‍പ്പിച്ചിട്ടുണ്ട്. നരകത്തിലേക്കുള്ള വിഭാഗക്കാരായ ശിര്‍ക്ക് ചെയ്യുന്നവരെയും കപടവിശ്വാസികളെയും, സ്വര്‍ഗ്ഗത്തിലേക്കുള്ള വിശ്വാസികളെയും തിരിച്ചറിയാനുള്ള ഉപകരണമാണ് ത്രാസ്സും ഉരക്കല്ലും ഉള്‍ക്കാഴ്ചാദായകവുമായ അദ്ദിക്ര്‍. കപടവിശ്വാസികളും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അവരുടെ അനുയായികളും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, തുടങ്ങിയവര്‍ സലാം പറയുകയാണെങ്കില്‍ പ്രത്യഭിവാദ്യം ചെയ്യുകയില്ല. എന്നാല്‍ വിശ്വാസി ആര് അഭിസംബോധനം ചെയ്താലും തനതായ വിധത്തില്‍ പ്രത്യഭിവാദ്യം ചെയ്യുന്നതാണ്. പ്രവാചകന്‍ ഇസ്റാഅ്-മിഅ്റാജ് നാളില്‍ ജന്നത്തുല്‍ മഅ്വയില്‍ പ്രവേശിച്ച്, 'എല്ലാ തിരുമുല്‍കാഴ്ചകളും അല്ലാഹുവിനാണ്, എല്ലാ നമസ്കാരങ്ങളും (പ്രാര്‍ത്ഥനകളും) പരിശുദ്ധമായിട്ടുള്ളതെല്ലാം തന്നെയും' എന്ന് അല്ലാഹുവിനെ അഭിവാദ്യം ചെയ്തപ്പോള്‍, 'ഓ നബിയേ, നിന്‍റെമേല്‍ അല്ലാഹുവിന്‍റെ രക്ഷയുണ്ടായിരിക്കട്ടെ, അല്ലാഹുവിന്‍റെ കാരുണ്യവും അവന്‍റെ അനുഗ്രഹങ്ങളും' എന്ന് അല്ലാഹു പ്രത്യഭിവാദ്യം നല്‍കി. അപ്പോള്‍ അഭിവാദ്യം ചെയ്യല്‍ ഐച്ഛികമാണെങ്കില്‍ പ്രത്യഭിവാദ്യം ചെയ്യല്‍ വിശ്വാസിക്ക് നിര്‍ബന്ധമാണ്. 2: 62, 165-167; 4: 63; 17: 1; 58: 22 വിശദീകരണം നോക്കുക.