سَتَجِدُونَ آخَرِينَ يُرِيدُونَ أَنْ يَأْمَنُوكُمْ وَيَأْمَنُوا قَوْمَهُمْ كُلَّ مَا رُدُّوا إِلَى الْفِتْنَةِ أُرْكِسُوا فِيهَا ۚ فَإِنْ لَمْ يَعْتَزِلُوكُمْ وَيُلْقُوا إِلَيْكُمُ السَّلَمَ وَيَكُفُّوا أَيْدِيَهُمْ فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ ۚ وَأُولَٰئِكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطَانًا مُبِينًا
മറ്റൊരു വിഭാഗം കപടവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തുകതന്നെ ചെയ്യും, അവര്‍ നിങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കും, അവരുടെ ജനതയെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കും, പ്രതിസന്ധിയുടെ എല്ലാഓരോ ഘട്ടങ്ങളിലും അവര്‍ അതില്‍ വന്ന് തലയിടുകയും ചെയ്യും, അപ്പോള്‍ ഇക്കൂട്ടര്‍ നിങ്ങളെ വെടിയാതിരിക്കുകയും നിങ്ങളിലേക്ക് സന്ധിയുടെയും സമാധാനത്തിന്റെയും കൈകള്‍ നീട്ടാതിരിക്കുകയും അവരുടെ കൈകള്‍ നിങ്ങളെത്തൊട്ട് അടക്കിവെക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അവരെ എവിടെവെച്ചും എങ്ങനെയും പിടികൂടി കൊന്നുകളയുകയും ചെയ്യുക, അക്കൂട്ടരുടെമേല് തന്നെയാകുന്നു നാം നിങ്ങള്‍ക്ക് വ്യക്തമായ ന്യായം നല്‍കിയിട്ടുള്ളത്.
വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധമോ വധമോ ഇല്ല. എന്നാല്‍ ആത്മാവിനെ പരിഗണിക്കാതെ ദേഹേച്ഛ പിന്‍പറ്റുന്നവരും ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും രക്തച്ചൊരിച്ചില്‍, തീവ്രവാദം, കൊല, കൊള്ള തുടങ്ങി മനുഷ്യരുടെ ജീവിതഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നതുമായ പൈശാചിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുള്ള കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താനാണ് 9: 73; 25: 52; 66: 9 സൂക്തങ്ങളിലൂടെ വിശ്വാസി കല്പിക്കപ്പെട്ടിട്ടുള്ളത്. 2: 256 ല്‍ വിവരിച്ച പ്രകാരം ദീനില്‍ നിര്‍ബന്ധമില്ല എന്നിരിക്കെ ഒരാള്‍ക്കും മറ്റൊരാളെ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്ക് നയിക്കാന്‍ സാധ്യമല്ല എന്ന ദൃഢബോധ്യമുള്ളവനാണ് വിശ്വാസി. 6: 104 ല്‍ വിവരിച്ച പ്രകാരം ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണോ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തിയത്, അതിന്റെ ഗുണം അവനുതന്നെയാണ്; ആരാണോ അതിനെത്തൊട്ട് അന്ധത നടിച്ചത്, അതിന്റെ ദോഷം ആ ആത്മാവിനുതന്നെയാണ്. എല്ലാ ഓരോ കാര്യവും വിവരിച്ചിട്ടുള്ള, നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ, 56: 82 ല്‍ പറഞ്ഞ പ്രകാരം അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള കപടവിശ്വാസികളിലും ഫാജിറുകളായ അവരുടെ അനുയായികളിലും പെട്ട 1000 ത്തില്‍ 999 ഉം ഊഹങ്ങള്‍ പിന്‍പറ്റുന്നവരും നരകക്കുണ്ഠത്തിലേക്കുള്ളവരുമാണ്. അപ്പോള്‍ ഇന്ന് ഒറ്റപ്പെട്ട വിശ്വാസി വിശ്വാസികളുടെ സംഘം രൂപപ്പെടുത്താന്‍ ശ്രമിക്കാതെ ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് മാനുഷികഐക്യവും അതുവഴി ശാന്തിയും സമാധാനവും നിലവില്‍ വരുത്താനാണ് ശ്രമിക്കുക. 6: 55; 7: 40; 32: 12, 22; 36: 59 തുടങ്ങി 52 സൂക്തങ്ങളില്‍ പരാമര്‍ശിച്ച ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്.
2: 62; 9: 28 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളെയും അവരുടെ അനുയായികളെയും ഇജാസില്‍ മഹ്ദി വരുന്നതോടെ അവിടെ നിന്ന് പുറത്താക്കുന്നതും ലോകത്തെല്ലായിടത്തുമുള്ള മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നതുമാണ്. അതോടുകൂടി 9: 32-33 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്റെ സന്ദേശമായ അദ്ദിക്ര്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട് ലോകത്തെല്ലായിടത്തും പ്രചരിപ്പിക്കുന്നതാണ്. വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്ന അവസാനത്തെ വ്യക്തിയും ഭൂമിയില്‍ നിന്ന് വിടവാങ്ങുന്നതോടെ ഭൂമിയുടെ തിരിച്ചുകറക്കം സംഭവിക്കുന്നതും അന്ന് സൂര്യന് കിഴക്കുനിന്ന് ഉദിക്കുന്നതിനുപകരം പടിഞ്ഞാറുനിന്ന് ഉദിക്കുന്നതുമാണ്. അന്ന് കാഫിറായ മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്നതും ഇജാസിലൊഴികെ ലോകത്തെല്ലായിടത്തും അവന് ചുറ്റിക്കറങ്ങി ഇസ്ലാമിന്റെ ശേഷിക്കുന്ന പൈതൃകങ്ങള്‍ വരെ മായ്ച്ചുകളയുന്നതുമാണ്. 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച കപടവിശ്വാസികളും കുഫ്ഫാറുകളും അവനെ ആദ്യം നബിയായും പിന്നെ ദൈവമായിത്തന്നെയും അംഗീകരിക്കുന്നതാണ്. ഒന്നേകാല്‍ വര്‍ഷത്തിനുശേഷം നാഥന് രണ്ടാം ആകാശത്തുള്ള ഈസായെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതും കാഫിറായ മസീഹുദ്ദജ്ജാലിനെ ഈസാ വധിക്കുന്നതുമാണ്. 3: 83 ല്‍ വിവരിച്ച പ്രകാരം ഭൂമിയിലുള്ള മനുഷ്യരടക്കമുള്ള എല്ലാ വസ്തുക്കളും അനുസരണപൂര്‍വം ഇസ്ലാം അംഗീകരിക്കുന്നതും അങ്ങനെ കല്ലുകളാലും മരങ്ങളാലും 'ഇതാ ഇവിടെ ഒരു കാഫിര്‍, അവനെ പിടിച്ച് കൊല്ലുക' എന്ന് പറയപ്പെട്ട് യഥാര്‍ത്ഥ കാഫിറുകളും അക്രമികളും തെമ്മാടികളുമായ കപടവിശ്വാസികളും അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന, പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതുമാണ്. അന്നാണ് അതേവരെ നടപ്പിലാക്കപ്പെടാത്ത 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്പന നടപ്പിലാക്കപ്പെടുക. അപ്പോള്‍ മാത്രമാണ് അറബി ഖുര്‍ആനല്ല, 38: 8 ല്‍ പറഞ്ഞ ദിക്രീ -അദ്ദിക്ര്‍- ആയിരുന്നു യഥാര്‍ത്ഥ ഗ്രന്ഥമെന്ന് അവര്‍ക്ക് ബോധ്യം വരിക. അതോടുകൂടി 43: 60-61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഭൂമിയില്‍ ലൈംഗികബന്ധമോ സ്ത്രീ-പുരുഷ വ്യത്യാസമോ ജാതി-മത-വര്‍ണ-ഭാഷ-ദേശ വ്യത്യാസമോ ഇല്ലാതെ മനുഷ്യര്‍ക്കിടയില്‍ ശാന്തിയോടും സമാധാനത്തോടും കൂടിയ മലക്കുകളുടെ ജീവിതം നിലവില്‍ വരുന്നതാണ്. 4: 82, 159; 8: 22; 11: 118-119 വിശദീകരണം നോക്കുക.