( 42 ) അശ്ശൂറ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(42) അശ്ശൂറ

'വിശ്വാസികള്‍ അവരുടെ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ കൂടിയാലോചിക്കുന്നവരും അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് ചെലവഴിച്ചുകൊണ്ടിരിക്കുന്നവരുമാണ്' എന്ന് സൂക്തം 38 ല്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അശ്ശൂറാ-കൂടിയാലോചന-എന്ന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ മധ്യഘട്ടത്തില്‍ അവതരിച്ചിട്ടുള്ള സൂറത്താണ് ഇത്.

ഒറ്റ ഗ്രന്ഥമായ വേദത്തിന്‍റെ ആശയം സമര്‍പ്പിക്കുന്ന, അല്ലാഹു തൃപ്തിപ്പെട്ട ജീവിതരീതിയായ ഇസ്‌ലാം മാത്രമാണ് നൂഹ്, മുഹമ്മദ്, ഇബ്റാഹിം, മൂസാ, ഈസാ തുടങ്ങിയ എല്ലാ പ്രവാചകന്‍മാരിലൂടെയും എക്കാലത്തുമുള്ള മനുഷ്യര്‍ക്ക് നിയമമാക്കിയിട്ടുള്ളതെന്നും എന്നാല്‍ വേദത്തിന്‍റെ ആശയം വന്നുകിട്ടിയവര്‍ മാത്രമാണ് അവര്‍ക്കിടയിലുള്ള താന്‍പോരിമ നിമിത്തം ഭിന്നിച്ച് വിവിധ ജീവിതരീതികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും അല്ലാഹു ഉദേശിച്ചിരുന്നുവെങ്കില്‍ എല്ലാവരെയും ഒറ്റ സമുദായമായിത്തന്നെ നിലനിര്‍ത്തുമായിരുന്നു എന്നും പഠിപ്പിക്കുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ കാരുണ്യമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നിലകൊള്ളുന്നതും എല്ലാകാര്യങ്ങളും വിശദീകരിച്ചിട്ടുള്ള അത് ഉപയോഗപ്പെടുത്തി എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതും ആരാണോ, അവര്‍ മാത്രമാണ് സന്മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍ എന്ന് പഠിപ്പിക്കുന്നു. ത്രാസ്സായ അദ്ദിക്ര്‍ കൊണ്ട് വിധി നടത്തപ്പെടുന്ന ദിനത്തില്‍ വിശ്വസിക്കാത്തവര്‍ ആ ദിനത്തിനുവേണ്ടി ധൃതികൂട്ടുന്നവരാണെന്നും അവര്‍ വ്യക്തമായ വഴികേടിലാണെന്നും പഠിപ്പിക്കുന്നു. പരലോകത്തേക്കുള്ള കൃഷിയിടമാണ് ഐഹികലോകം എന്ന ബോധത്തില്‍ ജിവിക്കുന്നവരാണ് സൂക്ഷ്മാലുക്കളെങ്കില്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെച്ച് അതിന് വിരുദ്ധമായി ജീവിക്കുന്ന അക്രമികള്‍ക്ക് അവര്‍ ഇവിടെ സമ്പാദിച്ച നരകകുണ്ഠമാണ് പാര്‍പ്പിടമായി ലഭിക്കുക എന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നെഞ്ചകങ്ങളുടെ അവസ്ഥയറിയുന്ന അല്ലാഹുവിനെ അദ്ദിക്റില്‍നിന്ന് കണ്ടുകൊണ്ട് ജീവിക്കുന്ന വിശ്വാസികളില്‍നിന്ന് അവരുടെ തിന്മകള്‍ അല്ലാഹു മായ്ച്ചുകളയുന്നു. മറ്റു ഗ്രഹങ്ങളിലും ജീവജാലങ്ങളുണ്ടെന്നും മനുഷ്യര്‍ക്ക് ഒരു വിപത്ത് സംഭവിക്കുന്നത് അവരുടെ കൈകള്‍ സമ്പാദിച്ചതിന്‍റെ ഫലമായിട്ടാണെന്നും പഠിപ്പിക്കുന്നു. അല്ലാഹുവിന്‍റെ വിളിക്ക് ഉത്തരം നല്‍കാത്ത അക്രമികളായ നിഷേധികള്‍ക്ക് പരലോകത്ത് വരാന്‍പോകുന്ന ദാരുണമായ രംഗം വിശദീകരിച്ചുകൊണ്ട് അവരെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിജയം വരിക്കുന്ന വിശ്വാസികളുടെ സ്വഭാവങ്ങളും ചര്യകളും വിവരിച്ചിട്ടുണ്ട്. അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന പാത മാത്രമാണ് എല്ലാകാര്യങ്ങളും മടക്കപ്പെടുന്ന ആകാശഭൂമികളുടെ ഉടമയായ അല്ലാഹുവിന്‍റേതെന്ന് പ്രഖ്യാപിച്ചുകൊണ്ട് 53 സൂക്തങ്ങള്‍ അടങ്ങിയ സൂറത്ത് അവസാനിക്കുന്നു.