( അൽ മാഇദ ) 5 : 40

أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ يُعَذِّبُ مَنْ يَشَاءُ وَيَغْفِرُ لِمَنْ يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

നിശ്ചയം അല്ലാഹു, ആകാശഭൂമികളുടെ ആധിപത്യം അവനുള്ളതാണെന്ന് നിനക്കറിയില്ലേ? അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു, അവന്‍ ഉ ദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു, അല്ലാഹു എല്ലാ ഓരോ കാര്യത്തിന്‍റെ മേലും കഴിവുള്ള സര്‍വ്വശക്തനുമാകുന്നു.

ത്രികാലജ്ഞാനിയായ നാഥന്‍ ആകാശഭൂമികളിലുള്ള കാര്യങ്ങളെല്ലാം ആദ്യമേ നിശ്ചയിച്ച് ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്ന് 6: 59; 9: 51; 10: 61; 11: 6; 22: 70; 27: 75; 34: 3; 35: 11; 57: 22 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയായ സ്രഷ്ടാവിന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ തന്നെയാണ് എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ടത് എന്ന് 2: 2 ല്‍ വിവരിച്ചിട്ടുണ്ട്. 'അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു' എന്നതിന്‍റെ വിവക്ഷ, ഒരാള്‍ കുറ്റം ചെയ്യാനുണ്ടായ സാഹചര്യം, അയാളുടെ മാനസികവും ശാരീരികവുമായ അവസ്ഥകള്‍, അയാളുടെ ഉദ്ദേശ്യം, അതിന്‍റെ പരിണതഫലം, തെറ്റ് ചെയ്ത ശേഷമുള്ള അയാളുടെ പശ്ചാത്താപമനോഭാവം, പ്രായശ്ചിത്തം എന്നിവയെല്ലാമനുസരിച്ചാണ് അല്ലാഹു ശിക്ഷിക്കുന്നതും പൊറുത്തുകൊടുക്കുന്നതുമെല്ലാം എന്നാണ്. 2: 284; 4: 133; 6: 104 വിശദീകരണം നോക്കുക.