وَإِذَا جَاءُوكُمْ قَالُوا آمَنَّا وَقَدْ دَخَلُوا بِالْكُفْرِ وَهُمْ قَدْ خَرَجُوا بِهِ ۚ وَاللَّهُ أَعْلَمُ بِمَا كَانُوا يَكْتُمُونَ
നിങ്ങളുടെ അടുത്തുവരുമ്പോള്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് അവര്‍ പറയുകയും ചെയ്യും, അവര്‍ നിഷേധവും കൊണ്ട് പ്രവേശിക്കുകയും അവര്‍ അതും കൊണ്ടുതന്നെ പുറത്തുപോവുകയും ചെയ്തിരിക്കുന്നു, അവര്‍ മറച്ചു വെച്ചുകൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു ഏറ്റവും അറിയുന്നവനുമാകുന്നു.
3: 78; 4: 46; 5: 41-42 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മദീനയില്‍ പ്രവാചകന്‍റെ അടുത്ത് സംശയങ്ങള്‍ ചോദിച്ച് വന്നിരുന്ന ജൂതരുടെയും കപടവിശ്വാസികളുടെയും സ്വഭാവമാണ് ഈ സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. 47: 16 ല്‍, കപടവിശ്വാസികളില്‍ പെട്ട ചിലര്‍ നിന്നെ ശ്രദ്ധിച്ച് കേള്‍ക്കുന്നവരുണ്ട്, എന്നാല്‍ നിന്‍റെ അടുത്ത് നിന്ന് പുറത്തുപോയാല്‍ നീ പറഞ്ഞത് മനസ്സിലാകാത്തതുപോലെ അറിവുള്ളവരോട് അവര്‍ ചോദിക്കുന്നതാണ്: ഇപ്പോള്‍ എന്താണ് ആ പറഞ്ഞത്? അക്കൂട്ടരുടെ ഹൃദയങ്ങളിന്മേലാണ് അല്ലാഹു മുദ്ര വെച്ചിട്ടുള്ളത്, അവര്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റുന്നവരുമാകുന്നു എന്നും; കപടവിശ്വാസികളുടെ ഇത്തരം സ്വഭാവങ്ങളില്‍ പെടാതിരിക്കുന്നതിനുവേണ്ടി 8: 21 ല്‍ വിശ്വാസികളെ വിളിച്ച്: നിങ്ങള്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അനുസരിക്കുക, നിങ്ങള്‍ പ്രവാചകന്‍റെ സംസാരം കേട്ടുകൊണ്ടിരിക്കെ പിന്തിരിഞ്ഞ് പോകാതിരിക്കുകയും ചെയ്യുക, നിങ്ങള്‍ കേള്‍ക്കാതെ കേട്ടു എന്ന് പറയുന്നവരാകാതിരിക്കുകയും ചെയ്യുക എന്നും പറഞ്ഞിട്ടുണ്ട്. 47: 17 ല്‍, ആരാണോ സന്മാര്‍ഗമാകുന്ന അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിയത്, അവര്‍ക്ക് അവരുടെ സന്മാര്‍ഗം വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതും അവര്‍ക്ക് സൂക്ഷ്മത നല്‍കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്.
9: 124-125 സൂക്തങ്ങളില്‍, ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു സൂറത്ത് ഇറക്കപ്പെട്ടാല്‍ കപടവിശ്വാസികള്‍ ചോദിക്കും: നിങ്ങളില്‍ ആര്‍ക്കാണ് ഇതുകൊണ്ട് വിശ്വാസം വര്‍ദ്ധിച്ചത്? വിശ്വാസികള്‍ക്ക് അതുകൊണ്ട് വിശ്വാസം വര്‍ദ്ധിക്കുന്നതും അവര്‍ അതില്‍ സന്തോഷിക്കുന്നതുമാണ്. തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ള കപടവിശ്വാസികള്‍ക്ക് അത് മാലിന്യത്തിനുമേല്‍ മാലിന്യമാണ് വര്‍ദ്ധിപ്പിക്കുക, അവര്‍ കാഫിറുകളായിക്കൊണ്ട് മരണം വരിക്കുകയും ചെയ്തിരിക്കുന്നു എന്നും; 9: 127 ല്‍, ഒരു സൂക്തത്തിന്‍റെ ആശയം വിശദീകരിക്കുന്ന സദസ്സില്‍ കയറിപ്പറ്റിയ കപടവിശ്വാസികള്‍ പരസ്പരം നോക്കുകയും, വിശ്വാസികളില്‍ പെട്ട ആരെങ്കിലും അവരെ കാണുന്നുണ്ടോ എന്ന് നോക്കി പിന്നെ ആരുമറിയാതെ സദസ്സില്‍ നിന്ന് പിന്തിരിഞ്ഞുപോകുന്നതുമാണ്, അവര്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ട ജനതയായതുകൊണ്ട് അല്ലാഹുവാണ് അവരുടെ ഹൃദയങ്ങളെ പിന്തിരിപ്പിക്കുന്നത് എന്നും പറഞ്ഞിരിക്കുന്നു. 63: 9; 74: 49-51 എന്നീ സൂക്തങ്ങളൊന്നും പരിഗണിക്കാതെ സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെയാണ് ടിക്കറ്റായ അദ്ദിക്റില്‍ നിന്ന് ഇത്തരം കപടവിശ്വാസികള്‍ വിരണ്ടോടുക. 2: 8-11; 3: 72-73; 4: 141-145 വിശദീകരണം നോക്കുക.