( അൽ മാഇദ ) 5 : 63

لَوْلَا يَنْهَاهُمُ الرَّبَّانِيُّونَ وَالْأَحْبَارُ عَنْ قَوْلِهِمُ الْإِثْمَ وَأَكْلِهِمُ السُّحْتَ ۚ لَبِئْسَ مَا كَانُوا يَصْنَعُونَ

അവരുടെ പണ്ഡിതന്മാരും പുരോഹിതന്‍മാരും അവരുടെ കുറ്റകരമായ വാക്കു കളെത്തൊട്ടും അവര്‍ നിഷിദ്ധം തിന്നുന്നതിനെത്തൊട്ടും അവരെ വിരോധിച്ചിരുന്നെങ്കില്‍! അവര്‍ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത് വളരെ ദുഷിച്ചതുതന്നെ.

സൂക്തത്തില്‍ പറഞ്ഞ റബ്ബാനിയ്യുകള്‍(പണ്ഡിതന്മാര്‍) പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതരിലെ വേദപരിജ്ഞാനികളെന്ന് അഭിമാനിച്ചിരുന്നവരും അഹ്ബാറുകള്‍(പുരോഹിതന്മാര്‍) 5: 82 ല്‍ പറഞ്ഞ റുഹ്ബാനികളായ(ലോക പരിത്യാഗികള്‍) ക്രൈസ്തവരിലെ പുരോഹിതരുമാണ്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്നത് പ്രവാചകന്‍റെ ജനതയാണ്. 4: 118 പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന എല്ലാ പ്രവാചകന്മാരുടെയും ജനതയിലെ കപടവിശ്വാസികളും കുഫ്ഫാറുകളും നരകക്കുണ്ഠത്തിലേക്കുള്ളവരാണ്. ജഡത്തിനും ഐഹികലോകത്തിനും പ്രാധാന്യം കൊടുക്കുന്ന കപടവിശ്വാസികള്‍ 9: 34 ല്‍ വിവരിച്ച പ്രകാരം ജനങ്ങളുടെ ധനം അവിഹിതമായി തിന്നുന്നവരും ജനങ്ങളെ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് തടയുന്നവരുമാണ്. അവരുടെ പ്രവര്‍ത്തനങ്ങളും അവര്‍ പിന്‍ഗാമികള്‍ക്ക് ഇവിടെ വിട്ടേച്ചുപോകുന്ന പൈതൃകങ്ങളും വളരെ ദുഷിച്ചതും അല്ലാഹുവിന്‍റെ സൃഷ്ടികളെ നരകത്തിലേക്ക് അടുപ്പിക്കുന്ന വിധത്തിലുള്ളതുമാണ് എന്നാണ് 'അവര്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് വളരെ ദുഷിച്ചതു തന്നെ.' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. വിശ്വാസികള്‍ അല്ലാഹുവിന്‍റെ സൃഷ്ടികളെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള സംസ്കാരമാണ് ഉത്പാദിപ്പിക്കുക. 1: 7; 2: 204; 3: 78; 4: 150-151; 7: 205-206 വിശദീകരണം നോക്കുക.