( അൽ മാഇദ ) 5 : 74

أَفَلَا يَتُوبُونَ إِلَى اللَّهِ وَيَسْتَغْفِرُونَهُ ۚ وَاللَّهُ غَفُورٌ رَحِيمٌ

 അപ്പോള്‍ അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നവരും അവനോട് പൊറുക്കലിനെ തേടുന്നവരുമാകുന്നില്ലെയോ? അല്ലാഹു ഏറെപ്പൊറുക്കുന്ന കാ രുണ്യവാനുമാകുന്നു. 

അദ്ദിക്ര്‍ വായിച്ച് മനസ്സിലാക്കി അല്ലാഹുവിലുള്ള വിശ്വാസം രൂപപ്പെടുത്തുകയും അറിവില്ലായ്മ കൊണ്ട് കഴിഞ്ഞ കാലത്ത് ചെയ്തുപോയ കുറ്റങ്ങള്‍ നാഥനോട് ഏറ്റുപറയുകയും വന്‍കുറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന് പ്രായശ്ചിത്തം നല്‍കി ഖേദിച്ചുമടങ്ങുകയുമാണ് അടിമകള്‍ ചെയ്യേണ്ടതെന്ന് 39: 53 ല്‍ പറഞ്ഞിട്ടുണ്ട്. ശേഷം അദ്ദിക്ര്‍ ഏറ്റവും നല്ല നിലക്ക് പിന്‍പറ്റണമെന്ന് 39: 54-55 സൂക്തങ്ങളിലും, മരണം ആസന്നമാകുന്ന സമയത്ത് അത് നീട്ടിത്തരണമെന്നോ പശ്ചാത്തപിച്ച് മടങ്ങിക്കൊള്ളാമെന്നോ പറഞ്ഞിട്ട് ഫലമുണ്ടാവുകയില്ലെന്ന് 4: 17-18 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകള്‍ ഇന്ന് ആത്മാവിനെ പരിഗണിക്കാത്തവരും ദേഹേച്ഛ പിന്‍പറ്റുന്നവരും ആത്മാവും ജീവനുമടങ്ങിയ റൂഹ് എല്ലാ ജീവികള്‍ക്കും പ്രപഞ്ചനാഥന്‍റേതാണെന്ന് തിരിച്ചറിയാത്തവരും അല്ലാഹു അറിയുന്നില്ല എന്ന ധാരണയില്‍ എല്ലാതരം തിന്മകളിലും വിഹരിക്കുന്നവരുമായി അധഃപതിച്ചിരിക്കുന്നു. ദൈവം മൂവരിലൊരുവനാണ്, അല്ലെങ്കില്‍ ഈസാ തന്നെയാണ് ദൈവമെന്ന് വിശ്വസിക്കുന്ന ക്രൈസ്തവരേക്കാളും ഇതരജനവിഭാഗങ്ങളേക്കാളുമെല്ലാം ജീര്‍ണ്ണിച്ച ജീവിതം നയിക്കുന്നത് ഇന്ന് ഇക്കൂട്ടരാണ്. കാരണം അവര്‍ അല്ലാഹുവിനെയും പ്രവാചകനെയും ഗ്രന്ഥത്തില്‍ മൂടിവെച്ച് മുസൈലിമത്തുല്‍ കദ്ദാബ് മുതല്‍ മസീഹുദ്ദജ്ജാല്‍ വരെ മുപ്പത് കള്ളവാദികള്‍ വരുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ മുന്നറിയിപ്പ് നല്‍കിയ കള്ളവാദികളെ പിന്‍പറ്റുന്നവരും അതുവഴി പിശാചിനെ സേവിക്കുന്ന ഭ്രാന്തന്മാരായി മാറിയതുമാണ്. 2: 146; 3: 17-18, 86-91; 4: 135-140 വിശദീകരണം നോക്കുക.