( 56 ) അല്‍ വാഖിഅഃ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(56) അല്‍ വാഖിഅഃ

ഒന്നാം സൂക്തത്തില്‍ 'അനിവാര്യമായ ആ സംഭവം സംഭവിക്കുമ്പോള്‍' എന്ന് പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് അല്‍ വാഖിഅ-ഒഴിച്ചുകൂടാത്ത സംഭവം -എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ മദ്ധ്യഘട്ടത്തില്‍ ത്വാഹാ സൂറത്തിനോട നുബന്ധിച്ച് അവതരിപ്പിക്കപ്പെട്ടതാണ് ഈ സൂറത്ത്.

വിധിദിവസം നടപ്പില്‍വരുമ്പോള്‍ എല്ലാ മനുഷ്യരും അതിനെ സത്യപ്പെടുത്തുന്നതാണ്. ഗ്രന്ഥം നല്‍കപ്പെട്ടവര്‍ മൂന്ന് വിഭാഗങ്ങളായി വേര്‍തിരിക്കപ്പെടുമെന്ന് പറഞ്ഞിട്ടുള്ളത് ഈ സൂറത്തില്‍ മാത്രമാണ്. വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തിലേക്ക് മുന്‍കടക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന സുഖാനുഭൂതികളും സ്ഥാനമാനങ്ങളും, വിചാരണക്കുശേഷം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന വലതുപക്ഷക്കാര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും ഈ സൂറത്തില്‍ വേര്‍തിരിച്ച് പറഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിലെല്ലാം സ്വര്‍ഗ്ഗവാസികള്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും പൊതുവായിട്ടാണ് പറഞ്ഞിട്ടുള്ളത്. വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികളെ പിന്‍പറ്റിക്കൊണ്ട് അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന നരകത്തിലേക്കുള്ള ഇടതുപക്ഷക്കാര്‍ അവര്‍ നരകത്തിലെ സഖൂം വൃക്ഷം കൊണ്ട് വയര്‍ നിറക്കുന്നവരും അതിനു മേല്‍ ചുട്ടുപൊള്ളുന്ന വെള്ളം ദാഹിച്ചുവലഞ്ഞ ഒട്ടകം മോന്തിക്കുടിക്കുന്നപോലെ കുടിക്കുന്നവരും മറ്റു പലവിധത്തിലുള്ള ശിക്ഷാകഠോരങ്ങളും അനുഭവിക്കേണ്ടവരുമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

മനുഷ്യരുടെ സൃഷ്ടിപ്പിനെക്കുറിച്ചും കൃഷി മുളപ്പിക്കുന്നതിനെക്കുറിച്ചും അവര്‍ കുടിച്ചുകൊണ്ടിരിക്കുന്ന ഉപ്പുരസമില്ലാത്ത വെള്ളത്തെക്കുറിച്ചും അവര്‍ കത്തിച്ചുകൊണ്ടിരിക്കുന്ന തീയിനെക്കുറിച്ചുമെല്ലാം ചിന്തിച്ച് സൃഷ്ടിപ്പിന്‍റെ പിന്നിലുള്ള ലക്ഷ്യം മനസ്സിലാക്കണമെന്നും വിധിദിവസം ജീവിതത്തെക്കുറിച്ച് ഉത്തരം പറയാന്‍ സജ്ജരാകണമെന്നും ആവശ്യപ്പെടുന്നു. സര്‍വ്വലോകങ്ങളുടെയും ഉടമയുടെ പക്കല്‍ ഭദ്രമായ ഫലകത്തില്‍ രേ ഖപ്പെടുത്തിവെച്ചിട്ടുള്ള മാന്യമായ വായനയായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിക്കൊണ്ട് അതിനെ ലാഘവത്തോടെ പരിഗണിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിനെ തിരിച്ചറിയാത്തവരും ജീവിതലക്ഷ്യം തിരിച്ചറിയാത്തവരുമാണെന്നും അവര്‍ ജ്വലിക്കുന്ന നരകത്തില്‍ വേവിക്കപ്പെടാനുള്ള ഇടതുപക്ഷക്കാരാണെന്നും മുന്നറിയിപ്പുനല്‍കുന്നു. നിശ്ചയം, ഈ ഗ്രന്ഥം ഉറപ്പുനല്‍കുന്ന സത്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടും അപ്പോള്‍ നിന്‍റെ മഹാനായ നാഥനെ വാഴ്ത്തിക്കൊള്ളുക എന്ന് കല്‍പ്പിച്ചുകൊണ്ടും 96 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.