( 58 ) മുജാദിലഃ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(58) മുജാദിലഃ

തന്‍റെ ഭര്‍ത്താവിനാല്‍ ള്വിഹാര്‍ ചെയ്യപ്പെട്ട ഖൗല ബിന്‍ത്ത് ഥഅ്ലബ് എന്ന സ് ത്രീ പ്രവാചകനോട് അതിന്‍റെ വിധിക്കുവേണ്ടി തര്‍ക്കിക്കുന്നതായുള്ള ഒന്നാം സൂക്തത്തിലെ പരാമര്‍ശത്തില്‍ നിന്നാണ് മുജാദിലഃ-തര്‍ക്കിക്കുന്നവള്‍-എന്ന് ഈ സൂറത്തിന് പേര് വന്നത്. പ്രവാചകന്‍റെ മദീന കാലഘട്ടത്തില്‍ സൂറത്ത് അഹ്സാബിനോട് അനുബന്ധി ച്ചുതന്നെയാണ് ഈ സൂറത്ത് അവതരിച്ചിട്ടുള്ളത്. എല്ലാ സൂക്തങ്ങളിലും 'അല്ലാഹ്' എന്ന നാമം പരാമര്‍ശിച്ചിട്ടുള്ള ഗ്രന്ഥത്തിലെ ഏക സൂറത്താണ് ഇത്. 

ഭാര്യമാരെ 'ള്വിഹാര്‍' ചെയ്യുന്നതുകൊണ്ട് അവര്‍ മാതാക്കളാവുകയില്ല എന്നും അറിവില്ലായ്മ കൊണ്ട് 'ള്വിഹാര്‍' ചെയ്തവര്‍ക്കുള്ള പ്രതിവിധി എന്താണെന്നും പഠിപ്പിക്കുന്നുണ്ട്. ഗ്രന്ഥത്തിലെ സൂക്തങ്ങളോട് വിരോധം വെച്ചുകൊണ്ടിരിക്കുന്ന കാഫിറുകള്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ ഹീനമായ ശിക്ഷയുമുണ്ടെന്നും അദ്ദിക്ര്‍ പ്രചരിപ്പിക്കുന്ന വിശ്വാസികള്‍ക്കെതിരെ ഗൂഡതന്ത്രങ്ങള്‍ മെനയുന്നതിനുവേണ്ടി രഹസ്യയോഗങ്ങള്‍ സംഘടിപ്പിക്കുന്ന കപടവിശ്വാസികളുടെ മടക്കസ്ഥലം നരകകുണ്ഠമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. അദ്ദിക്റില്‍ നിന്ന് മറ്റുള്ളവരെ തടയുന്നതിനുവേണ്ടി അല്ലാഹുവില്‍ ആണയിട്ട് ശപഥം ചെയ്ത് സംസാരിക്കുന്ന കപടവിശ്വാസികള്‍ ഹൃദയങ്ങളുടെ അവസ്ഥയറിയുന്ന അല്ലാഹുവിനോട് പരലോകത്തുവെച്ച് കളവുപറഞ്ഞ് രക്ഷപ്പെടാമെന്ന കണക്കുകൂട്ടലിലാണുള്ളതെന്ന അവരുടെ തനിനിറം വരച്ചുകാണിക്കുന്നുണ്ട്. ഇത്തരം പിശാചിന്‍റെ സംഘക്കാര്‍ക്ക് അവരുടെ സമ്പത്തോ സന്താനങ്ങളോ യാതൊരുനിലക്കും ഉപകാരപ്പെടുകയില്ലെന്നും അവര്‍തന്നെയാണ് ജീവിതം നഷ് ടപ്പെട്ടവരെന്നും മുന്നറിയിപ്പ് നല്‍കുന്നു. അല്ലാഹുവില്‍ നിന്നുള്ള പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവരാണ് അല്ലാഹുവിന്‍റെ സംഘക്കാര്‍ എന്നും അവര്‍ മാത്രമാണ് വിജയം വരിക്കുക എന്നും അവര്‍ കപടവിശ്വാസികളോട്-അവര്‍ കുടുംബത്തില്‍നിന്ന് എത്ര അടുത്തവരാണെങ്കിലും ശരി-മമതയില്‍ വര്‍ത്തിക്കുകയില്ലെന്നും പറഞ്ഞുകൊണ്ട് 22 സൂക്തങ്ങള്‍ അടങ്ങിയ സൂറത്ത് അവസാനിക്കുന്നു.