( അൽ അന്‍ആം ) 6 : 111

وَلَوْ أَنَّنَا نَزَّلْنَا إِلَيْهِمُ الْمَلَائِكَةَ وَكَلَّمَهُمُ الْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَيْءٍ قُبُلًا مَا كَانُوا لِيُؤْمِنُوا إِلَّا أَنْ يَشَاءَ اللَّهُ وَلَٰكِنَّ أَكْثَرَهُمْ يَجْهَلُونَ

നിശ്ചയം, നാം മലക്കുകളെത്തന്നെ അവരിലേക്ക് ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും അവരുടെ കണ്‍മുമ്പില്‍ എല്ലാഓരോ വസ്തുക്ക ളെയും നാം ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍ പോലും അല്ലാഹു ഉദ്ദേശിച്ചാലൊഴികെ അവര്‍ വിശ്വസിക്കുന്നവരാകുമായിരുന്നില്ല, പക്ഷേ അവരില്‍ അധികപേരും അവിവേകികള്‍ തന്നെയാകുന്നു.

എക്കാലത്തുമുള്ള കാഫിറുകള്‍ ആവശ്യപ്പെടുന്നതുപോലെ അവരിലേക്ക് ദൃഷ്ടാന്തമായി മലക്കുകളെ ഇറക്കുകയാണെങ്കിലും അവരില്‍ നിന്ന് മരിച്ചുപോയവര്‍ തിരിച്ചുവന്ന് അവരോട് സംസാരിക്കുകയാണെങ്കിലും അവര്‍ ആവശ്യപ്പെടുന്ന പ്രകാരം എല്ലാ വസ്തുക്കളെയും അവരുടെ മുമ്പില്‍ ഒരുമിച്ചുകൂട്ടി കൊടുക്കുകയാണെങ്കിലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല. അഥവാ 10: 100 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല. 27: 82 ല്‍ പറഞ്ഞ പ്രകാരം അവസാനനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മൃഗം വന്ന് 'മനുഷ്യര്‍ നമ്മുടെ സൂക്തങ്ങളെക്കൊണ്ട് ദൃഢബോധ്യമുള്ളവരല്ല' എന്ന് പറയുമ്പോള്‍ വിശ്വസിക്കാമെന്ന് ധരിച്ചിരിക്കുന്ന കാഫിറുകള്‍ക്ക് 6: 158 ല്‍ പറഞ്ഞ പ്രകാരം അന്ന് വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്രദമാവുകയില്ല. 13: 31 ല്‍, നിശ്ചയം ഈ ഖുര്‍ആന്‍ (ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള അജയ്യഗ്രന്ഥമായ അദ്ദിക്ര്‍), അതുകൊണ്ട് പര്‍വ്വതങ്ങള്‍ ചലിപ്പിക്കപ്പെടുകയും അല്ലെങ്കില്‍ അതുകൊണ്ട് ഭൂമി പിളര്‍ത്തപ്പെടുകയും അല്ലെങ്കില്‍ അതുകൊണ്ട് മരിച്ചവര്‍ സംസാരിപ്പിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിലും നിശ്ചയം അവര്‍ വിശ്വസിക്കുമായിരുന്നില്ല, എന്നാല്‍ കല്‍പനകള്‍ മുഴുവനും അല്ലാഹുവിനാകുന്നു, അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യര്‍ മുഴുവന്‍ സന്മാര്‍ഗ്ഗത്തിലാവുക തന്നെ ചെയ്യുമായിരുന്നു എന്നതില്‍ വിശ്വാസികളായവര്‍ നിരാശപ്പെടുകയാണോ? കാഫിറുകളായിട്ടുള്ളവര്‍ക്ക് അവര്‍ ഉല്‍പാദിപ്പിക്കുന്നത് നിമിത്തം ഓരോ തരം അത്യാഹിതസംഭവങ്ങള്‍ വന്ന് ഭവിക്കാതിരിക്കുകയുമില്ല, അല്ലെങ്കില്‍ അവരുടെ വീട്ടുമുറ്റത്ത് വിപത്ത് ഇറങ്ങാതിരിക്കുകയുമില്ല, -അല്ലാഹുവിന്‍റെ വാഗ്ദത്തം പുലരുന്നതുവരെ, നിശ്ചയം അല്ലാഹു വാഗ്ദത്തങ്ങള്‍ ഒരിക്കലും ലംഘിക്കുകയില്ല തന്നെ എന്ന് പറഞ്ഞിട്ടുണ്ട്. 15: 14-15 സൂക്തങ്ങളില്‍, അവരുടെ മേല്‍ നാം ആകാശങ്ങളുടെ കവാടങ്ങള്‍ തുറന്ന് അവര്‍ അതിലൂടെ പ്രവേശിപ്പിക്കപ്പെടുകയാണെങ്കില്‍ പോലും അവര്‍ പറയും: നിശ്ചയം നമ്മുടെ ദൃഷ്ടികള്‍ അഞ്ചിപ്പിക്കപ്പെട്ടിരിക്കുന്നു; അല്ല, നാം മാരണത്തിന് വിധേയമാക്കപ്പെട്ട ഒരു ജനത തന്നെയായിരിക്കുന്നു, എന്നാലും അവര്‍ ഈ ഗ്രന്ഥം കൊണ്ട് വിശ്വസിക്കുകയില്ല എന്നും; 10: 96-97 സൂക്തങ്ങളില്‍, ആരുടെ മേലിലാണോ അല്ലാഹുവിന്‍റെ വചനം യാഥാര്‍ത്ഥ്യമായത്, അവര്‍ക്ക് നീ എന്ത് ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവന്നാല്‍ തന്നെയും വേദനാജനകമായ ശിക്ഷ കാണുന്നതുവരെ അവര്‍ വിശ്വസിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. 8: 32 ല്‍, അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചതും ഓര്‍ക്കേണ്ടതാണ്; അല്ലാഹുവേ! ഇത് നിന്നില്‍ നിന്നുള്ള സത്യം തന്നെയാണെങ്കില്‍ നീ ഞങ്ങളുടെമേല്‍ ആകാശത്തു നിന്ന് ചരല്‍ മഴ വര്‍ഷിപ്പിക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വേദനാജനകമായ ശിക്ഷ ഞങ്ങള്‍ക്ക് കൊണ്ടുവരികയോ ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ എന്ത് ദൃഷ്ടാന്തങ്ങള്‍ കാണിച്ചാലും കാഫിറുകള്‍ വിശ്വസിക്കുകയില്ല എന്നര്‍ത്ഥം. സൂക്തം അവതരിക്കുന്ന കാലത്ത് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം ഇല്ലാത്തതിനാല്‍ മക്കാമുശ്രിക്കുകളെക്കുറിച്ച് അവരില്‍ അധികപേരും അവിവേകികളാണ് എന്നാണ് പറഞ്ഞത്. 2: 256-257; 4: 118; 9: 28 വിശദീകരണം നോക്കുക.