( അൽ അന്‍ആം ) 6 : 123

وَكَذَٰلِكَ جَعَلْنَا فِي كُلِّ قَرْيَةٍ أَكَابِرَ مُجْرِمِيهَا لِيَمْكُرُوا فِيهَا ۖ وَمَا يَمْكُرُونَ إِلَّا بِأَنْفُسِهِمْ وَمَا يَشْعُرُونَ

അപ്രകാരം എല്ലാ ഓരോ നാട്ടിലും അതിലെ കെങ്കേമന്‍മാരായ ഭ്രാന്തന്‍മാരെ അതില്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നതിനായി നാം നിയോഗിച്ചിരിക്കുകയാകുന്നു, അവര്‍ അവര്‍ക്കെതിരായിത്തന്നെയല്ലാതെ ഗൂഢതന്ത്രം മെനയുന്നില്ല, എന്നാല്‍ അവര്‍ അത് തിരിച്ചറിയാത്തവരുമാകുന്നു.

ഒരു നാടിനെ നശിപ്പിക്കാനുദ്ദേശിച്ചാല്‍ അതിലെ സുഖലോലുപന്മാരോട് നാം കല്‍പിക്കുകയായി, അങ്ങനെ അവര്‍ അതില്‍ തെമ്മാടിത്തം പ്രവര്‍ത്തിക്കുകയും അപ്പോള്‍ അവരുടെമേല്‍ ശിക്ഷാവിധി ബാധകമാവുകയും ചെയ്യും, അങ്ങനെ നാം അതിനെ തകര്‍ത്ത് നാമാവശേഷമാക്കുന്നതാണ് എന്ന് 17: 16 ല്‍ പറഞ്ഞിട്ടുണ്ട്. സ്വാലിഹ് നബിയെ സമൂദ് ജനതയിലേക്ക് പ്രവാചകനായി അയച്ചിട്ടുണ്ടായിരുന്നു. ആ ജനത അദ്ദേഹത്തോട് പറഞ്ഞു: നിന്നെയും നിന്നോടൊപ്പമുള്ളവരെയും ഞങ്ങള്‍ ദുശ്ശകുനമായിട്ടാണ് കാണുന്നത്. സ്വാലിഹ് മറുപടി പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിന്‍റെ പക്കലാകുന്നു; അല്ല, നിങ്ങള്‍ പരീക്ഷിക്കപ്പെടുന്ന ഒരു ജനത തന്നെയാകുന്നു. ആ പട്ടണത്തില്‍ ഭൂമിയില്‍ നാശമുണ്ടാക്കുന്ന ഒമ്പത് ഗോത്രക്കാരുണ്ടായിരുന്നു, അവര്‍ സുകൃതം ചെയ്യുന്നവരായിരുന്നില്ല. അവര്‍ പറഞ്ഞു: നിശ്ചയം സ്വാലിഹിനെയും കുടുംബത്തെയും രാത്രിക്ക് രാത്രി കൊന്നുകളയുകയും പിന്നെ അവന്‍റെ രക്ഷാധികാരിയോട് നിന്‍റെ കുടുംബത്തെ നശിപ്പിച്ചതിന് ഞങ്ങള്‍ സാക്ഷികളല്ല, ഞങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാണെന്ന് പറയുകയും ചെയ്യാമെന്ന് തീരുമാനിച്ചുറപ്പിച്ചു. അങ്ങനെ അവര്‍ ഗൂഢതന്ത്രം മെനഞ്ഞു, അവര്‍ അറിയാതെ നാമും തന്ത്രം മെനഞ്ഞു, അപ്പോള്‍ നോക്കുക, അവരുടെ തന്ത്രത്തിന്‍റെ പരിണിതി എന്തായിരുന്നു എന്ന്. നാം അവരെയും അവരുടെ ജനതയെയും മുഴുവനും നശിപ്പിക്കുകയും, വിശ്വാസികളാവുകയും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിച്ച് ജീവിക്കുകയും ചെയ്തവരെ സ്വാലിഹിനോടൊപ്പം രക്ഷപ്പെടുത്തുകയും ചെയ്തു എന്ന് 27: 47-53 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

13: 33 ല്‍, അപ്പോള്‍ എല്ലാ ഓരോരുത്തരും സമ്പാദിച്ചതിനെ ആധാരമാക്കി വിധികല്‍പിക്കുവാന്‍ അവരെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരുവന്‍, അവന് ഈ ജനം പങ്കാളികളെ ആരോപിച്ചിരിക്കുന്നു; നീ പറയുക: നിങ്ങള്‍ അവരുടെ പേരുകള്‍ പറയുക, അല്ലെങ്കില്‍ ഭൂമിയില്‍ അല്ലാഹുവിന് അറിയാത്തത് നിങ്ങള്‍ അവനെ പഠിപ്പിക്കുകയാണോ? അതോ നിങ്ങള്‍ വായില്‍ വരുന്ന വാക്കുകള്‍ പറയുകയാണോ, കാഫിറുകളായവര്‍ക്ക് സത്യത്തിനെതിരെയുള്ള ഗൂഢതന്ത്രവും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തെത്തൊട്ട് ജനങ്ങളെ തടയലും അലങ്കാരമാക്കപ്പെട്ടിരിക്കുകയാണ്, ആരെയാണോ അല്ലാഹു വഴികേടിലാകാന്‍ അനുവദിച്ചത്, അപ്പോള്‍ അവനെ സന്മാര്‍ഗത്തിലാക്കുന്നവന്‍ ആരുമില്ല എന്നും; 13: 42 ല്‍, അവര്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ജനങ്ങളും വലിയ വലിയ തന്ത്രങ്ങള്‍ പയറ്റി നോക്കിയിട്ടുണ്ട്, എന്നാല്‍ എല്ലാ തന്ത്രങ്ങളുടെയും നിയന്ത്രണം അല്ലാഹുവിന്‍റെ പക്കലാണ്, ഓരോ ആത്മാവും എന്ത് നേടിക്കൊണ്ടിരിക്കുന്നു എന്ന് അവന്‍ അറിയുന്നു; അപ്പോള്‍ ആര്‍ക്കാണ് ശുഭപര്യവസാനമെന്ന് നിഷേധത്തിനുമേല്‍ നിഷേധം കൈക്കൊള്ളുന്ന ഈ കുഫ്ഫാറുകള്‍ അടുത്ത് അറിയുക തന്നെ ചെയ്യും എന്നും പറഞ്ഞിട്ടുണ്ട്. 14: 46 ല്‍, അവര്‍ തങ്ങളുടെ തന്ത്രങ്ങളൊക്കെയും പയറ്റി നോക്കി, പക്ഷേ അല്ലാഹുവിന്‍റെ പക്കലാണ് അവരുടെ തന്ത്രങ്ങളൊക്കെയും, അവരുടെ തന്ത്രങ്ങള്‍ മലകള്‍ നീങ്ങിപ്പോകാന്‍ മാത്രം ഭയങ്കരങ്ങളായിരുന്നുവെങ്കിലും അല്ലാഹുവിന്‍റെ പക്കല്‍ എല്ലാം നിഷ്ഫലമായിപ്പോയി എന്ന് പറഞ്ഞിട്ടുണ്ട്. എക്കാലത്തും അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ എല്ലാ തന്ത്രങ്ങളും പയറ്റിയിട്ടുണ്ട്. എന്നാല്‍ എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാണ് അവരുടെ മൂര്‍ദ്ധാവും എന്നിരിക്കെ അല്ലാഹുവിന്‍റെ പക്കല്‍ അവരുടെ തന്ത്രങ്ങളൊന്നും വിലപ്പോയിട്ടില്ല. അജയ്യവും മിഥ്യകലരാത്ത തത്വസമ്പൂര്‍ണ്ണ ഗ്രന്ഥവുമായ അദ്ദിക്റിനെ പരിചയും മുഹൈമിനായി ഉപയോഗപ്പെ ടുത്തുന്ന വിശ്വാസിയെ നശിപ്പിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ല തന്നെ. 35: 10 ല്‍, തിന്മകള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഗൂഢതന്ത്രം മെനയുന്നവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ട്, അക്കൂട്ടരുടെ ഗൂഢതന്ത്രം അവര്‍ക്കെതിരായിത്തന്നെ ഫലിക്കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 11-12, 159-161; 3: 54; 9: 32-33 വിശദീകരണം നോക്കുക.