( അൽ അന്‍ആം ) 6 : 137

وَكَذَٰلِكَ زَيَّنَ لِكَثِيرٍ مِنَ الْمُشْرِكِينَ قَتْلَ أَوْلَادِهِمْ شُرَكَاؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا عَلَيْهِمْ دِينَهُمْ ۖ وَلَوْ شَاءَ اللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ

അപ്രകാരം തന്നെ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന അധികപേര്‍ക്കും തങ്ങളുടെ സന്താനങ്ങളെ വധിക്കുന്നത് അവരുടെ പങ്കാളികള്‍ അലങ്കാരമാക്കിക്കൊടുത്തിരിക്കുന്നു, അവരെ ദീനില്‍ നിന്ന് തിരിച്ചുവിടുന്നതിനും അവരുടെ ദീന്‍ അവരുടെമേല്‍ അവ്യക്തമാക്കേണ്ടതിനുമാകുന്നു അത്; അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ അവ്വിധം പ്രവര്‍ത്തിക്കുമായിരുന്നില്ല, അപ്പോള്‍ അവരെയും അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരിക്കുന്നതിനെയും നീ വെടിയുക!

മക്കാമുശ്രിക്കുകള്‍ക്ക് സന്താനങ്ങളെ വധിക്കുന്നത് അലങ്കാരമാക്കിക്കൊടുത്തത് അവരുടെ കാഫിറായ ജിന്നുകൂട്ടുകാരനും മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളുമായിരുന്നു. 16: 58-59 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ജാഹിലിയ്യാ നീതി കൊണ്ടും പെണ്‍കുട്ടികളെ ചാരിത്ര്യം സൂക്ഷിച്ചുകൊണ്ട് വളര്‍ത്തിക്കൊണ്ടുവരാനുള്ള ബുദ്ധിമുട്ടുകൊണ്ടും വൈവാഹിക ജീവിതത്തില്‍ സ്ത്രീകളോടുള്ള അനീതി മുന്നില്‍ കണ്ടുകൊണ്ടുമെല്ലാം മക്കാമുശ്രിക്കുകള്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു. 17: 31 ല്‍ പറഞ്ഞ പ്രകാരം പരിമിതമായ ഭക്ഷണ-പാര്‍പ്പിട സൗകര്യങ്ങള്‍ കാരണം കുട്ടികളെ തീറ്റിപ്പോറ്റാനുള്ള പ്രയാസം കണക്കിലെടുത്തും ആണ്‍കുട്ടികള്‍ വളര്‍ന്നുവന്ന് തന്‍റെ കീഴിലുള്ള സ്ത്രീകളുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് ഭയപ്പെട്ടുകൊണ്ടും അവര്‍ ആണ്‍കുട്ടികളെയും വധിച്ചിരുന്നു. അല്ലാഹുവിനെക്കൂടാതെ അവര്‍ ജല്‍പിച്ചുവെച്ചിരുന്ന പങ്കാളികളെ പ്രീതിപ്പെടുത്തുന്നതിനും അവരുടെ ശാപകോപങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനും നിധി പോലെയുള്ള അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനും ബലിയായിക്കൊണ്ടും അവര്‍ സന്താനങ്ങളെ വധിച്ചിരുന്നു. 

ഇബ്രാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും അനുയായികളാണ് തങ്ങളെന്ന് ജാഹിലിയ്യാകാലത്തെ അറബികള്‍ അവകാശപ്പെട്ടിരുന്നു. അവര്‍ അവലംബിച്ച ജീവിതചര്യ ആ പ്രവാചകന്മാരുടെ ജീവിതചര്യയാണെന്നും അല്ലാഹു തൃപ്തിപ്പെട്ട ദീനാണെന്നും അവര്‍ ഊറ്റം കൊണ്ടിരുന്നു. ഈ പ്രവാചകന്മാരുടെ ദീനില്‍ നിന്ന് അവര്‍ വ്യതിചലിക്കുകയും അവരുടെ ചര്യയില്‍ പെടാത്ത പല ആചാരങ്ങളും പുതുതായി കടത്തിക്കൂട്ടി ആചരിക്കുകയും പ്രവാചകന്മാരുടെ മാര്‍ഗ്ഗം പിന്‍പറ്റാതിരിക്കുകയും ചെയ്തുകൊണ്ട് യഥാര്‍ത്ഥ ദീനിനെ അവര്‍ വികലമാക്കി. ഏകദൈവാരാധനക്കുവേണ്ടി നിര്‍മ്മിച്ച കഅ്ബയില്‍ പ്രവാചകന്മാരുടേതടക്കം മുന്നൂറ്റി അറുപതോളം വിഗ്രഹങ്ങള്‍ നാട്ടുകയുമുണ്ടായി എന്നതാണ് 'അവരുടെ ദീന്‍ അവര്‍ക്ക് അവ്യക്തമാകുന്നതിന് വേണ്ടി' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ.

'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ അങ്ങനെ പ്രവര്‍ത്തിക്കുമായിരുന്നില്ല' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ സന്മാര്‍ഗവും ദുര്‍മാര്‍ഗവും വ്യക്തമായി വേര്‍തിരിച്ച് കാണിച്ച് തരുന്ന അദ്ദിക്ര്‍ എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട് എന്നും, ഒരു ജനതയും വ്യക്തിയും സ്വയം മാറാതെ അല്ലാഹു അവരെ മാറ്റുകയില്ല എന്ന് 8: 53; 13: 11 സൂക്തങ്ങളില്‍ പറഞ്ഞതുമാണ്. അല്ലാഹുവില്‍ നിന്ന് പിന്തിരിഞ്ഞവരെയും പിശാചിന്‍റെ ബോധനം സ്വീകരിച്ച് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങള്‍ നിര്‍മ്മിക്കുന്നവരെയും അവരെ പിന്‍പറ്റുന്നവരെയും വെടിയുക. അഥവാ കപടവിശ്വാസികളായ മനുഷ്യപ്പിശാചുക്കളെയും അവരെ പിന്‍പറ്റുന്ന ഫാജിറുകളെയും വെടിയുക, നീ അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നിലകൊള്ളുകയും ചെയ്യുക എന്നാണ് ഇന്ന് വിശ്വാസികളോട് കല്‍പിക്കുന്നത്. 4: 31; 5: 32-34; 6: 112 9: 28, 95, 125 വിശദീകരണം നോക്കുക.