( അൽ അന്‍ആം ) 6 : 49

وَالَّذِينَ كَذَّبُوا بِآيَاتِنَا يَمَسُّهُمُ الْعَذَابُ بِمَا كَانُوا يَفْسُقُونَ

നമ്മുടെ സൂക്തങ്ങളെ കളവാക്കിക്കൊണ്ടിരിക്കുന്ന അവര്‍ തെമ്മാടികളായിരുന്നതുകൊണ്ട് അവരെ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും.

അദ്ദിക്റിനെ അവഗണിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകള്‍ക്ക് നരകമാണുള്ളതെന്ന് മുന്നറിയിപ്പ് നല്‍കുന്നവരായിട്ടല്ലാതെ ഒരു പ്രവാചകനും അയക്കപ്പെട്ടിട്ടില്ല. അപ്പോള്‍ സത്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാവുകയും വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുടെമേല്‍ യാതൊന്നും ഭയപ്പെടാനും അവര്‍ക്ക് ദുഃഖിക്കാനും ഇടവരില്ല. അല്ലാഹുവിന്‍റെ വചനങ്ങള്‍ മാറ്റിമറിക്കുന്നവരില്ല എന്നിരിക്കെ ഏതെങ്കിലും പ്രവാചകനോ നിഷ്പക്ഷവാനായ അല്ലാഹുവിന് തന്നെയോ ഒരാളെ സന്മാര്‍ഗ്ഗത്തിലേക്കോ ദുര്‍മാര്‍ഗ്ഗത്തിലേക്കോ നയിക്കാന്‍ സാധ്യമല്ല. നിഷ്പക്ഷവാനായ നാഥന്‍ എല്ലാവര്‍ക്കും സന്മാര്‍ഗ്ഗവും ദുര്‍മാര്‍ഗ്ഗവും വിവരിക്കുന്ന ഗ്രന്ഥത്തിന്‍റെ ആത്മാവ് സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുണ്ട്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഓരോരുത്തരും സ്വയം സന്മാര്‍ഗത്തിലാകണമെന്ന് 10: 108; 17: 15; 39: 41 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന ഫുജ്ജാറുകളെല്ലാം 32: 18 ല്‍ പറഞ്ഞ പ്രകാരം തെമ്മാടികളായതിനാല്‍ അവരെ ശിക്ഷ ബാധിക്കുക തന്നെ ചെയ്യുന്നതാണ്. 2: 62, 119 വിശദീകരണം നോക്കുക.