فَلَمَّا جَنَّ عَلَيْهِ اللَّيْلُ رَأَىٰ كَوْكَبًا ۖ قَالَ هَٰذَا رَبِّي ۖ فَلَمَّا أَفَلَ قَالَ لَا أُحِبُّ الْآفِلِينَ
അങ്ങനെ രാവ് ഇരുള് മൂടിയപ്പോള്‍ ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടത് കണ്ട് അ വന്‍ പറഞ്ഞു: ഇതാകുന്നു എന്റെ നാഥന്, എന്നാല്‍ അത് അസ്തമിച്ചപ്പോള്‍ അവന് പറഞ്ഞു: അസ്തമിക്കുന്നവയെ ഞാന്‍ ഇഷ്ടപ്പെടുന്നവനല്ല.
ഇബ്റാഹീം നബിയുടെ കാലത്തുള്ള ജനത വിഗ്രഹങ്ങളെ മാത്രമല്ല പൂജിക്കുകയും സേവിക്കുകയും ചെയ്തിരുന്നത്, സൂര്യ-ചന്ദ്ര-നക്ഷത്രാദികളെയും വിവിധ ജീവജാലങ്ങളെയുമെല്ലാം ഭയപ്പെടുകയും പൂജിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ രാത്രി ഇരുള് മൂടിയ അവസരത്തില്‍ നക്ഷത്രം തെളിഞ്ഞ് കണ്ടപ്പോള്‍ അദ്ദേഹം ജനങ്ങളുടെ ശ്രദ്ധ നക്ഷത്രത്തിലേക്ക് ക്ഷണിക്കുകയും അത് അസ്തമിച്ചപ്പോള്‍, ഇല്ലാതാകുന്നവയെ ഞാന്‍ എന്റെ ഉടമയായി നിശ്ചയിക്കാന്‍ ഇഷ്ടപ്പെടുന്നില്ല, എന്റെ ഉടമ എന്നെന്നും ജീവിക്കുന്നവനും ഉറക്കവും മയക്കവുമില്ലാത്തവനും ആദ്യവും അന്ത്യവുമില്ലാത്തവനും എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനുമായ അല്ലാഹുവാണ് എന്ന് പറയുകയും ചെയ്തു. 2: 168-169; 41: 37-38 വിശദീകരണം നോക്കുക.