( അൽ അന്‍ആം ) 6 : 82

الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُمْ مُهْتَدُونَ

വിശ്വാസികളായവരും തങ്ങളുടെ വിശ്വാസത്തെ യാതൊരു അനീതികൊണ്ട് മലിനമാക്കാതിരിക്കുകയും ചെയ്തവര്‍ ആരോ അക്കൂട്ടര്‍, അവര്‍ക്ക് തന്നെ യാണ് നിര്‍ഭയത്വമുള്ളത്, അവര്‍ തന്നെയാണ് സന്‍മാര്‍ഗം പ്രാപിച്ചവരും.

41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടുകഴിഞ്ഞിരിക്കെ അല്ലാഹുവിന്‍റെ സമ്മതപത്രമായ അതുകൊണ്ട് വിശ്വാസിയാ വുകയും പിന്നീട് വിശ്വാസത്തില്‍ യാതൊരു സംശയവും അനീതിയും കലര്‍പ്പും വരുത്താതെ അതിന്‍റെ പ്രകാശത്തില്‍ ചരിക്കുന്നവര്‍ക്ക് തന്നെയാണ് ഇഹത്തിലും പരത്തി ലും നിര്‍ഭയത്വമുള്ളത്. അഥവാ മുഹൈമിനായ അദ്ദിക്ര്‍ അവരെ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതാണ്. സന്മാര്‍ഗ്ഗമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച അവര്‍ അല്ലാഹുവിനെ മുറുകെ പ്പിടിച്ചവരും നേരെച്ചൊവ്വെയുള്ള മാര്‍ഗ്ഗത്തില്‍ നിലകൊള്ളുന്നവരുമാണ്. അവരുടെ മേല്‍ തന്നെയാണ് 41: 30-31 ല്‍ പറഞ്ഞ പ്രകാരം നിങ്ങളുടെമേല്‍ ഭയപ്പെടാനില്ല, നിങ്ങള്‍ക്ക് ദുഃഖിക്കാനും ഇടവരികയില്ല, നിങ്ങളോട് വാഗ്ദത്തം ചെയ്തുകൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗം കൊണ്ട് സന്തോഷിച്ചുകൊള്ളുക എന്ന് പറഞ്ഞുകൊണ്ട് മലക്കുകള്‍ ഇറങ്ങുന്നത്. ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന അവര്‍ക്ക് ഒരു കാര്യത്തിലും യാതൊരു സംശയവും ഉണ്ടാവുകയില്ല. 2: 2-5; 3: 60; 13: 28; 21: 24 വിശദീകരണം നോക്കുക.