( 62 ) അല്‍ ജുമുഅഃ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(62) അല്‍ ജുമുഅഃ

'ഓ വിശ്വാസികളായിട്ടുള്ളവരേ! ജുമുഅഃ ദിവസം നമസ്കാരത്തിന് നിങ്ങള്‍ വിളിക്കപ്പെട്ടാല്‍ അല്ലാഹുവിന്‍റെ സ്മരണയിലേക്ക് ഉളരുവീന്‍'എന്ന് സൂക്തം 9 ല്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് ജുമുഅഃ-ഒന്നിച്ചുകൂടല്‍ എന്ന പേര് വന്നിട്ടുള്ളത്. ഈ സൂറത്തിലെ ഒന്നു മുതല്‍ എട്ട് വരെയുള്ള സൂക്തങ്ങള്‍ പ്രവാചകന്‍റെ മദീനാകാലഘട്ടത്തില്‍ ഹിജ്റ ഏഴാം വര്‍ഷത്തിലും ഒന്‍പതുമുതല്‍ പതിനൊന്നുവരെയുള്ള സൂക്തങ്ങള്‍ ഹിജ്റ ആദ്യവര്‍ഷത്തിലുമാണ് അവതരിച്ചിട്ടുള്ളത്. അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ട് ആരംഭിക്കുന്ന ഈ സൂറത്തും സൂറത്ത് മുനാഫിഖൂനുമായിരുന്നു പ്രവാചകന്‍ അധിക ജുമുഅഃ നമസ്കാരങ്ങളിലും വായിച്ചിരുന്നത്. 

ആകാശഭൂമികളുടെ അധിപനായ അല്ലാഹു പ്രജ്ഞയറ്റ ഒരു ജനതയെ സംസ്കരിച്ചെടുക്കുന്നതിന് വേണ്ടിയാണ് തന്‍റെ നിരക്ഷരനായ പ്രവാചകനെ ഗ്രന്ഥവും കൊണ്ട് നിയോഗിച്ച് അയച്ചിട്ടുള്ളത്. ആശയമില്ലാതെ ഗ്രന്ഥം വഹിക്കുന്നവര്‍ കഴുത ഭാരം വഹിക്കുന്നതുപോലെ ഭാരം വഹിക്കുന്നവരാണെന്നും ആക്രമികളാണെന്നും മരണത്തെ ഭയക്കുന്ന ഇത്തരം അക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്നും പറയുന്നു. വിശ്വാസികളെ വിളിച്ച്: നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജീവിതലക്ഷ്യം അറിവുള്ളരാണെങ്കില്‍ നിങ്ങളുടെ ക്രയവിക്രയങ്ങളെല്ലാം നിര്‍ത്തിവെച്ച് അദ്ദിക്ര്‍ വിവരിക്കുന്ന സദസ്സിലേക്കാണ് വിരണ്ടോടി വരേണ്ടതെന്ന് ആവശ്യപ്പെടുന്നു. നിങ്ങള്‍ വിജയം വരിക്കുന്നവര്‍ ആകണമെന്നതിനുവേണ്ടി മറ്റേതൊരു ഭൗതിക ഇടപാടിനെക്കാളും അല്ലാഹുവിന്‍റെ സ്മരണ നിലനിര്‍ത്താനുള്ള അദ്ദിക്റിന് എല്ലായ്പ്പോഴും പ്രാധാന്യം നല്‍കണമെന്ന് പറഞ്ഞുകൊണ്ട് 11 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.