( 64 ) അത്തഗാബുന്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(64) അത്തഗാബുന്‍

ഒമ്പതാം സൂക്തത്തില്‍ 'അതാണ് ലാഭനഷ്ടങ്ങള്‍ വെളിപ്പെടുന്ന ദിനം' എന്ന് പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് അത്തഗാബുന്‍-ലാഭനഷ്ടം-എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മദീനാ ജീവിതത്തിലെ ആദ്യഘട്ടത്തില്‍ അവതരിച്ചിട്ടുള്ളതാണ് 18 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത്. ആകാശഭൂമികളെയും അവക്കിടയിലുള്ള സര്‍വ്വ വസ്തുക്കളെയും സൃഷ്ടിച്ച് അവയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ത്രികാലജ്ഞാനി അവന്‍റെ പ്രതിനിധികളായ മനുഷ്യരെ ഏറ്റവും നല്ല രൂപത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത്. അവരുടെ നെഞ്ചകങ്ങളുടെ അവസ്ഥവരെ അറിയുന്നവനുമാണവന്‍. മനുഷ്യരില്‍ നിന്നുള്ള പ്രവാചകന്‍മാരെ ദിവ്യവെളിപാടും കൊണ്ട് അയച്ചിട്ടുള്ളത് അവരുടെ മാര്‍ഗദര്‍ശനത്തിനുവേണ്ടിയാണ്. ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന ഒരു ദിവസം നിശ്ചയിച്ചിട്ടുമുണ്ട്. പ്രകാശമാകുന്ന അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ ജീവിച്ചവര്‍ അന്ന് സ്വര്‍ഗത്തിലേക്കും അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തവര്‍ നരകത്തിലേക്കും നയിക്കപ്പെടുന്നതാണ്. വിശ്വാസികളെ വിളിച്ച് നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട് എന്നും നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും പരീക്ഷണോപാധി മാത്രമാണ് എന്നും പഠിപ്പിക്കുന്നു. ഓരോരുത്തരും ജീവിതലക്ഷ്യം മനസ്സിലാക്കിക്കൊണ്ട് അവരവര്‍ക്കുവേണ്ടി ഉത്തമമായത് ചെലവഴിക്കുക എന്നും അല്ലാഹുവിന് ഏറ്റവും നല്ലനിലക്ക് കടം കൊടുക്കുകയാണെങ്കില്‍ നന്ദി പ്രകടനത്തെ വിലമതിക്കുന്ന അജയ്യനും യുക്തിജ്ഞനുമായ അവന്‍ നിങ്ങള്‍ക്ക് അത് ഇരട്ടിപ്പിച്ചുതരികയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുമെന്ന് പറഞ്ഞുകൊണ്ടും, ആരാണോ മനസ്സിന്‍റെ ഇടുക്കത്തില്‍നിന്ന് മോചിതരായത്, അവര്‍ മാത്രമേ വിജയം വരിക്കുകയുള്ളൂ എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടും സൂറത്ത് അവസാനിക്കുന്നു.