( അൽ അഅ്റാഫ് ) 7 : 101

تِلْكَ الْقُرَىٰ نَقُصُّ عَلَيْكَ مِنْ أَنْبَائِهَا ۚ وَلَقَدْ جَاءَتْهُمْ رُسُلُهُمْ بِالْبَيِّنَاتِ فَمَا كَانُوا لِيُؤْمِنُوا بِمَا كَذَّبُوا مِنْ قَبْلُ ۚ كَذَٰلِكَ يَطْبَعُ اللَّهُ عَلَىٰ قُلُوبِ الْكَافِرِينَ

അതെല്ലാമാണ് ആ നാടുകള്‍, അവയുടെ വൃത്താന്തങ്ങള്‍ നാം നിന്‍റെമേല്‍ വിവരിച്ചുതരികയാകുന്നു, നിശ്ചയം വ്യക്തമായ വെളിപാടും കൊണ്ട് അവരുടെ പ്രവാചകന്‍മാര്‍ അവരിലേക്ക് വന്നിട്ടുണ്ടായിരുന്നു, അപ്പോള്‍ മുമ്പ് തള്ളിപ്പറഞ്ഞിരുന്ന ഒന്നിനെ അവര്‍ വിശ്വസിക്കുന്നവരായില്ല, അപ്രകാരം അല്ലാഹു കാഫിറുകളുടെ ഹൃദയങ്ങളുടെമേല്‍ മുദ്രവെക്കുന്നു.

നമ്മുടെ വിപത്ത് കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം സ്വീകരിക്കല്‍ അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല, തന്‍റെ അടിമകളുടെ കാര്യത്തില്‍ മുമ്പേ കഴിഞ്ഞുപോയിട്ടുള്ള അല്ലാഹുവിന്‍റെ ചര്യയാണിത്, അപ്പോള്‍ അവിടെ കാഫിറുകള്‍ നഷ്ടപ്പെടുകയുമായി എന്ന് 40: 85 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ നാടുകളിലേക്കും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് നാഥന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ടാണ് എന്ന് 16: 43; 21: 2, 7, 24; 41: 43 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഫുജ്ജാറുകള്‍ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരായതിനാല്‍, പ്രവാചകന്മാരെയും അവര്‍ കൊണ്ടുവന്ന നാഥന്‍റെ സന്ദേശമായ അദ്ദിക്റിനെയും തള്ളിപ്പറയുന്നവരാണ്. ഓരോ പ്രവാചകന്‍റെയും ജനതയിലെ ഭൂരിപക്ഷം പേര്‍ അക്രമികളും തെമ്മാടികളുമാകുമ്പോള്‍ ത്രികാലജ്ഞാനിയായ നാഥന്‍ പ്രവാചകന്മാരെക്കൊണ്ട് 'ഞങ്ങള്‍ക്കും കാഫിറുകളായ ഈ ജനതക്കുമിടയില്‍ നീ തീരുമാനം കല്‍പിക്കണമേ' എന്ന് പ്രാര്‍ത്ഥിപ്പിക്കുന്നതാണ്. അങ്ങനെ 10: 103; 30: 47 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്മാരെയും വിശ്വാസികളെയും നാഥന്‍ രക്ഷപ്പെടുത്തുകയും അക്രമികളായ ജനതയെ നശിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അവസാനം 4: 136 ല്‍ വിവരിച്ച പ്രകാരം മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളുമടങ്ങിയ അദ്ദിക്ര്‍ കൊണ്ട് അന്ത്യപ്രവാചകനായി മുഹമ്മദിനെ നിയോഗിക്കുകയുണ്ടായി. അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരും പ്രവാചകന്‍റെ സമുദായത്തില്‍ ഉള്‍പ്പെടുന്നവരാണെങ്കില്‍ 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്തവര്‍ പ്രവാചകന്‍റെ ജനതയിലാണ് ഉള്‍പ്പെടുക. പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവാചകന്‍റെ ജനത ഭിന്നിക്കുകയും 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായി മാറുകയും ചെയ്തു. 3: 10 ല്‍ വിവരിച്ച പ്രകാരം അവര്‍ അവരുടെ സന്താന ങ്ങള്‍ക്ക് പ്രവാചകന്‍റെ കാലത്തുള്ള ജൂതര്‍ അവരുടെ സന്താനങ്ങള്‍ക്ക് ഗ്രന്ഥം പഠിപ്പിച്ചി രുന്നതുപോലെ ആത്മാവായ അദ്ദിക്ര്‍ പഠിപ്പിക്കാതെ ഗ്രന്ഥത്തിന്‍റെ വായനാരീതിയും അര്‍ത്ഥവും വ്യാകരണ നിയമങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി. 23: 53; 30: 32 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഇന്ന് അവരിലുള്ള ഓരോ സംഘടനക്കാരും അവരുടെ പക്കലുള്ളതില്‍ നിഗളിച്ചുല്ലസിച്ചുകൊണ്ടും ഊറ്റം കൊണ്ടുകൊണ്ടും 6: 26 പ്രകാരം ഗ്രന്ഥത്തിന്‍റെ മൊത്തം ആശയം സ്വീകരിക്കുന്നതിനെത്തൊട്ട് അവരവരെയും മറ്റുള്ളവരെയും തടഞ്ഞുകൊണ്ടിരിക്കുകയുമാണ്. 56: 82 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരിക്കുന്നത് കാരണം അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്ക് മൂടിയിട്ടിരിക്കുകയാണ്, അതിനാല്‍ അവര്‍ക്ക് ഇനി അദ്ദിക്ര്‍ മനസ്സിലാവുകയില്ല. 2: 254; 4: 163-166; 6: 115-117; 38: 8 വിശദീകരണം നോക്കുക.