( അൽ അഅ്റാഫ് ) 7 : 100

أَوَلَمْ يَهْدِ لِلَّذِينَ يَرِثُونَ الْأَرْضَ مِنْ بَعْدِ أَهْلِهَا أَنْ لَوْ نَشَاءُ أَصَبْنَاهُمْ بِذُنُوبِهِمْ ۚ وَنَطْبَعُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَسْمَعُونَ

ഭൂമിയിലെ പൂര്‍വ്വനിവാസികള്‍ക്കുശേഷം അതിന്‍റെ അനന്തരാവകാശികളായവര്‍ക്ക് നാം ഉദ്ദേശിക്കുന്നുവെങ്കില്‍ തങ്ങളുടെ പാപങ്ങളുടെ അനന്തരഫലം അവരെ ബാധിപ്പിക്കുമെന്നത് അവര്‍ക്ക് മാര്‍ഗദര്‍ശനമാകുന്നില്ലെയോ? നാമോ അവരുടെ ഹൃദയങ്ങളുടെ മേല്‍ അടച്ചു മുദ്രവെച്ചിരിക്കുന്നു, അപ്പോള്‍ അവര്‍ കേള്‍ക്കുന്നവരാവുകയില്ല.

32: 26 ല്‍, ഇവര്‍ക്ക് മുമ്പുള്ള എത്രയെത്ര നാട്ടുകാരെയാണ് നാം നശിപ്പിച്ചിട്ടുള്ളത്, അവരുടെ വാസസ്ഥലങ്ങളിലൂടെയാണല്ലോ ഇവര്‍ നടന്ന് പോകുന്നത്, അപ്പോള്‍ അത് ഇവര്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശനമല്ലെയോ? നിശ്ചയം അതില്‍ ധാരാളം പാഠങ്ങളുണ്ട്, അപ്പോള്‍ അവര്‍ കേള്‍ക്കുന്നില്ലെയോ എന്നും; 22: 45-46 സൂക്തങ്ങളില്‍, എത്രയെത്ര നാടുകളെയാണ് അതിലെ നിവാസികള്‍ അക്രമികളായപ്പോള്‍ നാം നശിപ്പിച്ചുകളഞ്ഞത്, എത്രയെത്ര കിണറുകള്‍ ഉപയോഗശൂന്യമായി, എത്രയെത്ര കൊട്ടാരങ്ങള്‍ അവശിഷ്ടങ്ങളായി, അപ്പോള്‍ അവര്‍ ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലേ, ചിന്തിക്കാനുള്ള ഹൃദയങ്ങള്‍ അവര്‍ക്കില്ലേ, കേള്‍ക്കാനുള്ള കാതുകള്‍ അവര്‍ക്കില്ലേ? നിശ്ചയം, അവരുടെ കാഴ്ചകള്‍ക്കല്ല അന്ധത, അവരുടെ നെഞ്ചകത്തെ ഹൃദയങ്ങള്‍ക്കാണ് അന്ധത എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ലഭിച്ചിട്ടും അത് ഉപയോഗപ്പെടുത്തി വിശ്വാസം രൂപപ്പെടുത്താനും ജീവിതശൈലി മാറ്റാനും തയ്യാറില്ലാത്ത ഇത്തരം കപടവിശ്വാസികളായ ഒരു ജനതയുടെ ഹൃദയങ്ങള്‍ അല്ലാഹു അടച്ചുപൂട്ടുമെന്നും പിന്നെ അവര്‍ക്ക് അദ്ദിക്ര്‍ കേള്‍ക്കാനോ പാഠമുള്‍ക്കൊള്ളാനോ കഴിയാതെ അവര്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരായിത്തീരുമെന്നുമാണ് 63: 3 ല്‍ പറഞ്ഞിട്ടുള്ളത്. വിധിദിവസം നരകത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ നരകത്തിന്‍റെ പാറാവുകാരോട് ഇത്തരം കാഫിറുകള്‍: 'ഞങ്ങള്‍ അദ്ദിക്ര്‍ കേട്ടിരുന്നുവെങ്കില്‍, അല്ലെങ്കില്‍ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ഈ കത്തിയാളുന്ന നരകത്തിന്‍റെ സഹവാസികള്‍ ആകുമായിരുന്നില്ലല്ലോ' എന്ന് വിലപിക്കുന്ന രംഗം 67: 10 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 18; 4: 78; 6: 25-26, 133 വിശദീകരണം നോക്കുക.