( അൽ അഅ്റാഫ് ) 7 : 133

فَأَرْسَلْنَا عَلَيْهِمُ الطُّوفَانَ وَالْجَرَادَ وَالْقُمَّلَ وَالضَّفَادِعَ وَالدَّمَ آيَاتٍ مُفَصَّلَاتٍ فَاسْتَكْبَرُوا وَكَانُوا قَوْمًا مُجْرِمِينَ

അപ്പോള്‍ നാം അവരുടെമേല്‍ വെള്ളപ്പൊക്കം, വെട്ടുകിളി, കീടങ്ങള്‍, തവളകള്‍, രക്തമഴ തുടങ്ങിയ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അയച്ചു, അപ്പോള്‍ അ വര്‍ അഹങ്കരിച്ചു, അവര്‍ ഭ്രാന്തന്‍മാരായ ഒരു ജനത തന്നെയായിരുന്നു.

17: 101 ല്‍, ഇസ്റാഈല്‍ സന്തതികള്‍ക്ക് ഒമ്പത് ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. 1) 7: 107 ല്‍ പരാമര്‍ശിച്ച പ്രകാരം സര്‍പ്പമായി മാറുന്ന വടി. 2) 7: 108 ല്‍ പരാമര്‍ശിച്ച പ്രകാരം കക്ഷത്തില്‍ വെച്ച് പുറത്തെടുത്താല്‍ സൂര്യനെപ്പോലെ പ്രകാശിക്കുന്ന കൈ. 3) 7: 130 ല്‍ പരാമര്‍ശിച്ച പ്രകാരം ക്ഷാമത്തിന്‍റെയും വരള്‍ച്ചയുടെയും ജലദൗര്‍ലഭ്യത്തിന്‍റേതുമായ വര്‍ഷങ്ങള്‍. 4) 7: 119 ല്‍ പരാമര്‍ശിച്ച പ്രകാരം സകല ആഭിചാരകന്മാരുടെയും പരാജയം. 5) 7: 133 ല്‍ പറഞ്ഞ ജലപ്രളയം. 6) വെട്ടുകിളി ശല്യം. 7) മനുഷ്യരിലും മൃഗങ്ങളിലും കൃഷികളിലും രോഗം പരത്തുന്ന കീടങ്ങള്‍. 8) തവള പ്രളയം. 9) വെള്ളം രക്തമായി മാറുക വഴി കുടിക്കാനും കുളിക്കാനും വെള്ളം ലഭിക്കാതിരിക്കുക. വര്‍ഷങ്ങളോളം വിവിധ തരത്തിലുള്ള വിപത്തുകളിറക്കി പരീക്ഷിച്ചു എന്ന് 7: 130 ല്‍ പറഞ്ഞ വിപത്തുകളാണിവ. കീടങ്ങള്‍ എന്ന് പറഞ്ഞതില്‍ കൃഷികള്‍ നശിപ്പിക്കുന്ന ചെള്ള്, മുപ്ലി വണ്ട്(കോട്ടെരുമ), പേന്‍, കോഴിപ്പേന്‍, ചാഴി, രോഗങ്ങളുണ്ടാക്കുന്ന മറ്റ് കീടങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുന്നതാണ്. നടക്കാനും ഇരിക്കാനും സാധിക്കാത്ത വിധം ഒരു പ്രദേശത്ത് മുഴുവന്‍ തവളകളെ പെരുപ്പിക്കുക എന്നത് മറ്റൊരു വിപത്തായിരുന്നു. അല്ലാഹുവിനെ വാഴ്ത്തുന്നതിന് വിരാമമിടത്തക്കവണ്ണം തവളകളെ കൊല്ലരുതെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. രക്തമഴ വര്‍ഷിപ്പിച്ചു എന്നതിന്‍റെ വിവക്ഷ കുടിക്കാനും കുളിക്കാനും മറ്റും ഉപയോഗിക്കാനുള്ള വെള്ളം രക്തമാക്കി മാറ്റി എന്നതാണ്. എന്നാല്‍ ഇതില്‍ നിന്നൊന്നും അവര്‍ പാഠമുള്‍ക്കൊള്ളാതിരുന്നതിനാല്‍ അവരുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ അനന്തരഫലമായി അല്ലാഹു അവരെ നശിപ്പിക്കുകയാണുണ്ടായത്. 

ഇന്ന് ലോകാവസാനത്തിന്‍റെ ചെറിയ ചെറിയ അടയാളങ്ങളായി ക്ഷാമം, വരള്‍ച്ച, പലതരത്തിലുള്ള ചാഴി രോഗങ്ങള്‍, കീടങ്ങള്‍, അസഹ്യമായ ചൂട്, അസഹ്യമായ തണുപ്പ്, മാരകമായ പലതരം രോഗങ്ങള്‍ തുടങ്ങിയ വിപത്തുകളെല്ലാം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രകാശമായ അദ്ദിക്റിനെ ത്രാസ്സും മൗഇളത്തുമായി ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് അതിന്‍റെ പ്രത്യാഘാതം വിവരിച്ചുകൊടുക്കാന്‍ കടമപ്പെട്ട ഫുജ്ജാറുകള്‍ അമാനത്തായ അതിനെ മൂടിവെച്ചുകൊണ്ട് 'ഒന്നും അറിഞ്ഞില്ല' എന്ന മട്ടില്‍, എന്നാല്‍ ഗ്രന്ഥം മുഴുവനും പഠിച്ച് തികഞ്ഞവരാണെന്ന അഹങ്കാരത്തോടെ ജീവിക്കുന്നവരും പ്രധാനപ്പെട്ട പത്ത് അടയാളങ്ങളിലൊന്നായ കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരുമായി അധഃപതിച്ചിരിക്കുകയാണ്. ഇവരെപ്പോലെ ഇതരജനവിഭാഗങ്ങളും ചിന്തയില്ലാത്ത ഭ്രാന്തന്മാരും തെമ്മാടികളുമാകുമ്പോഴാണ് ലോകാവസാനം സംഭവിക്കുക. 7: 40-41, 84, 96; 36: 59-62 വിശദീകരണം നോക്കുക.