( അൽ അഅ്റാഫ് ) 7 : 137

وَأَوْرَثْنَا الْقَوْمَ الَّذِينَ كَانُوا يُسْتَضْعَفُونَ مَشَارِقَ الْأَرْضِ وَمَغَارِبَهَا الَّتِي بَارَكْنَا فِيهَا ۖ وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَىٰ عَلَىٰ بَنِي إِسْرَائِيلَ بِمَا صَبَرُوا ۖ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُ وَمَا كَانُوا يَعْرِشُونَ

അടിച്ചമര്‍ത്തപ്പെട്ടവരായിരുന്ന ആ ജനതയെ നാം-പൂര്‍വ്വ പശ്ചിമദിക്കുകളെ നമ്മുടെ അനുഗ്രഹങ്ങളാല്‍ സമ്പന്നമാക്കിയ ഭൂമിയുടെ-അനന്തരവകാശിക ളാക്കുകയും ചെയ്തു, ഇസ്റാഈല്‍ സന്തതികളുടെമേല്‍ അവര്‍ ക്ഷമാലുക്കളായതുകൊണ്ട് നിന്‍റെ നാഥന്‍റെ വചനം ഏറ്റവും നല്ലനിലക്ക് പൂര്‍ത്തിയാക്കു കയും ചെയ്തിട്ടുണ്ട്, ഫിര്‍ഔനും അവന്‍റെ ജനതയും ഉത്പാദിപ്പിച്ചുകൊണ്ടിരുന്ന സകലതിനെയും നാം തരിപ്പണമാക്കുകയും ചെയ്തു-അവര്‍ വികസിപ്പിച്ചുകൊണ്ടിരുന്നതിനെയും.

പൂര്‍വ്വ പശ്ചിമദിക്കുകളെ നമ്മുടെ അനുഗ്രഹങ്ങളാല്‍ സമ്പന്നമാക്കിയ ഭൂമി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഫലസ്തീനാണ്. ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെമേല്‍ നമ്മുടെ അനുഗ്രഹം ചൊരിയാനും അവരെ നേതാക്കളും അനന്തരാവകാശികളുമാക്കാനും ഭൂമിയില്‍ അവര്‍ക്ക് ആധിപത്യം നല്‍കാനും; ഫിര്‍ഔനിനും ഹാമാനിനും അവര്‍ രണ്ട് പേരുടെയും പട്ടാളത്തിനും അവരെന്താണോ ഭയപ്പെട്ടുകൊണ്ടിരുന്നത്, അത് കാണിച്ചുകൊടുക്കാനുമാണ് നാം ഉദ്ദേശിച്ചത് എന്ന് 28: 5-6 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മൂസാ, എന്‍റെ അടിമകളെയും കൊണ്ട് നീ രാത്രിക്കുരാത്രി തന്നെ പുറപ്പെടുക, നിശ്ചയം നിങ്ങള്‍ പിന്തുടരപ്പെടുക തന്നെ ചെയ്യും, സമുദ്രത്തെ പിളര്‍ന്ന നിലയില്‍ തന്നെ വിടുക, നിശ്ചയം അവര്‍ മുക്കിക്കൊല്ലപ്പെടാനുള്ള ഒരു പട്ടാളമാണ്, എത്രയെത്ര തോട്ടങ്ങളും അരുവികളും കൃഷിസ്ഥലങ്ങളും മാന്യമായ സ്ഥാനമാനങ്ങളും അവര്‍ ആസ്വദിച്ചുകൊണ്ടിരുന്ന എത്രയെത്ര അനുഗ്രഹങ്ങളുമാണ് അവര്‍ വിട്ടേച്ച് പോയത്? അപ്രകാരം നാം അതെല്ലാം മറ്റൊരു ജനതക്ക് അനന്തരാവകാശമായി നല്‍കുകയും ചെയ്തു, അപ്പോള്‍ അവരുടെമേല്‍ ആകാശമോ ഭൂമിയോ കരഞ്ഞില്ല, അവര്‍ സാവകാശം നല്‍കപ്പെട്ടവരുമായില്ല, നിശ്ചയം ഇസ്റാഈല്‍ സന്തതികളെ ഹീനമായ ശിക്ഷയില്‍ നിന്ന് നാം രക്ഷപ്പെടുത്തുക തന്നെ ചെയ്തിട്ടുണ്ട്, അഥവാ ഫിര്‍ഔനില്‍ നിന്ന്, നിശ്ചയം അവന്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന നാശകാരികളില്‍പ്പെട്ട ഒരു അത്യുന്നതന്‍ തന്നെയായിരുന്നു എന്ന് 44: 23-30 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിശ്ചയം നാം മൂസാക്ക് ഗ്രന്ഥം നല്‍കിയിട്ടുണ്ട്, അപ്പോള്‍ അതുപോലുള്ള ഒന്ന് വന്നുകിട്ടുന്നതില്‍ നീ സംശയിക്കരുത്, മൂസാക്ക് നാം നല്‍കിയ ഗ്രന്ഥത്തെ ഇസ്രാഈല്‍ സന്തതികള്‍ക്ക് സന്മാര്‍ഗമാക്കി വെക്കുകയും ചെയ്തിട്ടുണ്ട്, അവര്‍ ക്ഷമാലുക്കളും നമ്മുടെ സൂക്തങ്ങളില്‍ ദൃഢബോധ്യമുള്ളവരുമായിരുന്നപ്പോള്‍ അവരെ നമ്മുടെ കല്‍പന പ്രകാരം സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിന് വേണ്ടി അവരില്‍ നിന്നുള്ള നേതാക്കന്മാരെ നാം നിയോഗിക്കുകയും ചെയ്തിട്ടുണ്ട് എന്ന് 32: 23-24 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഭക്ഷണവും കൂലിയുമൊന്നും നല്‍കാതെ അടിമവേല ചെയ്യിപ്പിച്ചായിരുന്നു ഇസ്രാഈല്‍ സന്തതികളെക്കൊണ്ട് ഫിര്‍ഔനും അവന്‍റെ ജനതയും ഇത്തരം കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പിരമിഡുകളുമെല്ലാം നിര്‍മ്മിച്ചിരുന്നത്, ഇസ്രാഈല്‍ സന്തതികളുടെ വംശവര്‍ദ്ധനവ് കൂടാതിരിക്കാനും അവര്‍ അധികാരത്തില്‍ വരാതിരിക്കാനും വേണ്ടി അവരുടെ ആണ്‍സന്താനങ്ങളെ ഫിര്‍ഔനും അവന്‍റെ ജനതയും കൊന്നുകളയുകയും ചെയ്തിരുന്നു. അതാണ് ഫിര്‍ഔനും അവന്‍റെ ജനങ്ങളും ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്ന സകലതിനെയും അവര്‍ വികസിപ്പിച്ചുകൊണ്ടിരുന്നതിനെയും നാം തരിപ്പണമാക്കുകയും ചെയ്തു എന്ന് സൂക്തത്തില്‍ പറഞ്ഞതിന്‍റെ വിവക്ഷ. 

വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ തള്ളിപ്പറയുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമായ ഫുജ്ജാറുകളാണ് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. എന്നാല്‍ അവരുടെ സ്വഭാവവും പെരുമാറ്റവും 3: 72, 112; 5: 11, 41-42 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന മദീനയിലെ ജൂതരുടെയും കപടവിശ്വാസികളുടെയും സ്വഭാവത്തേക്കാള്‍ ദുഷിച്ചതാണ്. 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ച് അക്രമികളും തെമ്മാടികളുമായി മാറുകയും പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജൂത-ക്രൈസ്തവരുടെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരായി മാറുകയും ചെയ്തു. ഇന്ന് ഫുജ്ജാറുകളേക്കാള്‍ ലോകരില്‍ മാനുഷികമൂല്യമുള്ളത് ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങള്‍ക്കാണ്.1: 7; 2: 61-62; 4: 159; 5: 51; 38: 8 വിശദീകരണം നോക്കുക.