( അൽ അഅ്റാഫ് ) 7 : 140

قَالَ أَغَيْرَ اللَّهِ أَبْغِيكُمْ إِلَٰهًا وَهُوَ فَضَّلَكُمْ عَلَى الْعَالَمِينَ

അവന്‍ ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്കായി അല്ലാഹുവിനെയല്ലാതെ മറ്റൊരു ഇലാഹിനെ അന്വേഷിക്കുകയോ? അവന്‍ നിങ്ങളെ സര്‍വ്വലോകരുടെമേല്‍ ശ്രേഷ്ഠരാക്കിയിരിക്കെ.

മൂസായെയും ഇസ്റാഈല്‍ സന്തതികളെയും അല്ലാഹു കടല്‍ പിളര്‍ത്തി രക്ഷപ്പെടുത്തുകയും അവര്‍ മറുകരയില്‍ നോക്കി നില്‍ക്കെ ഫിര്‍ഔനിനെയും സംഘത്തെയും കടലില്‍ മുക്കിക്കൊല്ലുകയും ചെയ്തു. ശേഷം മുന്നോട്ടുപോന്ന അവര്‍ വിഗ്രഹാരാധന ചെയ്യുന്ന ഒരു ജനതയുടെ അടുത്തെത്തിയപ്പോള്‍ ആ വിഗ്രഹത്തെപോലുള്ള ഒരു ഇലാഹിനെയാണ് ആവശ്യപ്പെട്ടത്. ഈജിപ്തില്‍ വര്‍ഷങ്ങളായി വിഗ്രഹപൂജകളിലും പശുപൂജകളിലും ഏര്‍പ്പെട്ടിരുന്ന ആ ജനത ഏക ഇലാഹിനെക്കുറിച്ച് അറിവില്ലാത്തവരും പശു ആരാധന ഹൃദയത്തില്‍ ലയിച്ചവരുമായിരുന്നതാണ് അതിന് കാരണം. അതുകൊണ്ടാണ് തുടര്‍ന്നുള്ള സൂക്തങ്ങളില്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ എടുത്തുദ്ധരിക്കുന്നതും അവരുടെ ധിക്കാരമനോഭാവം തുറന്നുകാണിക്കുന്നതും. 

ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും 2: 79 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് കാക്കകാരണവന്മാരുടെ ആചാരാനുഷ്ഠാനങ്ങള്‍ അന്ധമായി പിന്‍പറ്റുന്ന കാഫിറുകളും അക്രമികളുമാണ്. 1: 4; 2: 255; 6: 14, 102-104 വിശദീകരണം നോക്കുക.