( അൽ അഅ്റാഫ് ) 7 : 144

قَالَ يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي فَخُذْ مَا آتَيْتُكَ وَكُنْ مِنَ الشَّاكِرِينَ

അവന്‍ പറഞ്ഞു: ഓ മൂസാ, നിശ്ചയം ഞാന്‍ നിന്നെ ജനങ്ങളുടെമേല്‍ എന്‍റെ സന്ദേശങ്ങള്‍ എത്തിക്കുന്നതിനും എന്‍റെ സംഭാഷണത്തിനും വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നു, അപ്പോള്‍ ഞാന്‍ നിനക്ക് നല്‍കിയിട്ടുള്ള ഒന്ന് നീ മുറുകെപ്പിടിക്കുക, നീ നന്ദി പ്രകടിപ്പിക്കുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്യുക.

4: 163-164 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥത്തിന്‍റെ ആത്മാവ് അദ്ദിക്ര്‍ തന്നെയാണ്. മൂസാക്ക് നല്‍കപ്പെട്ട ഗ്രന്ഥത്തിന്‍റെ ശരീരം തൗറാത്ത് എന്ന പേരില്‍ അറിയപ്പെടുന്നു. അത് അന്ന് മൊത്തം മനുഷ്യര്‍ക്കുള്ള നാഥന്‍റെ സംസാരവും സന്ദേശവുമായിരുന്നു. പ്രവാചകന് നല്‍കപ്പെട്ട അദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ടെന്നും അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് മനുഷ്യര്‍ക്ക് എന്തൊന്നാണോ നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടത്, അത് പ്രവാചകന്‍ വെളിപ്പെടുത്തുന്നതിനുവേണ്ടിയും അവര്‍ ആലോചിച്ച് മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയുമാണെന്നും 16: 44 ല്‍ പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയായ നാഥന്‍റെ സംസാരവും സന്ദേശവുമായ അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറായ ഒരു ജനതയെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല തന്നെ എന്ന് 5: 67 ല്‍ പറഞ്ഞിട്ടുണ്ട്. 2: 152, 253; 4: 150-151 വിശദീകരണം നോക്കുക.