( അൽ അഅ്റാഫ് ) 7 : 157

الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِنْدَهُمْ فِي التَّوْرَاةِ وَالْإِنْجِيلِ يَأْمُرُهُمْ بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنْكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ ۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنْزِلَ مَعَهُ ۙ أُولَٰئِكَ هُمُ الْمُفْلِحُونَ

തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടു കാണുന്ന നിരക്ഷരനായ നബിയും പ്രവാചകനുമായവനെ പിന്തുടരുന്നവരായവര്‍ക്ക്, അവന്‍ അവരോട് നന്മകള്‍ കൊണ്ട് കല്‍പ്പിക്കുകയും അവന്‍ അവരോട് നിഷിദ്ധങ്ങളെത്തൊട്ട് വിരോധിക്കുകയും ചെയ്യുന്നു, പരിശുദ്ധമായ വിഭവങ്ങളെ അവര്‍ക്ക് അനുവദിച്ചുകൊടുക്കുകയും മ്ലേച്ഛ വസ്തുക്കളെ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു, അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ അവരെത്തൊട്ട് ഇറക്കിവെക്കുകയും അവരുടെമേല്‍ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്യുന്നു, അപ്പോള്‍ ആരാണോ അവനെക്കൊണ്ട് വിശ്വസിക്കുകയും അവനെ ബലപ്പെടുത്തുകയും അവനെ സഹായിക്കുകയും അവനോടൊപ്പം അവതരിപ്പിക്കപ്പെട്ട പ്രകാശത്തെ പിന്‍പറ്റുകയും ചെയ്യുന്നവരായത്; അക്കൂട്ടര്‍, അവര്‍മാത്രമാകുന്നു വിജയം വരിക്കുന്നവര്‍.

നന്മ അദ്ദിക്റിന്‍റെ കല്‍പനകളും തിന്മ അദ്ദിക്റിന്‍റെ വിരോധങ്ങളുമാണ്. അപ്പോള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന പ്രവാചകന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നന്മയും തിന്മയും വേർതിരിച്ച് കാണിച്ചുതരുന്ന അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്ന പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചാണ്. 7: 54 പ്രകാരം സൃഷ്ടിപ്പും വിധിവിലക്കുകള്‍ നല്‍കലും സര്‍വ്വലോകങ്ങളുടെ ഉടമ തന്നെയാണ്. ത്രികാലജ്ഞാനിയായ അവന്‍ മാത്രമാണ് മനുഷ്യരുടെ പ്രകൃതിക്ക് ഗുണകരമായതും ദോഷകരമായതും അറിയുന്നവന്‍. അപ്പോള്‍ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ പരാമര്‍ശിച്ചിട്ടുള്ള പരിശുദ്ധമായതും മ്ലേച്ഛമായതും വേര്‍തിരിച്ച് കൊടുക്കുന്ന പ്രവാചകന്‍ എന്നാണ് 'പരിശുദ്ധമായ വിഭവങ്ങളെ അവര്‍ക്ക് അനുവദിച്ചുകൊടുക്കുകയും മ്ലേച്ഛവസ്തുക്കളെ അവര്‍ക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്നു' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എക്കാലത്തും അല്ലാഹുവിന്‍റെ കാരുണ്യത്തിന് വിധേയമാകണമെങ്കില്‍ കാരുണ്യമായ അദ്ദിക്റിന്‍റെ അടിസ്ഥാനത്തില്‍ വിശ്വാസം രൂപപ്പെടുത്തുകയും അതിന്‍റെ വിധിവിലക്കുകള്‍ പിന്‍പറ്റുകയും വേണം. അല്ലാഹുവിന്‍റെ കാരുണ്യത്തിന് വിധേയമാവുക പ്രകാശമായ അദ്ദിക്ര്‍ പിന്‍പറ്റുന്നവര്‍ മാത്രമാണ്. പ്രവാചകന്‍റെ ജീവിതം സാക്ഷിയും ഇമാമും കാരുണ്യവുമായ അദ്ദിക്ര്‍ ആയിരുന്നു. അത് വന്നുകിട്ടിയശേഷം സംഘങ്ങളില്‍ ആരാണെങ്കിലും ശരി, അതിനെ പിന്‍പറ്റാതിരുന്നാല്‍ അവനോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകമാണെന്നും, അതിന്‍റെ കാര്യത്തില്‍ നീ സംശയിക്കരുതെന്നും, നിശ്ചയം അത് നിന്‍റെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാണെന്നും പക്ഷേ ജനങ്ങളില്‍ അധികപേരും വിശ്വസിക്കുകയില്ലെന്നും 11: 17 ല്‍ പറഞ്ഞിട്ടുണ്ട്.

അവരെ ഞെരിച്ചിരുന്ന ഭാരങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് ഗ്രന്ഥത്തിന് വിരുദ്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാമൂലുകളും മൂലമുള്ള ജീവിതക്ലേശങ്ങളാണ്. വരിഞ്ഞുമുറുക്കിയ ചങ്ങലകള്‍ കൊണ്ടുദ്ദേശിക്കുന്നത് ശാന്തിയും സമാധാനമില്ലായ്മയുമാണ്. അഥവാ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന കാട്ടുനീതിയായിരുന്നു നടപ്പിലുണ്ടായിരുന്നത്. അടിയും പിടിയും മര്‍ദ്ദനങ്ങളും രക്തച്ചൊരിച്ചിലും സാര്‍വ്വത്രികമായിരുന്നു. അപ്പോള്‍ സമാധാനത്തോടുകൂടി പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. 36: 8-9 സൂക്തങ്ങളില്‍, ഈ അവസ്ഥ മറ്റൊരു രൂപത്തില്‍ വിവരിച്ചിട്ടുണ്ട്; നിശ്ചയം നാം അവരുടെ പിരടിയില്‍ ഒരു ചങ്ങലയിട്ടിരിക്കുന്നു, അത് താടിയെല്ലുവരെ നീണ്ടുകിടക്കുകയും ചെയ്യുന്നു, അതുകൊണ്ട് അവര്‍ക്ക് കഴുത്ത് അങ്ങോട്ടുമിങ്ങോട്ടും തിരിക്കാന്‍ സാധിക്കുന്നില്ല, അവരുടെ മുന്നിലും പിന്നിലും ഒരു മതില്‍കെട്ടുണ്ട്, അത് അവരെ മൂടപ്പെടുകയും ചെയ്തിരിക്കുന്നു, അപ്പോള്‍ അവര്‍ ഒന്നും തന്നെ കാണാന്‍ കഴിയാത്തവരാണ്. 36: 10 ല്‍, അവരുടെ കാര്യത്തില്‍ നീ മുന്നറിയിപ്പ് നല്‍കുന്നതും നല്‍കാതിരിക്കുന്നതും സമമാണ്, അവര്‍ വിശ്വസിക്കുകയില്ല എന്നും; 36: 11 ല്‍, നിശ്ചയം അദ്ദിക്ര്‍ പിന്‍പറ്റുകയും നിഷ്പക്ഷവാനെ അദ്ദിക്റില്‍ നിന്ന് കണ്ടുകൊണ്ട് ചരിക്കുകയും ചെയ്യുന്നവനെ മാത്രമാണ് നീ ഉണര്‍ത്തുക, അപ്പോള്‍ അവന് പാപമോചനവും മാന്യമായ പ്രതിഫലവുമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുക എന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്റാകുന്ന പ്രകാശവും കൊണ്ട് പ്രവാചകന്‍ മുഹമ്മദ് വന്ന് അവരുടെ അഹങ്കാരവും ധിക്കാരവും അന്ധകാരങ്ങളുമെല്ലാം കരിച്ചുകളഞ്ഞ് അവരെ ഒരു ഉത്തമസമുദായമാക്കി മാറ്റുകയുണ്ടായി. 

പ്രവാചകന്‍റെ വിടവാങ്ങല്‍ ഹജ്ജോടെ പൂര്‍ണ്ണമാക്കിയ ഇസ്ലാം ക്രമേണ പിരിയുടഞ്ഞ് തുടങ്ങി. ഇന്ന് പ്രവാചകന്‍റെ ജനതയില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഗ്രന്ഥത്തിന് വിരുദ്ധമായ വിവിധ ആചാരാനുഷ്ഠാനങ്ങള്‍ വഴി ജനങ്ങളില്‍ ജീവിതഭാരം കയറ്റിവെക്കുന്നത്. ബന്ദ്, ഹർത്താല്‍, ബോംബ് സ്ഫോടനം, രക്തച്ചൊരിച്ചില്‍, മയക്കുമരുന്ന് കച്ചവടം, സ്ത്രീധനം, ആഭരണഭ്രമം, വര്‍ഗീയത, സംഘടനാപക്ഷപാതം തുടങ്ങി പൈശാചികമായ പ്രവര്‍ത്തനങ്ങളിലെല്ലാം മുഴുകി മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നതും ലോകത്തിന്‍റെ അന്ത്യത്തിനുവേണ്ടി ധൃതിപ്പെട്ടിരിക്കുന്നതുമെല്ലാം ഇവര്‍ തന്നെയാണ്. 2: 5; 4: 174-175; 5: 15-16, 54; 22: 77-78 വിശദീകരണം നോക്കുക.