( അൽ അഅ്റാഫ് ) 7 : 161

وَإِذْ قِيلَ لَهُمُ اسْكُنُوا هَٰذِهِ الْقَرْيَةَ وَكُلُوا مِنْهَا حَيْثُ شِئْتُمْ وَقُولُوا حِطَّةٌ وَادْخُلُوا الْبَابَ سُجَّدًا نَغْفِرْ لَكُمْ خَطِيئَاتِكُمْ ۚ سَنَزِيدُ الْمُحْسِنِينَ

അവരോട് പറയപ്പെട്ടതും ഓര്‍ക്കേണ്ടതാണ്: നിങ്ങള്‍ ഈ നാട്ടില്‍ താമസിക്കു കയും അതില്‍നിന്ന് നിങ്ങള്‍ ഉദ്ദേശിക്കുംവിധം ഭക്ഷിച്ചുകൊള്ളുകയും ചെ യ്യുക, നിങ്ങള്‍ 'ഹിത്ത്വതുന്‍' എന്ന് പറയുകയും പ്രണാമത്തിലായിക്കൊണ്ട് അതിന്‍റെ കവാടങ്ങളിലൂടെ പ്രവേശിക്കുകയും ചെയ്യുവീന്‍, നാം നിങ്ങളുടെ തെറ്റുകളെല്ലാം നിങ്ങള്‍ക്ക് പൊറുത്തുതരികയും അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്ന സുകൃതവാന്‍മാര്‍ക്ക് സുകൃതം ചെയ്യാന്‍ അവസരം വര്‍ദ്ധിപ്പിച്ചു നല്‍കുകയും ചെയ്യുന്നതാണ്.

2: 58-59 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മൂസായുടെ ജനതയോട് വാഗ്ദത്തം ചെയ്യപ്പെട്ട ഭൂമിയായ ഫലസ്തീനിലേക്ക് പ്രവേശിക്കാന്‍ പറയുന്ന സന്ദര്‍ഭമാണ് ഈ സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. നാഥന്‍റെ ഏകത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള വാക്കുകളോടുകൂടിയും അതിലെ നിവാസികള്‍ക്ക് സമാധാനം നേര്‍ന്നുകൊണ്ടും വിനീതരായിക്കൊണ്ടും പ്രവേശിക്കുക എന്നാണ് 'ഹിത്വത്തുന്‍ എന്ന് പറഞ്ഞുകൊണ്ടും പ്രണാമത്തിലായിക്കൊണ്ടും പ്രവേശിക്കുക' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 

ഇന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അറബി ഖുര്‍ആന്‍ വായിക്കുന്ന, നാഥനെ വിസ്മരിച്ച് ജീവിക്കുന്ന ഫുജ്ജാറുകള്‍ 56: 82 ല്‍ വിവരിച്ച പ്രകാരം അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരായതിനാല്‍ അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസികള്‍ കൂടുതല്‍ സുകൃതം ചെയ്യാനുള്ള അവസരം അല്ലാഹുവിനോട് ആവശ്യപ്പെടുന്നതും അതിന് അവന്‍ അവര്‍ക്ക് അവസരം ഒരുക്കിക്കൊടുക്കുന്നതുമാണ്. 2: 25; 10: 26; 12: 22 വിശദീകരണം നോക്കുക.