( അൽ അഅ്റാഫ് ) 7 : 170

وَالَّذِينَ يُمَسِّكُونَ بِالْكِتَابِ وَأَقَامُوا الصَّلَاةَ إِنَّا لَا نُضِيعُ أَجْرَ الْمُصْلِحِينَ

ഗ്രന്ഥത്തെ മുറുകെപ്പിടിക്കുന്നവരായവരും നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുന്നവരാരോ, നിശ്ചയം അത്തരം സുകൃതവാന്‍മാരുടെ പ്രതിഫലം ഒരിക്കലും നാം പാഴാക്കികളയുകയില്ല.

അദ്ദിക്ര്‍ മുറുകെപ്പിടിക്കുകയും 20: 14 ല്‍ പറഞ്ഞ പ്രകാരം ദിക്രീ നിലനിര്‍ത്തുന്നതി നുവേണ്ടി നമസ്കാരം (പ്രാര്‍ത്ഥന) നിലനിര്‍ത്തുകയും ചെയ്യുന്ന സജ്ജനങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള പ്രതിഫലം അല്ലാഹു ഒരിക്കലും പാഴാക്കിക്കളയുകയില്ല എന്നാണ് സൂക്തം പറയുന്നത്. ദിക്രീ എന്നത് അദ്ദിക്റിന്‍റെ നാല്‍പത് പേരുകളില്‍ ഒന്നാണ്. 29: 45 ല്‍, ഗ്രന്ഥത്തില്‍ നിന്ന് നിനക്ക് ദിവ്യസന്ദേശമായി നല്‍കപ്പെട്ടിട്ടുള്ളത് എത്തിച്ചുകൊടുക്കുകയും നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുക, നിശ്ചയം നമസ്കാരം നീചവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങളെത്തൊട്ട് തടയുക തന്നെ ചെയ്യുന്നതാണ്, സര്‍വ്വപ്രധാനം അല്ലാഹുവിന്‍റെ സ്മരണയുണ്ടാക്കുന്ന അദ്ദിക്ര്‍ തന്നെയാണ്, നിങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു അറിയുന്നവനാകുന്നു എന്നും; 35: 29 ല്‍, നിശ്ചയം അല്ലാഹുവിന്‍റെ ഗ്രന്ഥം എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അവര്‍ നഷ്ടപ്പെടാത്ത ഒരു കച്ചവടമാണ് പ്രതീക്ഷിക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. മുകളില്‍ പറഞ്ഞ മൂന്ന് സൂക്തങ്ങളിലും ആദ്യം അദ്ദിക്ര്‍ ലോകര്‍ക്ക് എത്തി ച്ചുകൊടുക്കാനും അതിനുശേഷം മാത്രമാണ് നമസ്കാരത്തിനും കല്‍പിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദിക്റിനെ സത്യപ്പെടുത്താത്തത് കാരണം ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് മാത്രം നമസ്ക്കരിക്കുന്ന ഫുജ്ജാറുകളെക്കുറിച്ച് 'അപ്പോള്‍ അവന്‍ സത്യപ്പെടുത്തിയില്ല, അവന്‍ നമസ്കരിച്ചിട്ടുമില്ല. എന്നാല്‍ അവന്‍ കളവാക്കി തള്ളിപ്പറഞ്ഞ് പിന്തിരിഞ്ഞ് പോവുകയാണുണ്ടായത്' എന്ന് 75: 31-32 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാരീതിയും ജീവിത രീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 4: 103; 107: 4-5 വിശദീകരണം നോക്കുക.