( അൽ അഅ്റാഫ് ) 7 : 178

مَنْ يَهْدِ اللَّهُ فَهُوَ الْمُهْتَدِي ۖ وَمَنْ يُضْلِلْ فَأُولَٰئِكَ هُمُ الْخَاسِرُونَ

ആരെയാണോ അല്ലാഹു സന്‍മാര്‍ഗത്തിലാക്കിയത്, അപ്പോള്‍ അവന്‍ സന്‍ മാര്‍ഗസ്ഥനായി, ആരാണോ അവനെ വഴികേടിലാക്കിയത്, അപ്പോള്‍ അക്കൂട്ടര്‍ തന്നെയാകുന്നു എല്ലാം നഷ്ടപ്പെട്ടവര്‍.

സന്മാര്‍ഗവും ദുര്‍മാര്‍ഗവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടുകൂടിയാണ് മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യനെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് പരീക്ഷിക്കാന്‍ വേണ്ടിയാണ് എന്ന് 67: 2; 76: 2 എന്നീ സൂക്തങ്ങളിലും; സ്വര്‍ഗം അല്ലെങ്കില്‍ നരകം സമ്പാദിക്കുന്നത് അവരവര്‍ തന്നെയാണ് എന്ന് യഥാക്രമം 3: 136, 182 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അക്രമികളായവര്‍ യഥാര്‍ത്ഥ അറിവായ അദ്ദിക്ര്‍ ഇല്ലാതെ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുകയാണ്, അപ്പോള്‍ അല്ലാഹു വഴിതെറ്റാന്‍ അനുവദിച്ചവനെ ആരാണ് സന്മാര്‍ഗത്തിലാക്കുന്നത്? അവര്‍ക്ക് സഹായികളില്‍ നിന്ന് ആരും തന്നെ ഉണ്ടായിരിക്കുകയില്ല എന്ന് 30: 29 ലും; ആരെയാണോ അല്ലാഹു വഴികേടിലാകാന്‍ അനുവദിച്ചത്, അപ്പോള്‍ അവന് സന്മാര്‍ഗം നല്‍കുന്നവര്‍ ആരുമില്ല, ആര്‍ക്കാണോ അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയത്, അവനെ വഴികേടിലാക്കുന്നവരും ആരുമില്ല എന്ന് 39: 36-37 സൂക്തങ്ങളിലും; ആരെയാണോ അല്ലാഹു വഴികേടിലാകാന്‍ അനുവദിച്ചത്, അപ്പോള്‍ അവനെ സന്മാര്‍ഗത്തിലാക്കുന്ന ഒരാളുമില്ല തന്നെ എന്ന് 13: 33 ലും 40: 33 ലും പറഞ്ഞിട്ടുണ്ട്. ഇത്തരം സൂക്തങ്ങള്‍ അല്ലാഹു ഉദ്ദേശിച്ച ആശയത്തിന് വിരുദ്ധമായി വ്യാഖ്യാനിച്ചുകൊണ്ട് നന്മയും തിന്മയുമെല്ലാം അല്ലാഹുവില്‍ നിന്നാണ്, സന്മാര്‍ഗ്ഗത്തിലാക്കുന്നതും വഴികേടിലാക്കുന്നതുമെല്ലാം അല്ലാഹുവാണ്, നമുക്കതില്‍ യാതൊരു പങ്കുമില്ല എന്നാണ് ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികള്‍ പ്രജ്ഞയറ്റ അവരുടെ അനുയായികളെ പഠിപ്പിക്കുന്നത്. അവനില്‍ നിന്നുള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ഓരോരുത്തരും അവരവരെ സന്മാര്‍ഗത്തിലാക്കേണ്ടതുണ്ട് എന്ന ബോധമില്ലാത്തവരാണ് അവര്‍. എല്ലാവരെയും സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ അദ്ദിക്ര്‍ പഠിപ്പിച്ച അല്ലാഹു നിഷ്പക്ഷവാനാണ് എന്ന് 55: 1-4 സൂക്തങ്ങളില്‍ പറഞ്ഞതും; തന്‍റെ അടിമകളില്‍ താന്‍ ഉദ്ദേശിക്കുന്നവരെ സന്മാര്‍ഗമായ അദ്ദിക്ര്‍ കൊണ്ട് സന്മാര്‍ഗത്തിലേക്കാക്കുന്നു എന്ന് 6: 88; 39: 23; 42: 52 എന്നീ സൂക്തങ്ങളില്‍ പറഞ്ഞതും; നിശ്ചയം അല്ലാഹു അവനിലേക്ക് തിരിഞ്ഞവരെ സന്മാര്‍ഗത്തിലേക്കാക്കുന്നു എന്ന് 13: 27 ല്‍ പറഞ്ഞതും മൂടിവെക്കുന്നവരാണ് അവര്‍. നീ അവരുടെ സന്മാര്‍ഗത്തിന് വേണ്ടി എത്ര തന്നെ പരിശ്രമിച്ചാലും ശരി, ആരാണോ 'അവരെ സ്വയം' വഴിപിഴപ്പിച്ചത്, അവരെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല തന്നെ, അവര്‍ക്ക് സഹായികളായി ആരും തന്നെ ഉണ്ടാവുകയുമില്ല എന്ന് 16: 37 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ മുറുകെപ്പിടിച്ചാല്‍ അപ്പോള്‍ അവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101; 22: 78 എന്നീ സൂക്തങ്ങളിലും; തെളിവും പ്രകാശവുമായ അദ്ദിക്റിനെ മുറുകെപ്പിടിച്ചവര്‍ അല്ലാഹുവില്‍ നിന്നുള്ള കാരുണ്യത്തിലും ഔദാര്യത്തിലുമാണെന്നും അവര്‍ ഏറ്റവും ചൊവ്വായ പാതയിലായിക്കഴിഞ്ഞു എന്നും 4: 175 ലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യവും അതുല്യവുമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥം രൂപപ്പെട്ട ഇക്കാലത്ത് അതിനെ മുറുകെപ്പിടിച്ചവര്‍ (അത് മനസ്സിലാക്കി അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയവര്‍) അല്ലാഹുവിനെ മുറുകെപ്പിടിച്ചവരും നേരെച്ചൊവ്വെയുള്ള പാതയിലായവരുമാണ്. അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ അക്രമികളും വഴികേടിലായവരുമാണ്. നന്മ അല്ലാഹുവില്‍ നിന്നും തിന്മ നിന്നില്‍ നിന്നുമാണ് എന്ന് 4: 79 ല്‍ പറഞ്ഞിട്ടുണ്ട്. 2: 121; 3: 160, 185; 6: 104 വിശദീകരണം നോക്കുക.