يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ۖ قُلْ إِنَّمَا عِلْمُهَا عِنْدَ رَبِّي ۖ لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَ ۚ ثَقُلَتْ فِي السَّمَاوَاتِ وَالْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً ۗ يَسْأَلُونَكَ كَأَنَّكَ حَفِيٌّ عَنْهَا ۖ قُلْ إِنَّمَا عِلْمُهَا عِنْدَ اللَّهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
ആ അന്ത്യമണിക്കൂറിനെത്തൊട്ട് എപ്പോള്‍-എന്നാണത് അയക്കപ്പെടുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നുവല്ലോ? നീ പറയുക: നിശ്ചയം അതിനെക്കുറിച്ചുള്ള അറിവ് എന്‍റെ നാഥന്‍റെ പക്കല്‍ മാത്രമാകുന്നു, അതിന്‍റെ സമയം അവനൊഴികെ മറ്റാര്‍ക്കും വെളിപ്പെടുത്തുകയില്ല, ആകാശങ്ങളിലും ഭൂമിയിലും അത് വളരെ കനത്തതായിരിക്കും, പെട്ടെന്നല്ലാതെ അത് നിങ്ങളില്‍ വന്നെത്തുകയില്ല, നീയാണ് അതിന്‍റെ സൂക്ഷിപ്പുകാരനെന്ന മട്ടിലാണല്ലോ നിന്നോടവര്‍ അതിനെക്കുറിച്ച് ചോദിക്കുന്നത്, നീ പറയുക: നിശ്ചയം അതിനെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാകുന്നു, പക്ഷേ ജനങ്ങളില്‍ അധികപേരും അറിവില്ലാത്തവര്‍ തന്നെയുമാകുന്നു.
33: 63 ല്‍, ജനങ്ങള്‍ അന്ത്യമണിക്കൂറിനെക്കുറിച്ച് നിന്നോട് ചോദിക്കുന്നുവല്ലോ? നീ പറയുക: നിശ്ചയം അതിനെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാകുന്നു; നിനക്കെന്തറിയാം, ആ മണിക്കൂര്‍ അടുത്തുതന്നെ സംഭവിച്ചെന്നും വന്നേക്കാം എന്ന് പറഞ്ഞിട്ടുണ്ട്. 54: 49-50 സൂക്തങ്ങളില്‍, നിശ്ചയം എല്ലാ വസ്തുക്കളെയും നാം അവധിയോടും കണക്കോടും കൂടിയാണ് സൃഷ്ടിച്ചിട്ടുള്ളത്, നമ്മുടെ കല്‍പന നടപ്പിലാകാന്‍ കണ്ണ് ഇമ വെട്ടുന്ന സമയമല്ലാതെ വേണ്ടതുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 41: 47 ല്‍, അന്ത്യമണിക്കൂറിനെക്കുറിച്ചുള്ള അറിവ് അവനിലേക്ക് മടക്കപ്പെടുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 36: 49-50 സൂക്തങ്ങളില്‍ പറയുന്നു: ആ മണിക്കൂറിനെ നിങ്ങള്‍ ഒരു ഘോരഗര്‍ജ്ജനമായിട്ടല്ലാതെ കാണുകയില്ല, നിങ്ങള്‍ പരസ്പരം തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും അത് സംഭവിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് വസ്വിയ്യത്ത് ചെയ്യാനോ സ്വന്തം കുടുംബാംഗങ്ങളിലേക്ക് തിരിച്ചുപോകാനോ സമയം ലഭിക്കുകയില്ല. അതായത് ആകാശഭൂമികളില്‍ അത് കനത്തതായിരിക്കും. 22: 1-2 സൂക്തങ്ങളില്‍, ഓ മനുഷ്യരേ! നിങ്ങള്‍ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക, നിശ്ചയം ആ അന്ത്യമണിക്കൂറിന്‍റെ പ്രകമ്പനം വമ്പിച്ചത് തന്നെയാകുന്നു, ആ മണിക്കൂര്‍ നടപ്പിലാകുമ്പോള്‍ മുലയൂട്ടുന്ന മാതാവ് കുഞ്ഞിനെ വലിച്ചെറിയുന്നത് നിനക്ക് കാണാം, ഗര്‍ഭിണികള്‍ സമയത്തിന് മുമ്പുതന്നെ പ്രസവിക്കുന്നതാണ്, ജനങ്ങളെ നീ ലഹരി ബാധിച്ചവരായി കാണുന്നതാണ് -എന്നാല്‍ അവര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ല, പക്ഷേ അല്ലാഹുവിന്‍റെ ശിക്ഷ അതികഠിനമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 76: 27 ല്‍, നിശ്ചയം ഇക്കൂട്ടര്‍ അവരുടെ പിന്നാലെയുള്ള ഭാരം കൂടിയ ഒരു ദിനത്തെ വെടിഞ്ഞുകൊണ്ട് ഐഹികലോകത്തിനുവേണ്ടി ധൃതി കൂട്ടുന്നവരാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്.
2: 255 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അന്ത്യമണിക്കൂറിനെക്കുറിച്ചും ആദ്യമേ തീരുമാനിച്ച് അവന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 84: 1-5 സൂക്തങ്ങളില്‍, ആകാശം പൊട്ടിപ്പിളരുമ്പോള്‍, അങ്ങനെ സംഭവിക്കാന്‍ അതിന്‍റെ നാഥന്‍ അതിന് സമ്മതം കൊടുക്കുമ്പോള്‍, ഭൂമി അതിലുള്ളതെല്ലാം പുറന്തള്ളി കാലിയാവുകയും അത് നീട്ടിപ്പരത്തപ്പെടുകയും ചെയ്യുമ്പോള്‍, അങ്ങനെ സംഭവിക്കാന്‍ അതിന്‍റെ നാഥന്‍ അതിന് സമ്മതം നല്‍കുകയും ചെയ്യുമ്പോള്‍ എന്ന് പറഞ്ഞതില്‍ നിന്ന് അന്ത്യമണിക്കൂറിന്‍റെ സമയം നിജപ്പെടുത്തിവെച്ചിട്ടുള്ള നാഥന്‍ സമയമാകുമ്പോള്‍ അത് നടപ്പിലാക്കുന്നതാണ് എന്ന് മനസ്സിലാക്കാം. ഏതൊരാളും അറിവില്ലാത്ത ഏതൊരു കാര്യവും അദ്ദിക്റിന്‍റെ രചയിതാവിനോട് ചോദിക്കാനാണ് 16: 43 ലും 21: 7 ലും കല്‍പിച്ചിട്ടുള്ളത്. വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്ന അവസാനത്തെ സാബിഖായ അവന്‍ സ്വര്‍ഗത്തിലേക്ക് പോയതിനുശേഷം മാത്രമാണ് 6: 158 ല്‍ വിവരിച്ച അന്ത്യമണിക്കൂറിന്‍റെ പ്രധാനപ്പെട്ട അടയാളങ്ങളില്‍ ആദ്യത്തേത് പ്രത്യക്ഷപ്പെടുക. 4: 158-159; 6: 59, 123-124; 7: 127, 137 വിശദീകരണം നോക്കുക.