وَإِمَّا يَنْزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ ۚ إِنَّهُ سَمِيعٌ عَلِيمٌ
പിശാചില്‍നിന്നുള്ള ഒരു പ്രേരണ നിന്നെ ബാധിക്കുന്നുവെങ്കില്‍, അപ്പോള്‍ നീ അല്ലാഹുവിനെക്കൊണ്ട് അഭയം തേടുക, നിശ്ചയം അവന്‍ എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനിയാകുന്നു.
23: 96 ല്‍, നീ ഏറ്റവും നല്ലതുകൊണ്ട് തിന്മയെ തടയുക എന്നും; 23: 97-98 സൂക്തങ്ങളില്‍ എന്‍റെ നാഥാ, പിശാചുക്കളുടെ പ്രലോഭനങ്ങളെത്തൊട്ട് ഞാന്‍ നിന്നില്‍ അഭയം തേടുന്നു; എന്‍റെ നാഥാ, ആ പിശാചുക്കള്‍ എന്നെ സമീപിക്കുന്നതിനെത്തൊട്ടും ഞാന്‍ നിന്നില്‍ അഭയം തേടുന്നു എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കാനും കല്‍പിച്ചിട്ടുണ്ട്. 25: 63 ല്‍, നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന ദാസന്മാര്‍ ഭൂമിയിലൂടെ വിനീതരായി നടന്നുപോകുമ്പോള്‍ അവിവേകികളായ മൂഢന്മാര്‍ അവരോട് തര്‍ക്കിച്ചുകൊണ്ട് സംസാരിക്കാന്‍ വന്നാല്‍ 'നിനക്ക് നിന്‍റെ പാട്ടിന് പോകാം' എന്ന ധ്വനിയില്‍ അവര്‍ സലാം പറഞ്ഞ് പിരിയുന്നവരുമാണ് എന്നും; 41: 34 ല്‍, നന്മയും തിന്മയും സമമാവുകയില്ല, നീ ഏറ്റവും നല്ലതുകൊണ്ട് തിന്മയെ തടയുക, അപ്പോള്‍ നിനക്കും ആര്‍ക്കുമിടയിലാണോ ശത്രുതയുള്ളത്, അവര്‍ ആത്മമിത്രമായി വരുന്നതാണ് എന്നും; 41: 35 ല്‍, എന്നാല്‍ ഈ സ്വഭാവം ഐഹികലോകത്തേക്കാള്‍ പരലോകത്തിന് പ്രാധാന്യം കൊടുക്കുന്ന ക്ഷമാലുക്കള്‍ക്കും വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന മഹാഭാഗ്യവാന്മാര്‍ക്കുമല്ലാതെ ലഭിക്കുകയില്ല എന്നും; 41: 36 ല്‍, നിന്നെ പിശാചില്‍ നിന്നുള്ള ഒരു പ്രേരണ ബാധിച്ചാല്‍ അല്ലാഹുവിനെക്കൊണ്ട് ശരണം തേടുക, നിശ്ചയം അവന്‍ മാത്രമാണ് എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനി എന്നും പറഞ്ഞിട്ടുണ്ട്. ഇവിടെ ഏറ്റവും നല്ലതുകൊണ്ട് തിന്മയെ തടയുക എന്ന് പറഞ്ഞത് അദ്ദിക്ര്‍ കൊണ്ട് തടയുക എന്നാണ്. ഏറ്റവും നല്ലതിനെ (ഹുസ്നായെ) സത്യപ്പെടുത്തിയവന് അവന്‍റെ എല്ലാ കാര്യങ്ങളും എളുപ്പമാക്കിക്കൊടുക്കുമെന്ന് 92: 6 ല്‍ പറഞ്ഞതിലെ 'ഏറ്റവും നല്ലത്' അദ്ദിക്ര്‍ തന്നെയാണ്.
25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 10: 100 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ സമ്മതപത്രമായ അത് കൂടാതെ ഒരാളും വിശ്വാസിയാവുകയില്ല. 9: 73 ല്‍ വിവരിച്ച പ്രകാരം പ്രവാചകനും അതുവഴി വിശ്വാസികളും അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളോടും അതിനെ തള്ളിപ്പറയുന്ന കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനും, നരകക്കുണ്ഠത്തിലേക്ക് പോകാനുള്ള അവരോട് കോപം പുലര്‍ത്താനും കല്‍പിക്കപ്പെട്ടിട്ടുണ്ട്. അജയ്യഗ്രന്ഥമായ അദ്ദിക്റിനാല്‍ പഠിപ്പിക്കപ്പെടുന്നതുപോലെയും മറ്റുള്ളവരെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതുപോലെയും നാഥന്‍റെ പ്രൗഢരായ പ്രതിനിധികളായി നിലകൊള്ളണമെന്നാണ് 3: 79 ല്‍ കല്‍പിച്ചിട്ടുള്ളത്. 3: 102, 159; 4: 63-64; 5: 50-51 വിശദീകരണം നോക്കുക.