وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا لَعَلَّكُمْ تُرْحَمُونَ
ഖുര്‍ആന്‍ വായിക്കപ്പെട്ടാല്‍, അപ്പോള്‍ നിങ്ങള്‍ അത് ശ്രദ്ധിച്ചുകേള്‍ക്കുകയും നിങ്ങള്‍ മൗനം ദീക്ഷിക്കുകയും ചെയ്യുവീന്‍-നിങ്ങള്‍ അനുഗ്രഹിക്കപ്പെ ടുകതന്നെ വേണമെന്നതിന് വേണ്ടി.
ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളത് എന്നാണ്. 4: 163-165 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാര്ക്കും അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള അദ്ദിക്ര്‍ തന്നെയാണ്. അദ്ദിക്ര്‍ വ്യക്തമായ ഒരു വായനയാണെന്ന് 36: 69 ല്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചനാഥനായ അല്ലാഹു അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചു: നിങ്ങള്‍ ഗ്രന്ഥം വായിക്കുക, നിങ്ങളുടെ ഹൃദയം വായനയുമായി ഇണങ്ങുമ്പോള്‍; നിങ്ങളുടെ വായനയും ഹൃദയവും തമ്മില്‍ ഭിന്നിച്ചാല്‍ നിങ്ങള്‍ വായന നിര്‍ത്തി എഴുന്നേറ്റ് പോവുക. ആത്മാവ് പങ്കെടുക്കാതെ ഗ്രന്ഥം വായിക്കുകയോ കേള്‍ക്കുകയോ ചെയ്താല്‍ അവര്‍ കേട്ട, കണ്ട, വായിച്ച സൂക്തങ്ങളും അവരുടെ തൊലികളും കേള്‍വികളുമെല്ലാം 17: 36; 41: 19-24 തുടങ്ങിയ സൂക്തങ്ങള്‍ പ്രകാരം വിധിദിവസം അവര്‍ക്കെതിരായി സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 4: 43 ല്‍ വിവരിച്ച പ്രകാരം ആശയമില്ലാതെ ഗ്രന്ഥം വായിച്ചാല്‍ അവന് വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വിധം ദീനില്‍ നിന്ന് തെറിച്ചുപോകുന്നതാണ്. അതുകൊണ്ട് എപ്പോഴാണോ ഒരാള്‍ ഗ്രന്ഥം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നത്, അവന് അതിന് അനുയോജ്യമായ രീതിയില്‍ ആത്മാവുകൊണ്ട് പ്രതികരിക്കേണ്ടതാണ്. ഈ സ്വഭാവം ലഭിക്കാന്‍ സൂക്തങ്ങളുടെ ആശയം അറിയല്‍ നിര്‍ബന്ധമാണ്, അല്ലാതെ ജീവനായ അര്‍ത്ഥം അറിഞ്ഞതുകൊണ്ട് പ്രയോജനമില്ല. 2: 2-5; 4: 150-151; 6: 36; 7: 26 വിശദീകരണം നോക്കുക.